Skip to main content

കിരൺ സർവ്വേ പ്രാരംഭ നടപടികൾ പൂർത്തിയായി

 

സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആന്റ് ടെക്‌നോളജിയുടെ പൊതുജനാരോഗ്യ വിഭാഗമായ അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസിന്റെ സാങ്കേതിക സഹായത്തോടെ നടത്തുന്ന കിരൺ (കേരള ഇൻഫർമേഷൻ ഓൻ റെസിഡെൻറ്‌സ് ആരോഗ്യം നെറ്റ്‌വർക്ക്) സർവ്വേക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

പകർച്ചേതര വ്യാധികളുടെ രോഗാതുരത നിരക്ക് തിട്ടപ്പെടുത്തുകയും രോഗാവസ്ഥയിലേക്ക് നയിക്കുന്ന ഘടകങ്ങളുടെ തോത് കണ്ടെത്തുകയും അവ പരിഹരിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് രൂപം നൽകുകയും ചെയ്യുന്നതിനായി സംസ്ഥാനത്തെ 14 ജില്ലകളിലും സർവ്വേ പ്രവർത്തനം നടക്കും. അതുവഴി സംസ്ഥാനത്തെ മരണനിരക്ക്, രോഗാതുരത എന്നിവയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും മുഖ്യമായ അപകട കാരണങ്ങൾ, രോഗശുശ്രൂഷാസംവിധാനങ്ങളുടെ   ലഭ്യത എന്നിവയും മനസ്സിലാക്കാൻ കഴിയും. അവ ഉപയോഗപ്പെടുത്തി ഭാവി പ്രവണതകൾ മനസ്സിലാക്കാനും സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യ തന്ത്രം രൂപപ്പെടുത്തുവാനും പ്രത്യേകമായ ചികിത്സാസംവിധാനങ്ങളുടെ ആവശ്യകത തിട്ടപ്പെടുത്തുവാനും കഴിയും. തുടർന്ന് കൃത്യമായ തുടർ പ്രവർത്തനങ്ങളിലൂടെ ആവശ്യമായ വിവരശേഖരണം നടത്താൻ കഴിയണമെന്ന ഉദ്ദേശത്തോടുകൂടിയാണ് സംസ്ഥാന സർക്കാർ കിരൺ പ്രൊജക്ട് നടപ്പാക്കുന്നത്. 

 ജില്ലയിലെ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നായി റാൻഡം സാംപ്ലിംഗിലൂടെ തിരഞ്ഞെടുക്കപ്പെട്ട 330 വാർഡുകളിലെ 18150 വീടുകളിലാണ് ഈ സർവ്വേ നടക്കുക. ഒരു വാർഡിൽ നിന്നും 55 വീടുകളാണ് ഈ സർവ്വേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇ-ഹെൽത്ത് കേരളയുടെ കമ്പ്യൂട്ടർ ടാബുകളുടെ സഹായത്തോടെ സർവ്വേ പ്രവർത്തനം നടത്തുന്നതിനായി ആരോഗ്യവകുപ്പിലെ തന്നെ ഉദ്യോഗസ്ഥരായ 175 ഇൻവെസ്റ്റിഗേറ്റർമാർക്കും 9 സൂപ്പർവൈസർമാർക്കും പരിശീലനം പൂർത്തിയായി. വീടുകളിൽ വിവരശേഖരണത്തിനായി വരുന്ന ഇൻവെസ്റ്റിഗേറ്റർമാർക്ക് ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി നൽകി സഹകരിക്കണമെന്ന് ഡി എം ഒ(ആരോഗ്യം)അറിയിച്ചു.

 

date