Skip to main content

ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി: പുഴ സംരക്ഷണ യജ്ഞം ഉദ്ഘാടനം ചെയ്തു

 

ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി മംഗലം പുഴയുടെ അതിര്‍ത്തികള്‍ വീണ്ടെടുത്ത് സ്വാഭാവികമായ ഒഴുക്ക് സാധ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെ. ശാന്തകുമാരി പറഞ്ഞു. ഹരിതകേരളം മിഷന്‍ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായുള്ള പുഴ സംരക്ഷണ യജ്ഞം മംഗലം പുഴയോരത്ത് മുള നട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പുഴ സംരക്ഷണത്തോടൊപ്പം ജലസമ്പത്തും പ്രകൃതിസമ്പത്തും നിലനിര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആലത്തൂര്‍ ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിലൂടെ ഒഴുകുന്ന മംഗലംപുഴയുടെയും ഗായത്രി പുഴയുടെയും തീരങ്ങളില്‍ മുളയും രാമച്ചവും നട്ടാണ് ഇത് സാധ്യമാക്കുന്നത്. ഇതിനായി കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങളുടെ സഹകരണവും ഉറപ്പാക്കും. മംഗലം പുഴയുടെ തീരത്ത് മനോഹരമായ ജൈവവൈവിധ്യ ഉദ്യാനം ഒരുക്കും. പുഴ സംരക്ഷണത്തിന്‍റെ ഭാഗമായി ഇരുകരകളിലുമായി എട്ടുകിലോമീറ്റര്‍ വീണ്ടെടുക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണ തേടുമെന്നും പദ്ധതിക്കായി ജില്ലാപഞ്ചായത്ത് ഫണ്ട് നല്‍കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.കെ.ശാന്തകുമാരി പറഞ്ഞു. 
ശാസ്ത്രീയമായ രീതിയില്‍ പുഴ സംരക്ഷണം പ്രാവര്‍ത്തികമാക്കി തെളിനീരൊഴുകുന്ന ഭാരതപ്പുഴ യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യം. മലകളെയും പുഴകളെയും സംരക്ഷിക്കണമെന്നും കുളങ്ങള്‍ നെല്‍പ്പാടങ്ങള്‍ എന്നിവ മണ്ണിട്ടുനികത്തില്ലെന്ന് തീരുമാനിക്കണമെന്നും ഹരിതകേരളം മിഷന്‍ സ്റ്റേറ്റ് റിസോഴ്സ് പേഴ്സണ്‍ ഡോ.കെ.വാസുദേവന്‍ പിള്ള പറഞ്ഞു. ഡിസംബര്‍ 15നകം ആലത്തൂര്‍ ബ്ലോക്കിലെ മുഴുവന്‍ പഞ്ചായത്തിലെയും തിരഞ്ഞെടുത്ത പുഴയോരങ്ങളില്‍ തൈകള്‍ നടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
പരിപാടിയില്‍ വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അനിത പോള്‍സണ്‍ അധ്യക്ഷയായി. ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വൈ.കല്യാണ കൃഷ്ണന്‍, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വനജ രാധാകൃഷ്ണന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രമ ജയന്‍, കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്‍റ് റെജിമോന്‍, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എം.വി അപ്പുണ്ണി നായര്‍, പഞ്ചായത്ത് അംഗങ്ങളായ കെ. വിശ്വനാഥന്‍, സി. പ്രസാദ്, പാളയം പ്രദീപ്, കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.

date