Skip to main content

ഹരിതായനം 2019- പര്യടനം: ജില്ലയില്‍ നാളെ മുതല്‍ തുടങ്ങുന്നു.

ഹരിത കേരളം മിഷന്‍ പ്രവര്‍ത്തനങ്ങളും ആശയങ്ങളും ബോധവല്‍ക്കരണ സന്ദേശങ്ങളും ഉള്‍പ്പെടുത്തി സജ്ജമാക്കിയ പ്രചാരണ വാഹനം- ഹരിതായനം 2019 - ജില്ലയില്‍ ജനുവരി 21 മുതല്‍ 24 വരെ പര്യടനം നടത്തും. ഇരു വശത്തും ഡിജിറ്റല്‍ സ്‌ക്രീന്‍ ഘടിപ്പിച്ചിട്ടുള്ള വാഹനം പ്രധാന കവലകളിലും ജനം കൂടുന്ന സ്ഥലങ്ങളിലും സ്ഥാപനങ്ങള്‍ക്കു മുന്നിലും എത്തി വീഡിയോ പ്രദര്‍ശനം നടത്തും. ജില്ലയിലെ പര്യടന പരിപാടി ജനുവരി 21 രാവിലെ ഒമ്പതിന് കൊണ്ടോട്ടി ബസ് സ്റ്റാന്റ് പരിസരത്ത് ടി.വി.ഇബ്രാഹിം എ.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി.ഉണ്ണികൃഷ്ണന്‍, കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്‌സന്‍ കെ.സി ഷീബ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഫാത്തിമ മണ്ണറോട്ട്, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് നാല് ദിവസങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വാഹനം പര്യടനം നടത്തും. അതത് സ്ഥലങ്ങളില്‍ ജനപ്രതിനിധികള്‍ പരിപാടി ഉദ്ഘാടനം ചെയ്യും.  ഹരിതകേരളം മിഷനെക്കുറിച്ചും, ഹരിതപെരുമാറ്റച്ചട്ടം, ശുചിത്വ - മാലിന്യ സംസ്‌കരണത്തിനായി തദ്ദേശഭരണ സ്ഥാപനങ്ങളില്‍ രൂപീകരിച്ച ഹരിതകര്‍മ്മസേന, സുരക്ഷിത ഭക്ഷ്യോല്പാദനം, അധിക നെല്‍കൃഷി വ്യാപനം, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പുഴ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ചുമുള്ള വീഡിയോകളും മറ്റ് ബോധവല്‍ക്കരണ സന്ദേശങ്ങളുമാണ് ഹരിതായനത്തിലൂടെ പ്രദര്‍ശിപ്പിക്കുന്നത്.

 

date