Skip to main content

പ്രളയാനന്തര പുനര്‍നിര്‍മ്മാണം പത്ത് പദ്ധതികള്‍ക്ക് അംഗീകാരം തേടും

 

 

       പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് ജില്ലാ പദ്ധതിയില്‍ നിന്നും പത്ത് പദ്ധതികള്‍ ഏറ്റെടുക്കുന്നു.പുനര്‍നിര്‍മ്മാണത്തിന് ജില്ലാ പദ്ധതിയില്‍ നിന്നും പദ്ധതികള്‍ സമര്‍പ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ,ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ജില്ലാ ആസൂത്രണ ഭവനിലെ  എ.പി.ജെ ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് വിവിധ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പദ്ധതികള്‍ തെരഞ്ഞെടുത്തത്.  ജനുവരി 31 നകം പദ്ധതികള്‍ സര്‍ക്കാര്‍ അംഗീകാരത്തിനായി സമര്‍പ്പിക്കും. പ്രളയത്തില്‍ നശിച്ച വയലുകളില്‍ തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെ വീണ്ടെടുത്ത് കൃഷിയിറക്കുക, ജില്ലയിലെ ഒരു ബ്ലോക്കില്‍ ആധുനിക റൈസ്മില്‍ സ്ഥാപിക്കുക, ജൈവകൃഷി പ്രോത്സാഹനത്തിന് പ്രത്യേകം പദ്ധതി, പാലുല്‍പാദന മേഖലയുടെ ശാക്തീകരണം,ജില്ലാ ആസ്പത്രിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രിയുടെ നിലവാരത്തിലേക്കുയര്‍ത്തുക, പ്ലസ്റ്റുവില്‍ ഹുമാനിറ്റി ബാച്ചുകള്‍ വര്‍ദ്ധിപ്പിക്കുക, വെളളപ്പൊക്കത്തില്‍ നശിച്ച സ്‌കൂളുകളുടെയും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ച സ്‌കൂളുകളുടെയും പുനരുദ്ധാരണം, മീന്‍മുട്ടി വെളളച്ചാട്ടം,നീലിമല വ്യൂപോയിന്റ്,സണ്‍റൈസ് വാലി,കുറുമ്പാലക്കോട്ട തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശന സംവിധാനങ്ങള്‍ ഒരുക്കുക, വനിതകളുടെ സംരഭങ്ങള്‍ ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി ഷീ ലോഡ്ജ്, സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്റര്‍ സ്ഥാപിക്കല്‍ എന്നീ പദ്ധതികളാണ് ഏറ്റെടുക്കുന്നത്.  യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ. എം സുരേഷ് പദ്ധതികള്‍ വിശദീകരിച്ചു. ജില്ലയിലെ പതിമൂന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികള്‍ക്കും ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. 

 

date