Skip to main content

ലിറ്റിൽ കൈറ്റ്‌സ്  അഭിരുചി പരീക്ഷ  ഇന്ന് (ജനുവരി 23)

 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഹൈസ്‌കൂളുകളിൽ രൂപീകരിച്ചിട്ടുള്ള  ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിലേക്ക് 2019-21 വർഷത്തേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഇന്ന് (ജനുവരി 23) നടക്കും. നിലവിൽ എട്ടാംക്ലാസിൽ പഠിക്കുന്ന (അടുത്തവർഷം ഒമ്പതാം ക്ലാസിൽ) 20 മുതൽ 40 വരെ കുട്ടികൾക്കാണ് ഒരു സ്‌കൂളിലെ ക്ലബ്ബിൽ അംഗത്വം ലഭിക്കുക. മുൻ വർഷം അംഗീകാരം നേടിയ 1898 യൂണിറ്റുകളിലും ഈ വർഷം താൽക്കാലികമായി അംഗീകാരം നൽകിയിട്ടുള്ള 149 വിദ്യാലയങ്ങളിലേയും  അപേക്ഷിച്ചിട്ടുള്ള മുഴുവൻ വിദ്യാർഥികളെയും ഉൾപ്പെടുത്തി രാവിലെ 10.30 ന്്  അഭിരുചി പരീക്ഷ നടത്തും.  എട്ടാം തരം ഐടി പാഠപുസ്തകത്തേയും ഐ.ടി മേഖലയിലെ പൊതുവിജ്ഞാനത്തിന്റേയും അടിസ്ഥാനത്തിലാണ് പരീക്ഷ.

സ്‌കൂളുകളിലെ ഹാർഡ്‌വെയർ പരിപാലനം, രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഏകജാലകം ഹെൽപ് ഡെസ്‌ക്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഐ.ടി പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, ഡിജിറ്റൽ മാപ്പിംഗ്, സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും, സ്‌കൂൾ വിക്കിയിലെ വിവരങ്ങൾ പുതുക്കൽ, ഐടി മേളകളുടേയും ക്യാമ്പുകളുടേയും സംഘാടനം, വിക്ടേഴ്‌സിലേക്ക് ആവശ്യമായ വാർത്തകളുടേയും ഡോക്യുമെന്ററികളുടേയും നിർമ്മാണം, സ്‌കൂൾതല വെബ് ടി.വികൾ, മൊബൈൽ ആപ്പുകളുടെ നിർമ്മാണം എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് 'ലിറ്റിൽ കൈറ്റ്‌സ്' ക്ലബ്ബുകൾ സംഘടിപ്പിക്കുന്നത്. പരിശീലനങ്ങൾക്ക് പുറമെ മറ്റു വിദഗ്ദ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ, ഇൻഡസ്ട്രി വിസിറ്റുകൾ തുടങ്ങിയവയും ലിറ്റിൽ കൈറ്റ്‌സിന്റെ ഭാഗമായും നടത്തും. വിവിധ മേഖലകളിലെ വിദഗ്ദ്ധരെയും സാങ്കേതിക പ്രവർത്തകരേയും 'ലിറ്റിൽ കൈറ്റ്'സുമായി ബന്ധിപ്പിക്കുന്നുണ്ട്.സംസ്ഥാനത്തെ അംഗീകാരം നേടിയ 2047 യൂണിറ്റുകളുടെയും പട്ടിക കൈറ്റ് വെബ്‌സൈറ്റിൽ  (www.kite.kerala.gov.in)     പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പി.എൻ.എക്സ്. 251/19

date