Skip to main content
കേരള ഹൈക്കോടതി അഡ്വക്കറ്റ്‌സ് അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി ചേമ്പര്‍ കോംപഌക്‌സിലെ സീനിയര്‍ അഡ്വക്കറ്റ്  എം കെ ദാമോദരന്‍ മെമ്മോറിയല്‍ ഹാള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു

നീതി നിര്‍വഹണ സംവിധാനത്തില്‍ കാലോചിതമായ പരിഷ്‌കരണം ആവശ്യം: മുഖ്യമന്ത്രി

 

 

കൊച്ചി: നീതിനിര്‍വഹണ സംവിധാനം ചെലവേറിയതും കാലതാമസം നേരിടുന്നതുമാണ്. ഇത് ചിലപ്പോഴൊക്കെ നീതിനിഷേധത്തിന് കാരണമാകും.  ഇത്തരം നീതിനിഷേധത്തിന് അറുതി വരുത്താന്‍ കാലോചിതമായ പരിഷ്‌കരണം ആവശ്യമാണെന്നും അതിന് അഭിഭാഷകരുടെ ക്രിയാത്മകമായ ഇടപെടല്‍ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കേരള ഹൈക്കോടതി അഡ്വക്കറ്റ്‌സ് അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി ചേമ്പര്‍ കോംപ്‌ളക്‌സില്‍ സീനിയര്‍ അഡ്വക്കറ്റ്  എം കെ ദാമോദരന്‍ മെമ്മോറിയല്‍ ഹാള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടതി ഭാഷ പ്രാദേശിക ഭാഷ അല്ലാത്തതും കോടതി നടപടികളുടെ സങ്കീര്‍ണതയും സാധാരണക്കാരെ നീതി നിര്‍വഹണ സംവിധാനത്തില്‍ നിന്നും അകറ്റുന്നു.  കോടതിവിധികള്‍ പ്രാദേശികഭാഷയിലും ലഭ്യമാക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസും അഭിപ്രായപ്പെട്ടിട്ടുണ്ട്. 

ജനാധിപത്യസംവിധാനം കാര്യക്ഷമമാകണമെങ്കില്‍ നീതിനിര്‍വഹണം സുതാര്യമായിരിക്കണം. ഇതില്‍ മാധ്യമങ്ങള്‍ക്ക് ഒരു പ്രധാന പങ്കു വഹിക്കാനാകും. മാധ്യമങ്ങളും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കം നീതിനിര്‍വഹണ സംവിധാനത്തിന്റെ സുതാര്യതയ്ക്ക്  കോട്ടംതട്ടുന്നതിലേക്ക് നയിക്കും. അതിനാല്‍ ഹൈക്കോടതി മുന്‍കൈയെടുത്ത് സാമൂഹ്യതാത്പ്പര്യം കണക്കിലെടുത്ത്  അഭിഭാഷകരുടെയും മാധ്യമങ്ങളും തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരം കാണണം. അതിന് ആരുടെയും മിഥ്യാഭിമാനം തടസ്സമാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ജുഡീഷ്യറി, ലെജിസ്ലേച്ചര്‍ എക്‌സിക്യൂട്ടീവ് തുടങ്ങിയ ജനാധിപത്യത്തിന്റെ മൂന്ന് തൂണുകള് പരസ്പരം ബഹുമാനിച്ചു നീങ്ങിയാല്‍ മാത്രമേ ജനാധിപത്യം നിലനില്‍ക്കുകയുള്ളു. ഒന്ന് മറ്റൊന്നിനെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കരുത്.  എന്നാല്‍ ഇവ തമ്മിലുള്ള രഞ്ജിപ്പിന് തടസ്സം ഉണ്ടാകുന്നു എന്ന സംശയം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഈ സംശയം നീക്കംചെയ്യാന്‍ ഉത്തരവാദിത്തപ്പെട്ട തലങ്ങളില്‍നിന്ന് നടപടി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു . 

മാനുഷിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച അഭിഭാഷകനായിരുന്നു എംകെ ദാമോദരന്‍ എന്ന്  മുഖ്യമന്ത്രി പറഞ്ഞു. പൊതുസമൂഹത്തിനും അഭിഭാഷക സമൂഹത്തിനും അദ്ദേഹം ഒരുപോലെ പ്രിയങ്കരനായിരുന്നു.  അഗാധമായ നിയമ പരിജ്ഞാനവും, അപഗ്രഥിച്ച് പരിഹാരം കാണാനുള്ള കഴിവും വ്യക്തമായ അവതരണവും നീതി എന്ന സങ്കല്‍പ്പത്തോടുള്ള പ്രതിബദ്ധതയും നീതി നിഷേധിക്കപ്പെട്ടവരുടെ ഭാഗത്ത് നില്‍ക്കാനുള്ള ആര്‍ജവവും അദ്ദേഹത്തിന്റെ പ്രത്യേകതകളാണ്. എറണാകുളം ലോ കോളെജിലെയും നുവാല്‍സിന്റെയും  വളര്‍ച്ചയ്ക്ക് സജീവ താല്പര്യം എടുത്തയാളാണ് എംകെ ദാമോദരന്‍. വ്യക്തിബന്ധങ്ങള്‍ക്ക് അപ്പുറത്ത് സത്യവും വസ്തുതയും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഇത്തരത്തില്‍ ഉയര്‍ന്ന മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള എം കെ ദാമോദരന്റെ ഓര്‍മ്മയ്ക്കായുള്ള ഹാള്‍ നിഷ്പക്ഷവും ന്യായവുമായി നീതിനിര്‍വഹണം നടത്തുന്നതിനുള്ള ചര്‍ച്ചാവേദി ആകട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു. ആക്ടിങ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് മുഖ്യപ്രഭാഷണം നടത്തി.  ഹൈക്കോടതി അഡ്വക്കറ്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട്  അഡ്വ തോമസ് എബ്രഹാം അദ്്ധ്യക്ഷനായിരുന്നു. ജസ്റ്റിസ് പി എന്‍ രവീന്ദ്രന്‍, അഡ്വക്കറ്റ് ജനറല്‍ സി പി സുധാകരപ്രസാദ്, അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ അഡ്വ എന്‍ നാഗേഷ്, ഹൈക്കോടതി അഡ്വക്കറ്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി കെ ആനന്ദ്, അഡ്വ എ അരുണ്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

date