Skip to main content

ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട്ട്  പുതുവര്‍ഷം ആഘോഷിക്കുന്നു

 ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് പുതുവര്‍ഷ ആഘോഷം നടത്തും. ജില്ലാ കലക്ടര്‍ ഡി. സജിത് ബാബുവിന്റെ പ്രത്യേക താല്‍പര്യത്തെ തുടര്‍ന്നാണു ജില്ലാ ഭരണകൂടം ആദ്യമായി കാസര്‍കോട്ട് ഒപ്പരം എന്ന പേരില്‍  പുതുവര്‍ഷാഘോഷം സംഘടിപ്പിക്കുന്നത്. ജില്ലാ കളക്ടര്‍ ചെയര്‍മാനായി അടുത്തിടെ രൂപം കൊണ്ട കാസര്‍കോട് തീയേറ്ററിക്‌സ് സൊസൈറ്റിയുമായി സഹകരിച്ചാണു പുതുവര്‍ഷാഘോഷം സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 31 ന് സന്ധ്യമുതല്‍ പുതുവര്‍ഷം പിറക്കുന്നതുവരെ കാസര്‍കോട് പുലിക്കുന്നിലുള്ള സന്ധ്യാരാഗം ഓപ്പണ്‍ ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികള്‍. രംഗപൂജ, പൂരക്കളി, മാര്‍ഗം കളി,  മംഗലം കളി, ഒപ്പന, അലാമിക്കളി, യക്ഷഗാനം, കൊറഗ നൃത്തം, കോല്‍ക്കളി, അമതന്‍ ഗ്രൂപ്പ് അവതരിപ്പിക്കുന്ന ഗാനമേള തുടങ്ങിയവ    അരങ്ങേറും. ആഘോഷത്തോടനുബന്ധിച്ചു പുലിക്കുന്നില്‍ ഈ മാസം 29 മുതല്‍ ജനുവരി 2 വരെ കുടുംബശ്രീയുടെ ഭക്ഷ്യമേള ഒരുക്കും. പുതുവര്‍ഷാഘോഷത്തിന്റെ വിളംബരം അറിയിച്ചു ഘോഷയാത്രയും ഉണ്ടാവും. പാസ് മുഖേനയാണു പ്രവേശനം.      
 

date