Skip to main content

പീഡനകേസുകളിലെ ഇരകള്‍ക്ക് ധനസഹായ വിതരണം; റിപ്പോര്‍ട്ട് നല്‍കണമെന്ന് പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍

അതിക്രമം തടയല്‍ കേസുകളില്‍ ഇരകള്‍ക്ക് യഥാസമയം ധനസഹായം വിതരണം ചെയ്യണമെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എല്‍ മുരുകന്‍ നിര്‍ദേശം നല്‍കി. എഫ്.ഐ.ആറിലെ സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടി ധനസഹായ വിതരണത്തിന് കാലതാമസമുണ്ടാകുന്ന അവസ്ഥയുണ്ടെന്നും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് രണ്ട് ആഴ്ചക്കകം അതത് വകുപ്പുകള്‍ നല്‍കണമെന്നും അദ്ദേഹം അറിയിച്ചു.  പട്ടികജാതിക്കാര്‍ക്കായുളള  കേന്ദ്ര സംസ്ഥാന ഫണ്ട് വിനിയോഗം സംബന്ധിച്ച് വിശകലനം ചെയ്യുന്നതിനായി ഗവ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു വൈസ് ചെയര്‍മാന്‍.   
കല്ലുത്താന്‍ കടവ് കോളനിയില്‍ കോര്‍പ്പറേഷന്‍ നിര്‍മിക്കുന്ന ഫ്ളാറ്റിന്റെ പ്രവൃത്തി എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കി അര്‍ഹരായ ഭവന രഹിതര്‍ക്ക് വിതരണം ചെയ്യുന്നതിന് കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ചക്കിലിയ സമുദായക്കാര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ്  നല്‍കുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. ഗവ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍  സുരേഷ് കുമാര്‍ ഇ.കെ, പഞ്ചായത്ത് അസി ഡയറക്ടര്‍ എ.വി അബ്ദുള്‍ ലത്തീഫ്, ലീഡ് ബാങ്ക് ഓഫീസര്‍ കെ ഭാസ്‌കരന്‍, ലേബര്‍ ഓഫീസര്‍ വി.പി രാജന്‍, എംപ്ലോയ്മെന്റ് ഓഫീസര്‍ കെ.ഷൈലേഷ്, , എസ്.സി വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ കെ.ജെ മൈക്കിള്‍, നോര്‍ത്ത് എ.സി.പി ഇ.പി പൃത്വിരാജ്, സൗത്ത് എ.സി.പി ഷാജി വര്‍ഗീസ്, ഡി.സി.പി കെ.എം ടോമി, ഡി.വൈ.എസ്.പി എം.സുബൈര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ഡി ഫിലിപ്പ്, പി.എ അസീസ്, രാജഗോപാല്‍ എന്നിവര്‍ സംബന്ധിച്ചു. 

date