Skip to main content

വിധവാ പുനരധിവാസം യോഗം ചേര്‍ന്നു

 

അനാഥരും അശരണരുമായ വിധവകളെയും വൃദ്ധരെയും കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിന് വിവിധ ആരാധനാലയങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അങ്ങനെയുള്ള വ്യക്തികളെ കണ്ടെത്താനായിട്ടില്ലയെന്ന് ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ ത്രേസ്യാമ്മ ജോണ്‍ അറിയിച്ചു. ജില്ലാതലത്തില്‍ രൂപീകരിച്ച വിധവാസെല്ലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. എ.ഡി.എം വി.രാമചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ നടന്ന വിധവാ സ്‌ക്വാഡിന്റെ പ്രവര്‍ത്തനപുരോഗതി യോഗത്തിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. ജില്ലയിലെ അഞ്ച് പ്രധാന ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.

സുപ്രീകോടതിയുടെ നിര്‍ദേശാനുസരണമാണ് ജില്ലയില്‍ വിധവകളുടെ സമഗ്രവികസനത്തിനായി വിധവാസെല്‍ രൂപീകരിച്ചിട്ടുള്ളത്. വിധവാസെല്ലിന്റെ ആദ്യയോഗത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് പ്രായമായ ബുദ്ധിസ്ഥിരതയില്ലാത്തതും മറ്റ് പ്രശ്‌നങ്ങളുള്ള വ്യക്തികളെ സംബന്ധിച്ച് അന്വേഷണം നടത്തിയത്. അങ്ങനെ കണ്ടെത്തുന്നവരെ ജില്ലയിലെ നിലവിലുള്ള പുനരധിവാസ കേന്ദ്രങ്ങളില്‍ താമസിപ്പിക്കാനാണ് നിര്‍ദേശം.

വിധവാസെല്ലിന്റെ നേതൃത്വത്തില്‍ വിധവകളുടെ സമഗ്രപുരോഗതിക്ക് വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ അംഗമായ വിധവകള്‍ക്ക് കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, ഭവനനിര്‍മാണം തുടങ്ങിവയ്ക്ക്  പലിശരഹിത വായ്പകള്‍ നല്‍കും. കുടംബശ്രീ സംരഭകത്വപ്രവര്‍ത്തനങ്ങളില്‍ ധനസഹായത്തിന് മുന്‍ഗണന നല്‍കും. കൂടാതെ വിധവകളുടെ ആരോഗ്യപരിരക്ഷയ്ക്കുവേണ്ടി ഇന്‍ഷുറന്‍സ് പദ്ധതിയും മക്കളുടെ വിദ്യാഭ്യാസകാര്യങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനായി ലോട്ടറി ആരംഭിക്കാനും പദ്ധതി നിര്‍ദേശിച്ചിട്ടുണ്ട്.
 
യോഗത്തില്‍ ജില്ലാസാമൂഹികനീതി ഓഫീസര്‍ പി.എസ് തെസ്‌നിം, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി ആര്‍.മിനി, ആര്‍.ഡി.ഒ എന്‍.മെഹറലി, മലപ്പുറം ഡി.വൈ.എസ്.പി കെ.സലീം, ജില്ലാ നഴ്‌സ് ഓഫീസര്‍ എന്‍.എന്‍ ഓമന, അഡ്വ.കെ.വി പ്രേമ എന്നിവര്‍ പങ്കെടുത്തു.

 

date