Skip to main content

പൈതൃകഗ്രാമം സ്റ്റാള്‍ ശ്രദ്ധേയമാകുന്നു

 

മഹാത്മഗാന്ധിയുടെ എഴുപതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് വൈക്കത്ത് നടത്തുന്ന  രക്തസാക്ഷ്യം പരിപാടിയുടെ ശ്രദ്ധാകേന്ദ്രമാവുകയാണ് പൈതൃകഗ്രാമം സ്റ്റാള്‍. സാംസ്‌ക്കാരിക വകുപ്പിന്റെ റൂറല്‍ ആര്‍ട്ട് ഹബ് പ്രോജക്ടിന്റെ ഭാഗമായിട്ടാണ് പൈതൃകഗ്രാമം സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്. 13 കോടി രൂപയുടെ പ്രോജക്ടാണിത്. കേരളത്തില്‍ അന്യം നിന്നുപോകുന്ന കരകൗശലകല പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും ഇവരുടെ ഉല്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിനും വേണ്ടിയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായുള്ള വടകര ഊരാളിന്‍കല്‍ കോ-ഓപ്പറേറ്റീവ് ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് പദ്ധതിയുടെ നടത്തിപ്പുകാര്‍. സൊസൈറ്റിയുടെ കീഴിലുള്ള സര്‍ഗ്ഗാലയ കേരള ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ് സ്ഥാപനത്തില്‍ കരകൗശല തൊഴിലാളികളെ താമസിപ്പിച്ച് , അവിടെ നിര്‍മ്മിച്ച ഉല്പന്നങ്ങളാണ് പൈതൃകഗ്രാമം സ്റ്റാളില്‍ എത്തിച്ചിരിക്കുന്നത്. തറിയുടെയും മണ്‍പാത്ര നിര്‍മ്മാണത്തിന്റെയും വിവിധ ഘട്ടങ്ങള്‍ നേരിട്ട് കാണാനുള്ള അവസരവും സ്റ്റാളില്‍ ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം മുട്ടത്തറ ദാരുശില്പം മുതല്‍ കാസര്‍കോഡ് തളങ്കരത്തൊപ്പി വരെ മേളയിലെ ആകര്‍ഷക ഘടകങ്ങളാണ്. പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത 20 പൈതൃക ഗ്രാമങ്ങളില്‍ കോട്ടയം ജില്ലയിലെ വടയാറിലെ മണ്‍പാത്ര നിര്‍മ്മാണവുമുണ്ട്. വാദ്യോപ കരണങ്ങള്‍, തറിയുടെ മിനിയേച്ചര്‍ രൂപങ്ങള്‍, മണ്‍പാത്രങ്ങള്‍, നെറ്റിപ്പട്ടം, തെയ്യം കലാരൂപങ്ങള്‍, വെങ്കലനിര്‍മ്മാണങ്ങള്‍, കൈത്തറി ഉല്പന്നങ്ങള്‍ മുതലായവ സ്റ്റാളില്‍ ലഭ്യമാണ്.

  (കെ.ഐ.ഒ.പി.ആര്‍-81/19)

date