Skip to main content

വനിതാ മതില്‍;  പെണ്‍കരുത്തിന്റെ വേദിയാകും  

കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുതെന്ന ആഹ്വാനവുമായി നവോത്ഥാന മൂല്യസംരക്ഷണവും സ്ത്രീ സംവരണം ഉറപ്പാക്കി ജനവരി ഒന്നിന് കൈകോര്‍ക്കുന്ന വനിതാ മതില്‍ ലോകചരിത്രത്തില്‍ പെണ്‍കരുത്തിന്റെ ഇടമൊരുക്കുന്ന വേദിയാകും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നീളുന്ന വനിതാ മതിലിനായി ഉറച്ച നിലപാടുമായി മുന്നോട്ടു പോകുമെന്നും ഇതിനകം തന്നെ നിരവധി വ്യക്തികള്‍ പൂര്‍ണ പിന്തുണ നല്‍കികഴിഞ്ഞതായും സംസ്ഥാന സംഘാടക സമിതി ചെയര്‍മാന്‍ വൈസ് ബി രാഘവന്‍ അറിയിച്ചു. തിരുവനന്തപുരത്ത് അയ്യങ്കാളി സ്‌ക്വയറിന് മുന്നില്‍ നിന്ന് ആരംഭിക്കുന്ന വനിതാ മതിലിന് 200  സാമുദായിക സംഘടനകളുടെ സഹകരണം ഉണ്ടാകും.
സ്ത്രീകള്‍ എല്ലാതരത്തിലും അവഗണിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കാലത്ത് രാഷ്ട്രീയത്തിനതീതമായ ഒരു മുന്നേറ്റമാണ് വനിതാ മതില്‍ ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. നവോത്ഥാന മൂല്യങ്ങള്‍ മുറുകെ പിടിച്ച് സമൂഹത്തെ മുന്നോട്ട് നയിച്ച ജാതി-സാമുദായിക സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. അതു കൊണ്ടു തന്നെ പിന്നോട്ട് പോകാനല്ല, കേരളത്തെ മുന്നോട്ട് നയിക്കാനുളള ഉദ്യമത്തില്‍ എല്ലാവര്‍ക്കും പങ്കാളികളാകാമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് വിവിധ സംഘടനകള്‍ സംയുക്തമായി ഏകീകരണ സ്വഭാവത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലയില്‍ അഴിയൂര്‍ മുതല്‍ രാമനാട്ടുകര വരെ 74 കി.മി ദുരത്തിലാണ് വനിത മതില്‍ കൈകോര്‍ക്കുക. ഇതില്‍ ഏഴ് പഞ്ചായത്തുകളും അഞ്ച് മുന്‍സിപ്പാലിറ്റികളും കോര്‍പ്പറേഷനും ഉള്‍പ്പെടും.
ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപന പരിധിയിലെയും വനിതകള്‍ വനിതാമതിലില്‍ പങ്കെടുക്കും. മൂന്ന് ലക്ഷത്തിലധികം പേര്‍ വനിതാ മതിലില്‍ കണ്ണികളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ അഞ്ച് കി.ലോ മീറ്ററും ആംബുലന്‍സ് ഉള്‍പ്പെടെ അവശ്യ സര്‍വീസ് ഏര്‍പ്പെടുത്തും. തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് സംഘാടനം നടത്തുക. പ്രദേശിക കൂട്ടായ്മകളുടെ ഉള്‍പ്പെടെ സഹകരണത്തോടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഈ മാസം 20 നകം  പ്രാദേശിക തലത്തില്‍ സംഘാടക സമിതി രൂപീകരിക്കും. ഈ മാസം 14 ന് മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സംഘാടക സമിതി വിപുലമായ യോഗം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. 
മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍ എന്നിവര്‍ മുഖ്യരക്ഷാധികാരികളായും ജില്ലയിലെ എം.പി, എം.എല്‍.എമാര്‍, മേയര്‍ എന്നിവര്‍ രക്ഷാധികാരികളുമായാണ് സംഘാടക സമിതി രൂപീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് ചെയര്‍മാന്‍, ജില്ലാ കലക്ടര്‍ കണ്‍വീനറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജോയിന്റ് കണ്‍വീനറുമാണ്. മുന്‍സിപ്പല്‍ ചെയര്‍മാന്‍, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാതല വകുപ്പ് മേധാവികള്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേര്‍, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവരാണ് അംഗങ്ങള്‍. 
ജില്ലാ പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, സബ് കലക്ടര്‍ വി.വിഘ്‌നേശ്വരി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അനീറ്റ എസ് ലിന്‍, വിമണ്‍ ആന്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.കെ ലിന്‍സി, ഐ.സി.ഡി.എസ്  പ്രോഗ്രാം ഓഫീസര്‍ അഫ്‌സത്ത് ടി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സി കവിത, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ ഒ മീനാകുമാരി, തദ്ദേശ സ്ഥാപന പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
 

date