Skip to main content

വീവേഴ്‌സ് സർവീസ് സെന്റർ കെട്ടിടം                                          ഉദ്ഘാടനം ചെയ്തു

 

വീവേഴ്‌സ് സർവീസ് സെന്ററിനായി പുതുതായി കണ്ണൂരിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കേന്ദ്ര ടെക്‌സ്റ്റൈൽസ് വകുപ്പ് മന്ത്രി സ്മൃതി ഇറാനി വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. 

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂളിംഗ് (എൻഐഒഎസ്), ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്നോ) എന്നീ സ്ഥാപനങ്ങളിൽ പഠിക്കുന്ന നെയ്ത്തുകാരുടെയും കരകൗശല തൊഴിലാളികളുടെയും മക്കൾക്ക് 75 ശതമാനം ഫീസ് ആനുകൂല്യം നൽകുമെന്ന് കേന്ദ്ര മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കരകൗശല മേഖലയിൽ പ്രവർത്തിക്കുന്ന യുവാക്കൾ, ബിപിഎൽ കുടുംബങ്ങളിലുള്ളവർ, ആദിവാസികൾ, എസ് സി വിഭാഗക്കാർ, സ്ത്രീകൾ എന്നിവർക്ക് ടൂൾ കിറ്റ് സൗജന്യമായി നൽകും. ഹാൻഡിക്രാഫ്റ്റ് ഡവലപ്‌മെന്റ് കമ്മീഷണറുടെ ഓഫീസുകൾ വഴിയാണ് ഈ സേവനം ലഭ്യമാക്കുക. മുദ്ര യോജന പദ്ധതിയിൽ നെയ്ത്ത് തൊഴിലാളികൾക്ക് നൽകുന്ന പ്രത്യേക പരിഗണന  പ്രയോജനപ്പെടുത്തണം. 15 ദേശസാൽകൃത ബാങ്കുകളാണ് പദ്ധതിയുമായി സഹകരിക്കുന്നത്. 2019 ൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച ശ്രം യോഗി പെൻഷൻ പദ്ധതിയുടെ ഗുണഫലം നെയ്ത്ത് തൊഴിലാളികൾക്കും ലഭിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പദ്ധതി സംബന്ധിച്ച വിവരങ്ങൾ തൊഴിലാളികൾക്ക് ലഭ്യമാക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

മേഘാലയ, മണിപ്പൂർ, ത്രിപുര, മിസ്സോറാം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ പദ്ധതികളും ചടങ്ങിൽ കേന്ദ്ര മന്ത്രി ഉദ്ഘാടനം ചെയ്തു. നെയ്ത്ത് തൊഴിലാളികളുടെ ക്ഷേമത്തിനായി 2.28 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഡിസൈൻ, ഡൈയിംഗ് ആന്റ് പ്രിന്റിംഗ്, നെയ്ത്ത്, അഡ്മിനിസ്‌ട്രേഷൻ, ഡിസ്‌പ്ലേ ഹാൾ, സ്റ്റോർസ്, ഓഫീസേർസ് കാബിൻ, കോമൺ സർവീസ് സെന്റർ തുടങ്ങിയ സൗകര്യങ്ങളാണ് കെട്ടിടത്തിലുള്ളത്. 

ടെക്‌സ്റ്റൈൽസ് കാര്യ സഹമന്ത്രി അജയ് താംത, പി കെ ശ്രീമതി എം പി, മേയർ ഇ പി ലത, കണ്ണൂർ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, കണ്ണൂർ വിവേഴ്‌സ് സർവീസ് സെന്റർ ഡെപ്യൂട്ടി ഡയറക്ടർ എസ് ടി സുബ്രഹ്മണ്യൻ, ഉദ്യോഗസ്ഥർ കൈത്തറി തൊഴിലാളികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

 

date