Skip to main content

മാലിന്യസംസ്‌ക്കരണ സംവിധാനങ്ങൾ പരിചയപ്പെടുത്തി പ്രദർശനം പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന ശീലം മാറ്റണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

 

 

ആലപ്പുഴ: ഗാർഹികമാലിന്യങ്ങളടക്കം പൊതുസ്ഥലങ്ങളിലേക്ക് വലിച്ചെറിയുന്ന ശീലം മാറ്റിയില്ലെങ്കിൽ ഗുരുതര പാരിസ്ഥിതിക-ആരോഗ്യ പ്രശ്‌നങ്ങളെ നേരിടേണ്ടി വരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ. ഹരിതകേരളം മിഷന്റെ ഒന്നാംവാർഷികത്തിന്റെ ഭാഗമായി സിവിൽസ്‌റ്റേഷൻ അങ്കണത്തിൽ ജില്ലാ ശുചിത്വമിഷൻ സംഘടിപ്പിച്ച മാലിന്യസംസ്‌ക്കരണ മാതൃകകളുടെ പ്രദർശന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഹരിതകേരളം ചിത്രപ്രദർശനത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ റ്റി.വി. അനുപമ ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷനിലൂടെ ലക്ഷ്യമിട്ട പ്രവർത്തനങ്ങളുടെ പുരോഗതി തുടർച്ചയായി വിലയിരുത്താൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് കളക്ടർ പറഞ്ഞു. 

 

ജില്ലാ പഞ്ചായത്തംഗം സിന്ധുവിനു, നഗരസഭാംഗം എ.എം. നൗഫൽ, ജില്ലാ ശുചിത്വമിഷൻ കോ-ഓർഡിനേറ്റർ ബിൻസ് സി. തോമസ്, ഹരിതകേരളം സംസ്ഥാന റിസോഴ്‌സ് പേഴ്‌സൺ ആർ. വേണുഗോപാൽ, ഹരിതകേരളം ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ്. രാജേഷ്, ശുചിത്വമിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ലോറൻസ് എന്നിവർ പങ്കെടുത്തു.

 

സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന്റെയും ഐ.ആർ.റ്റി.സി.യുടെയും ആഭിമുഖ്യത്തിൽ ഗാർഹിക മാലിന്യസംസ്‌ക്കരണത്തിന് ഉപയോഗിക്കുന്ന സംവിധാനങ്ങളുടെ പ്രദർശനം നടത്തി. വീടുകളിലെ മാലിന്യസംസ്‌ക്കരണത്തിന് ഉപയോഗിക്കുന്ന പൈപ്പ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ്, മൺകലം കമ്പോസ്റ്റ്, മുച്ചട്ടി ബയോഡൈജസ്റ്റർ, എയ്‌റോബിക് കമ്പോസ്റ്റ് ബിൻ, റിങ് കമ്പോസ്റ്റ്, ബക്കറ്റ് കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ്, ജൈവസംസ്‌ക്കരണ ഭരണി അടക്കമുള്ള സംസ്‌ക്കരണ സംവിധാനങ്ങൾ കാണാൻ വിദ്യാർഥികളടക്കം നിരവധി പേരെത്തി. 

 

കുറഞ്ഞചെലവിൽ വീടുകളിൽ നടപ്പാക്കാവുന്ന മാലിന്യസംസ്‌കരണസംവിധാനങ്ങൾ ആകർഷകമായി. ശുചിത്വമിഷന്റെ നേതൃത്വത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ സഹകരണത്തോടെയാണ് ജില്ലയിൽ ഹരിതകേരളം മിഷന്റെ ഭാഗമായി കൈവരിച്ച നേട്ടങ്ങളടങ്ങിയ ചിത്രപ്രദർശനം സംഘടിപ്പിച്ചത്. 

 

 

ചിത്രവിവരണം 

 

1. ഹരിതകേരളം മിഷന്റെ ഒന്നാംവാർഷികത്തിന്റെ ഭാഗമായി സിവിൽസ്‌റ്റേഷൻ അങ്കണത്തിൽ ജില്ലാ ശുചിത്വമിഷൻ സംഘടിപ്പിച്ച മാലിന്യസംസ്‌ക്കരണ മാതൃകകളുടെ പ്രദർശന ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ കളക്ടർ ടി.വി. അനുപമ സമീപം.

 

2. ഹരിതകേരളം മിഷന്റെ ഒന്നാംവാർഷികത്തിന്റെ ഭാഗമായി സിവിൽസ്‌റ്റേഷൻ അങ്കണത്തിൽ ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചിത്രപ്രദർശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലും ജില്ലാ കളക്ടർ ടി.വി. അനുപമയും നോക്കിക്കാണുന്നു. 

 

3. ഹരിതകേരളം മിഷന്റെ ഒന്നാംവാർഷികത്തിന്റെ ഭാഗമായി സിവിൽസ്‌റ്റേഷൻ അങ്കണത്തിൽ ജില്ലാ ശുചിത്വമിഷൻ സംഘടിപ്പിച്ച മാലിന്യസംസ്‌ക്കരണ മാതൃകകളുടെ പ്രദർശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലും ജില്ലാ കളക്ടർ ടി.വി. അനുപമയും നോക്കിക്കാണുന്നു.

 

 

  (പി.എൻ.എ.2981/17)

 

 

date