Skip to main content

സംരംഭകത്വ വികസന പ്രോത്സാഹനവുമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്

 

സംരംഭകത്വ വികസനത്തിന് പ്രോത്സാഹനം നല്‍കാന്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സ്വയംതൊഴില്‍ വിഭാഗം പദ്ധതി ആവിഷ്‌കരിച്ചു. തൊഴില്‍ റിക്രൂട്ട്‌മെന്റ് സേവനത്തിലുപരിയായ സംരംഭങ്ങളിലൂടെ സാമ്പത്തിക ഭദ്രതയും സ്ഥിരം തൊഴിലും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ജില്ലയിലെ താലൂക്ക് ആസ്ഥാനങ്ങളില്‍ സ്വയം തൊഴില്‍ സംരംഭകത്വ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രചാരണ പരിപാടികള്‍ ആരംഭിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നടപ്പിലാക്കുന്ന വിവിധ സംരഭകത്വ പദ്ധതികള്‍ ഉദ്യോഗാര്‍ത്ഥികളെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. താത്പര്യമുള്ളവര്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള സാഹചര്യം ഒരുക്കി കൊടുക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കു പദ്ധതിയുടെ ഗുണം ലഭിക്കും. സബ്‌സിഡി, പലിശ രഹിത ലോണുകളും അര്‍ഹതപ്പെട്ട അപേക്ഷകര്‍ക്ക് ലഭ്യമാക്കും. 

ജില്ലയില്‍ ഒരുലക്ഷത്തോളം തൊഴിലന്വേഷകര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്്. എംപ്ലോയ്‌മെന്‍് എക്‌സ്‌ചേഞ്ചുകളെ മോഡല്‍ കരീയര്‍ കേന്ദ്രങ്ങളാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പ്രചാരണം സംഘടിപ്പിക്കുന്നത്. കേരള സെല്‍ഫ് എംപ്ലോയ്‌മെന്റ് സ്‌കീം ഫോര്‍ ദി രജിസ്‌ട്രേഡ് അണ്‍എംപ്ലോയിഡ് (കെസ്‌റു), മള്‍ട്ടിപര്‍പ്പസ് ജോബ്/സര്‍വീസ് സെന്റര്‍, ശരണ്യ, കൈവല്യ തുടങ്ങിയ സ്വയംതൊഴില്‍ പദ്ധതികളാണ് തൊഴില്‍ വകുപ്പ് മുഖാന്തിരം നടപ്പാക്കുന്നത്. ശരണ്യ, കൈവല്യ പദ്ധതികള്‍ കഷ്ടതയനുഭവിക്കുന്ന സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വകുപ്പ് നേരിട്ടു നടപ്പാക്കുന്നവയാണ്. അരലക്ഷം രൂപവരെ പലിശ രഹിത വായ്പ പദ്ധതിയിലൂടെ ലഭിക്കും. ശരണ്യ ഗുണഭോക്താക്കള്‍ക്ക് വിവിധ സ്വയംതൊഴില്‍ മേഖലകളില്‍ ഗ്രാമീണ സ്വയംതൊഴില്‍ കേന്ദ്രം മുഖേന ഏഴുദിവസത്തെ പരിശീലനം നല്‍കും. കെസ്‌റു, മള്‍ട്ടിപര്‍പ്പസ് ജോബ് ക്ലബ്ബുകള്‍ വിവിധ ധനകാര്യസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. വ്യക്തിഗത സംരംഭ പദ്ധതിയായ കെസ്‌റുവിന് പരമാവധി ഒരുലക്ഷം വരെ വായ്പ ലഭിക്കും. വായ്പയുടെ 20 ശതമാനം സബ്‌സിഡിയായി സംരംഭകരുടെ ലോണ്‍ അക്കൗണ്ടില്‍ നിക്ഷേപിക്കും. ജോബ് ക്ലബിന് പരമാവധി 10 ലക്ഷം രൂപയാണ് വായ്പയായി ലഭിക്കുക. പദ്ധതി ചെലവിന്റെ 25 ശതമാനം സബ്‌സിഡിയായി അനുവദിക്കും. കൂടാതെ ജോബ് ക്ലബ് ഗുണഭോക്താക്കള്‍ക്ക് സംരംഭകത്വ വികസന പരിശീലനവും നല്‍കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ കളക്ടര്‍, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ജില്ലാതല സമിതിയാണ് അപേക്ഷയുടെ അര്‍ഹത പരിശോധിച്ച് ബാങ്കുകള്‍ക്ക് ശുപാര്‍ശ ചെയ്യുക. 

കെസ്‌റു, മള്‍ട്ടിപര്‍പ്പസ് ജോബ് ക്ലബ് പദ്ധതിയിലൂടെ സംരംഭം തുടങ്ങുന്നവരെ സ്ഥിരം തൊഴിലവസരങ്ങള്‍ക്ക് മാത്രമേ പരിഗണിക്കു. എന്നാല്‍ ശരണ്യ, കൈവല്യ പദ്ധതികളുടെ ഗുണഭോക്താക്കളെ താത്കാലികവും  സ്ഥിരവുമായ നിയമനങ്ങള്‍ക്കും പരിഗണിക്കും. സ്വയംതൊഴില്‍ പദ്ധതികളിലൂടെ സംരംഭം തുടങ്ങാന്‍ വായ്പ ലഭിക്കുന്നവര്‍ക്ക് തുടര്‍ന്ന് തൊഴില്‍രഹിത വേതനം ലഭിക്കുകയില്ല. 

സ്വയംതൊഴില്‍ പദ്ധതികളുടെ സൗജന്യ അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും അടുത്തുള്ള ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ സ്വയംതൊഴില്‍ വിഭാഗമായോ ബന്ധപ്പെടാം. അപേക്ഷ ഫോം www.employmentkerala.gov.in നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് - 04936 202534,deewyd.emp.lbr@kerala.gov.in.   

 

date