Skip to main content
കാസര്‍കോട് കളക്ടറേറ്റില്‍ വനിതാ മതിലുമായി ബന്ധപ്പെട്ട് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ നടന്ന യോഗം. 

വനിതാ മതില്‍ കേരള ചരിത്രത്തിലെ നാഴികക്കല്ലായി  മാറും: മന്ത്രി ഇ.ചന്ദ്രശേഖരന്‍

കേരളം കൈവരിച്ച സാമൂഹ്യ പരിഷ്‌കരണ നേട്ടങ്ങള്‍, നവോത്ഥാന മൂല്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനും സ്ത്രീ പുരുഷസമത്വം ഉറപ്പുവരുത്തുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ജനുവരി ഒന്നിന് കാസര്‍കോട് നിന്നും തിരുവനന്തപുരം വരെ നടത്തുന്ന വനിതാ മതില്‍ സംസ്ഥാന ചരിത്രത്തിലെ നാഴികക്കല്ലായി മാറുമെന്നു റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്ര ശേഖരന്‍ പറഞ്ഞു. വനിതാ മതില്‍ സംഘാടനവുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുടെയും ജനപ്രതിനിധികളുടയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
       സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ള ഒരു ലക്ഷം സ്ത്രീകളാണു ജില്ലയില്‍ വനിതാ മതിലില്‍ പങ്കെടുക്കുക. സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നതിനും മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും സ്ത്രീകളുടെ ഈ കൂട്ടായ്മയ്ക്കു സാധിക്കും. കേരളം കൈവരിച്ച ബൗദ്ധിക, സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക പുരോഗതിക്കു കാരണക്കാരായി അനേകം നവോത്ഥാന നായകരും സാമൂഹിക പരിഷ്‌കര്‍ത്താക്കളും വിദ്യാഭ്യാസ ചിന്തകരും പ്രവര്‍ത്തകരുമുണ്ട്. ഇവരുടെ പ്രതിഫലേച്ഛയില്ലാത്ത സേവനങ്ങളും പ്രവര്‍ത്തനങ്ങളും നമുക്ക് വിസ്മരിക്കാവുന്നതല്ല. വനിതാ മതില്‍ ഒരു ഓര്‍മ്മപ്പെടുത്തലാണ്. നാം സ്വാംശീകരിച്ചെടുത്ത നന്മകളുടെ ഓര്‍മ്മപ്പെടുത്തല്‍. ഇതു വിജയിപ്പിക്കുന്നതിനു സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ള സ്ത്രീകള്‍ മുന്നോട്ടു വരണമെന്നും മന്ത്രി പറഞ്ഞു. കേരളം നേടീയ പുരോഗതി നിലനിര്‍ത്തേണ്ടതു വര്‍ത്തമാനകാല സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. വീണ്ടും കേരളത്തെ ഇരുണ്ട കാലഘട്ടത്തിലേക്കു കൈപിടിച്ചുനടത്താന്‍ ശ്രമിക്കുന്നവരെ നാം തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു.
    എം.രാജഗോപാലന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു, ജില്ലാ പൊലീസ് മേധാവി ഡോ.എ.ശ്രീനിവാസ്, എ.ഡി.എം: എന്‍.ദേവീദാസ്, സാമൂഹികനീതി ഓഫീസര്‍ ഡീന ഭരതന്‍, തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

date