Skip to main content

ഹൈടെക് സ്‌കൂൾ പദ്ധതിയ്ക്ക് ഒരു വയസ്സ്: 58430 ലാപ്‌ടോപ്പുകളും 42227 പ്രൊജക്ടറുകളും സ്‌കൂളുകളിൽ

 

2018 ജനുവരി 22 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത 8 മുതൽ 12 വരെ ക്ലാസുകളിൽ സാങ്കേതികവിദ്യാ സഹായക വിദ്യാഭ്യാസം സാധ്യമാക്കുന്ന ഹൈടെക് സ്‌കൂൾ പദ്ധതി ഒരു വർഷം പൂർത്തിയാക്കി.  സർക്കാർ-എയ്ഡഡ് മേഖലയിലെ ഹൈസ്‌കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി തലങ്ങളിലുള്ള 4752 സ്‌കൂളുകളിലാണ് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നത്.  പദ്ധതിയുടെ ഭാഗമായി 58430 ലാപ്‌ടോപ്പുകൾ, 42227 മൾട്ടിമീഡിയാ പ്രൊജക്ടറുകൾ, 40594 മൗണ്ടിംഗ് കിറ്റുകൾ, 40621 എച്ച്.ഡി.എം.ഐ. കേബിൾ, 40614 ഫേസ് പ്ലേറ്റ്, 21847 സ്‌ക്രീനുകൾ, 41544 യു.എസ്.ബി. സ്പീക്കറുകൾ, 4688 ഡി.എസ്.എൽ.ആർ. ക്യാമറകൾ, 4522 നാല്പത്തിരണ്ടിഞ്ച് എൽ.ഇ.ഡി. ടെലിവിഷനുകൾ, 4720 ഫുൾ എച്ച്.ഡി. വെബ് ക്യാമുകൾ എന്നിവയുടെ വിന്യാസം പൂർത്തിയായതായി കൈറ്റ് വൈസ് ചെയർമാൻ & എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.അൻവർ സാദത്ത് അറിയിച്ചു.

ഐ.ടി. ലാബുകളോടൊപ്പം ലാപ്‌ടോപ്പ്, പ്രൊജക്ടർ, സ്പീക്കർ, ഇന്റർനെറ്റ് തുടങ്ങിയവ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഹൈടെക് ക്ലാസ് മുറികളും സജ്ജമാക്കി 'സമഗ്ര' വിഭവ പോർട്ടൽ ഉപയോഗിച്ചാണ് ഹൈടെക് പഠനം സ്‌കൂളുകളിൽ നടത്തുന്നത്.  'സമഗ്ര'യിൽ 5.5 ലക്ഷം സമഗ്രാസൂത്രണ രേഖകളും 8.89 ലക്ഷം സൂക്ഷ്മാസൂത്രണ രേഖകളും 24388 ഡിജിറ്റൽ റിസോഴ്‌സുകളും ലഭ്യമാണ്.  1898 സ്‌കൂളുകളിലായി 58247 കുട്ടികളുള്ള 'ലിറ്റിൽ കൈറ്റ്‌സ്' ഐ.ടി. ക്ലബ്ബുകളും പ്രവർത്തിക്കുന്നുണ്ട്.

വയനാട് ജില്ലയിലെ തോൽപ്പെട്ടി ഗവൺമെന്റ് ഹൈസ്‌ക്കൂൾ ഒഴികെയുള്ള 4751 സ്‌കൂളുകളിലും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ഏർപ്പെടുത്തി.  ക്ലാസ് മുറികളുടെ നെറ്റ്‌വർക്കിംഗ് മെയ് മാസത്തോടെ പൂർത്തിയാകും. ഇതോടെ ലാബിലെ മിനി സെർവറുകളും പ്രവർത്തനക്ഷമമാവും.  പദ്ധതിയ്ക്കായി കിഫ്ബി വഴി ഇതുവരെ 318 കോടിരൂപ ചെലവഴിച്ചു.

ഹൈടെക് സ്‌കൂൾ പദ്ധതിയുടെ ഒന്നാംഘട്ട വിലയിരുത്തൽ സർവേ നവംബർ മാസം നടത്തിയതിൽ 92 ശതമാനം അധ്യാപകർ ക്ലാസ് മുറികളിൽ ഹൈടെക് സംവിധാനം ഉപയോഗിച്ച് പഠിപ്പിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.  ഇതനുസരിച്ച് തുടർ വിലയിരുത്തലുകളും മെച്ചപ്പെടുത്തലുകളും നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് പദ്ധതികളാവിഷ്‌ക്കരിച്ചതായി സെക്രട്ടറി എ.ഷാജഹാൻ അറിയിച്ചു.  പ്രൈമറിതല ഹൈടെക് ലാബ് പദ്ധതിയ്ക്കും കിഫ്ബി അംഗീകാരം ലഭിച്ചതോടെ അടുത്ത അദ്ധ്യയന വർഷം തുടങ്ങുന്നതിനു മുൻപ് വിദ്യാഭ്യാസ രംഗത്തെ ആദ്യത്തെ സമ്പൂർണ സംസ്ഥാനമായി കേരളം മാറുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അറിയിച്ചു.

പി.എൻ.എക്സ്. 217/19 

date