Skip to main content

നിശാഗന്ധി നൃത്തോത്‌സവത്തിന് തുടക്കമായി കലയ്ക്കും കലാവേദികൾക്കും സമൂഹത്തെ ഒന്നിപ്പിക്കാനാവും: ഗവർണർ

 

കലയ്ക്കും കലാവേദികൾക്കും സമൂഹത്തെ ഒന്നിപ്പിക്കാനാവുമെന്ന് ഗവർണർ പി.സദാശിവം പറഞ്ഞു. റീബിൽഡ് കേരള നടക്കുന്ന വേളയിൽ ഇതിന് ഏറെ പ്രസക്തിയുണ്ടെന്നും നിശാഗന്ധി നൃത്തോത്‌സവം ഉദ്ഘാടനം ചെയ്ത് ഗവർണർ പറഞ്ഞു. 

ക്‌ളാസിക്കൽ നൃത്തകലകൾക്കൊപ്പം നാടൻ കലാരൂപങ്ങളെയും സർക്കാർ പിന്തുണയ്ക്കണം. നാടൻ കലാരൂപങ്ങൾക്കും നിശാഗന്ധി നൃത്തോത്‌സവത്തിൽ അവസരം നൽകണം. ഇതിലൂടെ അവസരമില്ലാതെ ബുദ്ധിമുട്ടുന്ന നാടൻ കലാകാരൻമാർക്ക് പ്രയോജനമുണ്ടാവും. 

ടൂറിസത്തിന്റെ പ്രചാരണത്തിനായി ആരംഭിച്ച നിശാഗന്ധി നൃത്തോത്‌സവം കലയോടുള്ള കേരളത്തിന്റെ മികവിന്റെ മുദ്രയായി മാറിയിരിക്കുന്നു. നിശാഗന്ധി നൃത്തോത്‌സവം ആഗോളതലത്തിൽ തന്നെ ഇന്ത്യൻ നൃത്ത കലകൾക്ക് പ്രചാരം നൽകുന്ന വിധത്തിൽ മാറിയെന്ന് ഗവർണർ പറഞ്ഞു. കലാമണ്ഡലം ക്ഷേമാവതിക്ക് നിശാഗന്ധി പുരസ്‌കാരം അദ്ദേഹം സമ്മാനിച്ചു. വസന്തോത്‌സവത്തിന്റെ ഭാഗമായുള്ള വിവിധ പുരസ്‌കാരങ്ങളും ജേതാക്കൾക്ക് നൽകി. 

നിശാഗന്ധി പുരസ്‌കാരത്തിന് സമാനമായി മൺസൂൺ രാഗ സംഗീതോത്‌സവത്തിനും പുരസ്‌കാരം ഏർപ്പെടുത്തുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കെ. മുരളീധരൻ എം. എൽ. എ, മേയർ വി. കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, കെ. ടി. ഡി. സി ചെയർമാൻ എം. വിജയകുമാർ, കലാമണ്ഡലം ക്ഷേമാവധി, ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ ബാലകിരൺ എന്നിവർ പങ്കെടുത്തു. 

റിഗാറ്റ മ്യസിക് സ്‌കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്തരൂപത്തോടെയാണ് നൃത്തോത്‌സവം ആരംഭിച്ചത്. തുടർന്ന് ഡോ. നീനാപ്രസാദ് മോഹിനിയാട്ടം അവതരിപ്പിച്ചു. ഇന്ന് (ജനുവരി 21) വൈജയന്തി കാശിയും സംഘവും അവതരിപ്പിക്കുന്ന കുച്ചിപ്പുടി നടക്കും. 

 

പി.എൻ.എക്സ്. 214/19

date