Skip to main content

പവ്വര്‍കട്ട്‌ ഒഴിവാക്കും :  മന്ത്രി എം എം മണി

പവ്വര്‍കട്ട്‌ ഒഴിവാക്കി ജനങ്ങളെ സഹായിക്കുകയാണ്‌ സര്‍ക്കാരിന്റേയും വൈദ്യുതി ബോര്‍ഡിന്റേയും ലക്ഷ്യമെന്ന്‌ വൈദ്യുതി വകുപ്പമന്ത്രി എം.എം മണി പറഞ്ഞു. ചാലക്കുടിയില്‍ നിലവില്‍ വരുന്ന 220 കെവി സബ്‌സ്റ്റേഷന്റെ നിര്‍മാണോദ്‌ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി ഇടുക്കിയില്‍ ഒരു രണ്ടാം പദ്ധതിക്കുവേണ്ടിയുള്ള അലോചനകള്‍ നടക്കുന്നുണ്ടെന്നും ഒരു പവര്‍ഹൗസ്‌ കൂടി ആരംഭിക്കുമെന്നും നിര്‍മ്മാണോദ്‌ഘാടനം ഉടന്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു. സൗരോര്‍ജ്ജം ഉപയോഗിച്ച്‌ 1000 മെഗാവാട്ട്‌ വൈദ്യുതി ഉത്‌പാദിക്കാനും പദ്ധതിയുണ്ടെന്ന്‌ മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രളയസമയത്ത്‌ കേരളത്തിലും ഗജ ചുഴലുക്കാറ്റിന്റെ സമയത്ത്‌ തമിഴ്‌നാട്ടിലും രക്ഷാപ്രവര്‍ത്തനം നടത്തിയ കെ.എസ്‌.ഇ.ബി ജീവനക്കാരേയും ചടങ്ങില്‍ മന്ത്രി അനുമോദിച്ചു. ബിഡി ദേവസ്സി എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ ഷീജു, വൈസ്‌ ചെയര്‍മാന്‍ വില്‍സണ്‍ പാണാട്ടുപറമ്പില്‍, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‌റുമാരായ ജനീഷ്‌ പി ജോസ്‌, ബാബു പി.പി, പഞ്ചായത്തംഗങ്ങള്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ വൈദ്യുതി വകുപ്പ്‌ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. സര്‍ക്കാരിന്റെ ഊര്‍ജ്ജ മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന ട്രാന്‍സ്‌ഗ്രിഡ്‌ 2.0 പദ്ധതിയുടെ ഭാഗമായാണ്‌ ചാലക്കുടിയില്‍ 220 കെ.വി സബ്‌ സ്റ്റേഷന്‍ നിലവില്‍ വരുന്നത്‌. ചാലക്കുടിയില്‍ നിലവിലുള്ള 110 കെ വി സബ്‌സ്റ്റേഷനാണ്‌ 220 കെ.വി വോള്‍ട്ടേജ്‌ നിലവാരത്തിലേക്ക്‌ ഉയര്‍ത്തുന്നത്‌. മണ്ഡലത്തിലെ 120 ലധികം ഹൈടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്കും 4 ലക്ഷത്തില്‍പരം ഗാര്‍ഹിക, കാര്‍ഷിക,വ്യാവസായിക, വാണിജ്യ വൈദ്യുത ഉപഭോക്താക്കള്‍ക്കും ഈ സബ്‌സ്‌റ്റേഷന്‍ വളരെയധികം പ്രയോജനം ചെയ്യും. ചാലക്കുടി മുനിസിപ്പാലിറ്റി, അതിരപ്പിള്ളി, പരിയാരം, കോടശ്ശേരി, കൊടകര, മേലൂര്‍, കൊരട്ടി, കാടുകുറ്റി, മറ്റത്തൂര്‍, ആളൂര്‍, കറുകുറ്റി, മാള എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.

date