Skip to main content

തൊഴിലാളികളുടെ ന്യായമായ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കും: മുഖ്യമന്ത്രി

 

തൊഴിലാളികളുടെ ന്യായമായ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്‌ളിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പെൻഷൻ വിതരണം സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

എല്ലാ മേഖലയിലും അടിസ്ഥാന വേതനം ഉറപ്പു വരുത്താനാണ് ശ്രമം. ഇതിൽ സ്വദേശി, ഇതര സംസ്ഥാന തൊഴിലാളി എന്ന വ്യത്യാസമില്ല. 26 തൊഴിൽ മേഖലയിലെ മിനിമം വേതനം സർക്കാർ പുതുക്കി നിശ്ചയിച്ചു. കാലാവധി പൂർത്തിയായ എല്ലാ മേഖലയിലും മിനിമം വേതനം നിശ്ചയിക്കാനുള്ള നടപടി പൂർത്തിയാക്കും. ജോലി ചെയ്യാതെ കൂലി വാങ്ങുന്നതും അമിത കൂലി ഈടാക്കുന്നതുമായ പ്രവണത നിയമം മുഖേന തടയാനായിട്ടുണ്ട്. 

ജനങ്ങൾക്ക് അനുഭവിച്ചറിയാൻ സാധിക്കുന്ന ക്ഷേമപദ്ധതികളും വികസനവും യാഥാർത്ഥ്യമാക്കി സർക്കാർ ജനങ്ങൾക്കൊപ്പമാണെന്ന് തെളിയിച്ചു. ഇതോടൊപ്പം തൊഴിലാളി സംരക്ഷണം കോർത്തിണക്കിയുള്ള പ്രവർത്തന രീതിയാണ് സർക്കാർ സ്വീകരിച്ചത്. ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്‌ളിഷ്‌മെന്റ് ക്ഷേമനിധി ബോർഡിന്റെ പദ്ധതികൾ 35 ലക്ഷം തൊഴിലാളികൾക്ക് ആശ്വാസം പകരുന്നു. അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പെൻഷൻ ഉൾപ്പെടെ ഒൻപത് തരം ആനുകൂല്യങ്ങൾ ലഭിക്കുന്നു. തൊഴിലാളികളുടെ അവകാശം കഴിയുന്നത്ര ഹനിക്കുകയും കോർപറേറ്റുകളെ സഹായിക്കുകയും ചെയ്യുന്ന നടപടിയാണ് രാജ്യത്തുണ്ടാവുന്നത്. എന്നാൽ കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

വികലമദ്യനയത്തിന്റെ ഫലമായി വഴിയാധാരമായ ബാർ ഹോട്ടൽതൊഴിലാളികൾക്ക് ജീവിതമാർഗം കണ്ടെത്താനായി ആവിഷ്‌കരിച്ച സുരക്ഷ സ്വയംതൊഴിൽ പദ്ധതിയാണ് ഈ സർക്കാരിന്റെ തൊഴിലാളി സംരക്ഷണ നടപടികളിൽ ഏറ്റവും പുതിയതെന്ന് അധ്യക്ഷത വഹിച്ച തൊഴിൽ മന്ത്രി ടി. പി. രാമകൃഷ്ണൻ പറഞ്ഞു. ഈ പദ്ധതി പ്രകാരം അമ്പതിനായിരം രൂപ സബ്‌സിഡിയോടെ മൂന്നു ലക്ഷം രൂപ നാലു ശതമാനം പലിശ നിരക്കിൽ സ്വയംതൊഴിൽ സംരംഭങ്ങൾക്ക് വായ്പ ലഭിക്കും. 

തൊഴിലാളികൾക്ക് ഇത്രയേറെ സാമൂഹ്യസുരക്ഷാകവചമുള്ള മറ്റൊരു സംസ്ഥാനം ഇന്ത്യയിലില്ല. അതിഥി തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം തൊഴിലാളികൾക്കും സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്.  ക്ഷേമനിധികളുടെ പ്രവർത്തനം  മെച്ചപ്പെടുത്താൻ സാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കും. നിലവിൽ 1,73,214  സ്ഥാപനങ്ങളിലായി 10,96,563 ജീവനക്കാർക്കാണ് ക്ഷേമനിധിയിൽ അംഗത്വമുള്ളത്. ഇതിൽ 53,387 പേർ സ്വയം തൊഴിൽ ചെയ്യുന്നവരാണ്. നിയമത്തിന്റെ പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങളെയും രജിസ്റ്റർചെയ്യിക്കാനും എല്ലാ തൊഴിലാളികളെയും ക്ഷേമനിധി അംഗങ്ങളാക്കാനും ആവശ്യമായ ഇടപെടൽ ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. ക്ഷേമനിധി ബോർഡ് ചെയർമാൻ അഡ്വ. കെ. അനന്തഗോപൻ, വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. 

പി.എൻ.എക്സ്. 226/19

date