Skip to main content

പനങ്ങാട് ഗ്രാമപഞ്ചായത്ത് സ്വരാജ് ട്രോഫി ഏറ്റുവാങ്ങി 

ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സര്‍ക്കാരിന്റെ സ്വരാജ് ട്രോഫി  പനങ്ങാട് ഗ്രാമപഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് വി.എം കമലാക്ഷി ഏറ്റുവാങ്ങി. തൃശൂരില്‍ നടന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷ ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ജില്ലാതലത്തില്‍ മികച്ച ഒന്നാമത്തെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കുള്ള പുരസ്‌കാരത്തിനും പനങ്ങാട് അര്‍ഹമായി. കെ.അബ്ദു റഹീമാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി. 10 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവുമാണ് പനങ്ങാട് പഞ്ചായത്തിന് ലഭിച്ചത്. 
ഗ്രാമപഞ്ചായത്തിന്റെ തനത് വരുമാനത്തിന്റെ പ്രധാന സ്രോതസ്സുകളായ നികുതി വരുമാനം 100 ശതമാനം പിരിച്ചെടുത്തതും പദ്ധതി പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കിയതും 100 ശതമാനം പദ്ധതി ചെലവ് കൈവരിച്ചതുമാണ് പനങ്ങാട് പഞ്ചായത്തിനെ നേട്ടത്തിന് അര്‍ഹമാക്കിയത്. സുതാര്യവും കൃത്യവുമായ സേവനവും മികച്ച പരാതി പരിഹാര സംവിധാനവും മാതൃകാപരമായ പ്രവര്‍ത്തനങ്ങളായി പഞ്ചായത്ത് മുന്നോട്ടുവക്കുന്നു. ക്ലീന്‍ പനങ്ങാട്, ഗ്രീന്‍ പനങ്ങാട് പദ്ധതിയിലൂടെ സുസ്ഥിരമായ മാലിന്യ സംസ്‌കരണ സംവിധാനവും പഞ്ചായത്തിന്റെ എടുത്തുപറയേണ്ട നേട്ടമാണ്. പഞ്ചായത്തിന്റെ പ്രാദേശിക റോഡ് വികസനം, സോളാര്‍ ഊര്‍ജ്ജ സംവിധാനം ഒരുക്കല്‍, ഭിന്നശേഷി, വയോജന സൗഹൃദ പദ്ധതികള്‍ എന്നിവയും പുരസ്‌കാര നേട്ടത്തിന് മുതല്‍ക്കൂട്ടായി. 

date