Skip to main content

കല്‍പ്പറ്റ നഗരസഭയില്‍ പൂര്‍ത്തീകരിച്ച 301 വീടുകളുടെ താക്കോല്‍ദാനം ഇന്ന്

 

കല്‍പ്പറ്റ നഗരസഭ പി.എം.എ.വൈ ലൈഫ് പദ്ധതിയില്‍ പൂര്‍ത്തിയാക്കിയ 301 വീടുകളുടെ താക്കോല്‍ദാനം ഇന്നു (ഫെബ്രുവരി 16) നടക്കും. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ രാവിലെ 11.30നു നടക്കുന്ന പരിപാടി തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സി.കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ്, വൈസ് ചെയര്‍മാന്‍ ആര്‍ രാധാകൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷരായ ബിന്ദു ജോസ്, മണി, കെ.അജിത, അഡ്വ. ടി.ജെ ഐസക്, ഉമൈബ മൊയ്തീന്‍കുട്ടി തുടങ്ങിയവര്‍ സംസാരിക്കും. 

 

പി.എം.എ.വൈ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാലുലക്ഷം രൂപ ചെലവിലാണ് പുതിയ വീടുകള്‍ നിര്‍മിച്ചത്. ഇതില്‍ രണ്ടുലക്ഷം കേന്ദ്ര സംസ്ഥാന വിഹിതവും രണ്ടുലക്ഷം രൂപ നഗരസഭാ വിഹിതവുമാണ്. വിവിധ പദ്ധതികള്‍ പ്രകാരം നിര്‍മാണം തുടങ്ങി പാതിവഴിയില്‍ നിലച്ച വീടുകളും ആനുപാതികമായി തുക വകയിരുത്തി ഇതോടൊപ്പം പൂര്‍ത്തിയാക്കി. പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ കേരള സസ്റ്റൈനബിള്‍ അര്‍ബന്‍ ഡെവലപ്‌മെന്റ് പ്രൊജക്റ്റില്‍ നിന്ന് നഗരസഭ അഞ്ചര കോടി രൂപയാണ് വായ്പയെടുത്തത്. 2.35 കോടി രൂപ പദ്ധതി വിഹിതമായും ചെലവഴിച്ചു. 

date