Skip to main content

ടൈറ്റാനിയത്തിൽ ശമ്പള പരിഷ്‌കരണം നടപ്പിലാക്കും: മന്ത്രി  ഇ. പി. ജയരാജൻ

 

* പുതിയ ഉല്പന്നങ്ങളുടെ വിതരണോദ്ഘാടനവും അതിഥി മന്ദിര ശിലാസ്ഥാപനവും നിർവ്വഹിച്ചു.

ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സിലെ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം ഉടൻ നടത്തുമെന്ന് വ്യവസായ മന്ത്രി ഇ. പി. ജയരാജൻ പറഞ്ഞു. ടൈറ്റാനിയം പ്രോഡക്ട്‌സ് സമ്പൂർണ്ണ പരിസ്ഥിതി പ്രക്രിയയിലൂടെ വികസിപ്പിച്ചെടുത്ത മൂല്യവർധിത ഉല്പന്നങ്ങളുടെ വിതരണോദ്ഘാടനവും കമ്പനിയുടെ അതിഥി മന്ദിര ശിലാസ്ഥാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ സാധ്യത വർധിപ്പിച്ച് ടൈറ്റാനിയത്തിന്റെ വികസനം വർധിപ്പിക്കണം. പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സർക്കാരിന്റെ നയം. അന്താരാഷ്ട്ര കമ്പനികൾ കേരളത്തിൽ നിക്ഷേപത്തിനെത്തുന്നുണ്ട്. നിക്ഷേപ സാധ്യതയുള്ള നാടായി കേരളത്തെ മാറ്റും. കേരളത്തിന്റെ ഉല്പന്നങ്ങൾക്ക് വിദേശ വിപണി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. നാടിന്റെ  സ്ഥിതി ശരിയായി നിരീക്ഷിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ വ്യവസായങ്ങൾ ഉപകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

റോഡിന്റെ ഇരുവശങ്ങളിലും മധ്യഭാഗത്തും വരകൾ ഇടുന്നതിനുള്ള അജന്റോക്‌സ് ആർ. എം. ഡബ്ല്യു റോഡ് മാർക്കിംഗ് പെയിന്റ്, പ്ലാസ്റ്റിക്, ടൈൽ തുടങ്ങിയവയുടെ നിർമ്മാണത്തിൽ നിറങ്ങൾ നൽകുന്നതിന് ഉപയോഗിക്കുന്ന അയൺ ഓക്‌സൈഡ്, അജന്റോക്‌സ് ജിപ്‌സം, അജന്റോക്‌സ് സിമെന്റ് ബ്രിക്ക്, ഇന്റർലോക്ക്  ടൈൽ എന്നിവയുടെ വിതരണോദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. കമ്പനി വളപ്പിൽ നിർമ്മിക്കുന്ന അതിഥി മന്ദിരത്തിന്റെ ശിലാസ്ഥാപനവും 2021 ലെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു.

ചടങ്ങിൽ സി. ദിവാകരൻ എം. എൽ. എ. അധ്യക്ഷത വഹിച്ചു. ശശി തരൂർ എം. പി, മുൻ എം. എൽ. എ. ആനത്തലവട്ടം ആനന്ദൻ, ടി. ടി. പി. എൽ ചെയർമാൻ അഡ്വ. എ.എ. റഷീദ്, മാനേജിംഗ് ഡയറക്ടർ ജോർജീ നൈനാൻ, എൻ. ശശിധരൻ നായർ, സോളമൻ വെട്ടുകാട്, ക്ലൈനസ് റൊസാരിയോ, തോമസ് എം. ജെ, പ്രസന്നകുമാരൻ സി.എസ്, ബിനുരാജ് വി, തുടങ്ങിയവർ സംബന്ധിച്ചു.

പി.എൻ.എക്സ്. 633/19

date