Skip to main content

സർവതല സ്പർശിയായ വികസനമാണ് നവകേരളത്തിന് വേണ്ടത്:  മുഖ്യമന്ത്രി

 

സർവതല സ്പർശിയായ വികസനമാണ് നവകേരളത്തിന് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സർവകലാശാലയിൽ ഇക്കണോമിക്‌സ് ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ സംഘടിപ്പിച്ച കേരള സമ്പദ്‌വ്യവസ്ഥ പുനസംഘടന: ബദൽ കാഴ്ചപ്പാട് എന്ന വിഷയത്തിലെ അന്തർദ്ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. 

കേരളത്തെ പുനർനിർമിക്കുമ്പോൾ യുവജനതയ്ക്കും പ്രവാസികൾക്കും അവസരം ഒരുക്കി നൽകാനും ശ്രദ്ധിക്കേണ്ടതുണ്ട്. കേരളത്തിന്റെ പൊതുപുരോഗതി വിലയിരുത്തുമ്പോൾ ഭൂപരിഷ്‌കരണത്തിനൊപ്പം പ്രവാസികളുടെ സംഭാവനയും വലുതാണ്. എന്നാൽ വിദേശങ്ങളിൽ നിന്ന് മടങ്ങി വരുന്ന പ്രവാസികളുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്. കേരളത്തിൽ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്. പ്രവാസികളെപ്പോലെ തന്നെ യുവതയ്ക്കും ഇവിടെ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കണം. പഠിക്കുന്ന വിഷയങ്ങൾക്കും യോഗ്യതയ്ക്കും അനുസരിച്ച് ജോലി ലഭിക്കണം. ഇതിനുതകുന്ന പരിപാടികൾ സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ട്ണ ഉന്നത വിദ്യാഭ്യാസ മേഖലയിൽ, പ്രത്യേകിച്ച് പ്രൊഫഷണൽ കോഴ്‌സുകളിൽ, കാലാനുസൃതമായ മാറ്റം ആവശ്യമാണ്. 

മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ചില മേഖലയിൽ നിക്ഷേപം നടത്താനും സംരംഭകത്വം ഉറപ്പ് വരുത്താനും നടപടികൾ ആരംഭിച്ചിട്ടുണ്ട്. പ്രവാസി നിക്ഷേപം വലിയ രീതിയിൽ സമാഹരിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്. പ്രവാസികളുടെ നിക്ഷേപം കിഫ്ബി ബോണ്ടിലൂടെയും കെ. എസ്. എഫ്. ഇ ചിട്ടിയിലൂടെയും സമാഹരിക്കുന്നു. ഇതിനെല്ലാം സർക്കാരിന്റെ പൂർണ ഗ്യാരണ്ടി ഉണ്ടെന്നതാണ് പ്രത്യേകത. 

ശാസ്ത്രത്തെയും വിവര സാങ്കേതിക വിദ്യയെയും മനുഷ്യ പുരോഗതിക്കും സമൂഹ നൻമയ്ക്കുമായി ഉപയോഗിക്കുകയെന്നതാണ് സർക്കാർ നയം. ലോകത്തെ മികച്ച കമ്പനികളെയടക്കം കേരളത്തിലേക്ക് ആകർഷിക്കാനായിട്ടുണ്ട്. വിവരസാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ വ്യവസായങ്ങൾക്ക് അനുകൂല സാഹചര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. കൊച്ചിയിലെ ടെക്‌നോളജി ഇന്നവേഷൻ സോൺ സമീപ ഭാവിയിൽ തന്നെ സ്റ്റാർട്ട്അപ്പുകൾ ഉൾപ്പെടെയുള്ള വിവര സാങ്കേതിക മേഖലയുടെ വലിയ വേദിയായി മാറും. ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള കർമ പദ്ധതി സർക്കാർ തയ്യാറാക്കുന്നുണ്ട്. കാർഷിക, പ്രകൃതി വിഭവങ്ങളെ നല്ല രീതിയിൽ പ്രയോജനപ്പെടുത്താനാവണം. കൃഷി അഭിവൃദ്ധിപ്പെടാതെ കേരളത്തിന്റെ വികസനം പൂർണമാവില്ല. 

പ്രളയം കടുത്ത രീതിയിൽ ടൂറിസം മേഖലയെ ബാധിച്ചിരുന്നു. പല ടൂറിസം കേന്ദ്രങ്ങളും പരിസ്ഥിതിലോല പ്രദേശങ്ങളിലാണ്. ഇത്തരം മേഖലകളിൽ നിർമാണം അനിവാര്യമാണെങ്കിൽ മാത്രമേ അനുവദിക്കാനാവൂ. ഇത്തരം സ്ഥലങ്ങളിലെ നിർമാണം പരിസ്ഥിതി സൗഹൃദമാവുകയും വേണം. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കാൻ നടപടി സ്വീകരിച്ചുവരുന്നു. ഇന്ധനവില പരിഗണിക്കുമ്പോൾ ഇത് ഗുണകരമാണ്. പരിസ്ഥിതി സൗഹൃദമാണെന്ന പ്രത്യേകതയുമുണ്ട്. 

ജി. എസ്. ടി നടപ്പാക്കിയതോടെ സംസ്ഥാനങ്ങളുടെ വിഭവശേഷി കുറഞ്ഞിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം എന്നീ മേഖലകളിൽ കേരളം ദേശീയ ശരാശരിക്ക് മുകളിലാണ്. അതിനാൽ രാജ്യമാനദണ്ഡ പ്രകാരം പല സഹായങ്ങളും സംസ്ഥാനത്തിന് ലഭിക്കുന്നില്ല. മെച്ചപ്പെട്ടു പോയതുകൊണ്ട് ശിക്ഷിക്കപ്പെടുന്ന അവസ്ഥയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. വി. പി. മഹാദേവൻ പിള്ള, ഇക്കണോമിക്‌സ് വകുപ്പ് മേധാവി പ്രൊഫ. അബ്ദുൾ സലീം, പ്രൊഫ. പ്രഭാത് പട്‌നായിക്, പ്രൊഫ. എം. എ, ഉമ്മൻ, ഡോ. കെ. പി. കണ്ണൻ എന്നിവർ സംസാരിച്ചു.

പി.എൻ.എക്സ്. 215/19 

date