Skip to main content

തിരഞ്ഞെടുപ്പ് മുന്നൊരുക്കം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ വീഡിയോ കോൺഫറൻസ് 22ന്

 

* വീഡിയോ കോൺഫറൻസ് ചീഫ് സെക്രട്ടറി, ഡി.ജി.പി, ആഭ്യന്തര സെക്രട്ടറി, 

സി.ഇ.ഒ എന്നിവരുമായി

 

2019ലെ പൊതു തിരഞ്ഞെടുപ്പ് മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ആഭ്യന്തര അഡീ.ചീഫ് സെക്രട്ടറി, ചീഫ് ഇലക്ടറൽ ഓഫീസർ എന്നിവരുമായി 22ന് വീഡിയോ കോൺഫറൻസ് നടത്തും. 

ക്രമസമാധാനം, ഉദ്യോഗസ്ഥ വിന്യാസം, വിവിധ ജില്ലകളിലെ ഒഴിവുകൾ നികത്തൽ, റിട്ടേണിംഗ് ഓഫീസർമാരുടേയും, അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസർ, മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിയമനം തുടങ്ങിയവ ചർച്ച ചെയ്യും. 22ന് രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെയാണ് വീഡിയോ കോൺഫറൻസ്. 

തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശങ്ങൾ പ്രകാരം ജീവനക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ എത്രയും വേഗം നിർവഹിക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സംബന്ധിച്ച് ആവശ്യമുള്ള ഫണ്ട് ചീഫ് ഇലക്ടറൽ ഓഫീസർക്ക് അനുവദിക്കുകയും വേണം.

കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് എത്ര അക്രമസംഭവങ്ങൾ ഉണ്ടായി, എത്ര കേസുകൾ ചുമത്തി തുടങ്ങിയ വിവരങ്ങൾ സംസ്ഥാന പോലീസ് മേധാവിയോട് തേടിയിട്ടുണ്ട്. കൂടാതെ, സംസ്ഥാനത്ത് എത്ര പ്രശ്‌നസാധ്യതാ ബൂത്തുകളും അതീവ പ്രശ്‌നസാധ്യതാ ബൂത്തുകളും ഉണ്ടെന്നും കണ്ടെത്തി അറിയിക്കണം. എസ്.ഐ മുതൽ ഐ.ജി വരെയുള്ള പോലീസ് ഉദ്യോഗസ്ഥർ മൂന്നു വർഷം ഒരു സ്ഥലത്ത് പൂർത്തിയാക്കിയവരെ സ്ഥലംമാറ്റാനുള്ള നടപടികളും സ്വീകരിക്കണം. ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസിൽ തിരഞ്ഞെടുപ്പ് സംബന്ധ നടപടികൾ ഏകോപിപ്പിക്കാൻ ഒരു പോലീസ് നോഡൽ ഓഫീസറെ നിയമിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടുന്ന വിശദമായ അജണ്ട ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി എന്നിവർക്ക് കമ്മീഷൻ അയച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിൽ വിശദ റിപ്പോർട്ട് തയാറാക്കി 22ന് നടക്കുന്ന വീഡിയോ കോൺഫറൻസിൽ അറിയിക്കണം. കൂടാതെ വിശദമായ റിപ്പോർട്ട് തിരഞ്ഞെടുപ്പ് കമ്മീഷനും ചീഫ് ഇലക്ടറൽ ഓഫീസർക്കും അയക്കാനും നിർദേശിച്ചിട്ടുണ്ട്.

വീഡിയോ കോൺഫറൻസുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി എന്നിവരുമായി ചീഫ് ഇലക്ടറൽ ഓഫീസർ ടീക്കാറാം മീണ പ്രാഥമിക ചർച്ച നടത്തിയിട്ടുണ്ട്.

പി.എൻ.എക്സ്. 192/19

date