Skip to main content

ശുചിത്വമാലിന്യ സംസ്കരണ മേഖലയിലെ അനുകരണീയ മാതൃകകൾ അവതരിപ്പിച്ച്  സെമിനാർ

ശുചിത്വമാലിന്യ സംസ്കരണ മേഖലയിലെ അനുകരണീയ മാതൃകകൾ അവതരിപ്പിച്ച്  സെമിനാർ

കൊച്ചി: മാലിന്യ സംസ്കരണ രംഗത്ത് ജില്ലയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പങ്കുവച്ച് ശുചിത്വമിഷനും ഹരിത കേരളം മിഷനും സംയുക്തമായി സംഘടിപ്പിച്ച സെമിനാർ 'സഹസ്രം 2019' ൽ വേറിട്ട അനുഭവമായി. മാലിന്യം ഏതു രീതിയിൽ സംസ്കരിക്കാമെന്നും നാടിനെ ശുചിയാക്കി നിലനിർത്താമെന്നും സെമിനാറിലൂടെ കൂടുതൽ വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ 1000 ദിനാഘോഷങ്ങളുടെ ഭാഗമായി എറണാകുളത്തപ്പൻ മൈതാനിയിലാണ് സെമിനാർ സംഘടിപ്പിച്ചത്.
പറവൂർ , ഏലൂർ നഗരസഭകൾ, ചൂർണ്ണിക്കര, വാരപ്പെട്ടി ഗ്രാമപഞ്ചായത്തുകൾ, ക്രഡായി, എൻ.എസ് എസ് വളൻറിയേഴ്സ് എന്നിവർ തങ്ങളുടെ അനുഭവങ്ങൾ സെമിനാറിൽ പങ്കുവച്ചു. ചൂർണ്ണിക്കര പഞ്ചായത്തിൽ മാലിന്യം നിറഞ്ഞു കൂടി, സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായ് മാറിയിരുന്ന ചവറുപാടത്തെ നൂറുമേനി വിളഞ്ഞ നെൽകൃഷിയുടെ കഥയുമായാണ് കൃഷി ഓഫീസർ ജോൺ ഷെറി എത്തിയത്. മെട്രോ കടന്നു പോകുന്ന ഗ്രാമപഞ്ചായത്തായ ചൂർണിക്കരയിൽ കൃഷി അസാധ്യമായിടത്തു നിന്നാണ് പഞ്ചായത്തും നാട്ടുകാരും കൂട്ടായ പ്രവർത്തനത്തിലൂടെ മുപ്പത് ഏക്കറിൽ നെൽക്കൃഷി വിജയിപ്പിച്ചത്. യുവാക്കളുടെ സ്വയംസഹായ സംഘമായ അടയാളത്തിന്റെ സഹകരണത്തോടെയാണ് കൃഷിയിറക്കിയത്. സർക്കാരിന്റെ ആത്മ പദ്ധതിയുടെ ഭാഗമായാണ് പ്രവർത്തനങ്ങൾ നടത്തിയത്. 20 വർഷമായി തരിശുകിടന്നിരുന്ന ചവറുപാടം മാലിന്യ കൂമ്പാരമായിരുന്നു. ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയ ശേഷം മണ്ണിന്റെ ലവണാംശം കുറച്ചാണ് കൃഷിയിറക്കിയത്. ഗ്രീൻ ആർമി അംഗങ്ങളുടെ സേവനവും പ്രയോജനപ്പെടുത്തി. കാഞ്ചന, ജ്യോതി നെല്ലിനങ്ങളാണ് വിളയിച്ചത്. കഴിഞ്ഞ വർഷം 10 ടൺ നെല്ല് ഉല്പാദിച്ചിടത്ത് ഈ വർഷം 12 ടൺ ആയി ഉല്പാദനം ഉയർന്നു.  ഉല്പാദിപ്പിച്ച നെല്ല് ചൂർണിക്കര കുത്തരി എന്ന പേരിൽ വിപണിയിൽ ഇറക്കുകയും ചെയ്തു. കീടനിയന്ത്രണത്തിനായി മിത്ര കീടങ്ങളെ ആകർഷിക്കുന്ന ബന്തിപ്പൂക്കൾ കൃഷിയിടത്തിനു ചുറ്റും വളർത്തുന്ന രീതിയും ചൂർണിക്കരമോഡൽ കൃഷിരീതിയാണ്. മാലിന്യം നിറഞ്ഞ് മൂക്കുപൊത്താതെ നടക്കാൻ കഴിയാതിരുന്ന ചവറുപാടം ഇപ്പോൾ പൂക്കൾ നിറഞ്ഞ് മനോഹരമാക്കിയ പ്രവർത്തനങ്ങൾ കൃഷി ഓഫീസർ ജോൺ ഷെറി സെമിനാറിൽ അവതരിപ്പിച്ചു.
ജില്ലയിലെ ഹരിത പഞ്ചായത്തായ വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ പ്രസിഡന്റ് നിർമ്മല മോഹനൻ സെമിനാറിൽ അവതരിപ്പിച്ചു. 13 വാർഡുകളും 5500 വീടുകളുമുള്ള പഞ്ചായത്ത് മാലിന്യ സംസ്കരണത്തിൽ കൈ കൊണ്ട മാതൃകകളും വ്യക്തമാക്കി. വീടുകളിൽ ലഘുലേഖകൾ വിതരണം ചെയ്ത് മാലിന്യത്തിനെതിരെ ബോധവത്കരണം നടത്തിയായിരുന്നു പ്രവർത്തനങ്ങളുടെ തുടക്കം. വിദ്യാർത്ഥികളെയും കുടുംബശ്രീ പ്രവർത്തകരെയും ഉൾപ്പെടുത്തി ശുചിത്വ സന്ദേശയാത്രകൾ സംഘടിപ്പിച്ചു. സ്ക്കൂളുകളിൽ സ്റ്റീൽ പ്ലേയ്റ്റുകളും ഗ്ലാസുകളും വിതരണം ചെയ്തു. വിദ്യാർത്ഥികളിലൂടെ ജനങ്ങളിലേക്കും മാലിന്യത്തിനെതിരെയുള്ള ബോധവത്കരണം എത്തിച്ചു. റോഡിന്റെ ഇരുവശവും മാലിന്യങ്ങൾ നീക്കി വൃത്തിയാക്കി, ചെടികൾ വച്ചുപിടിപ്പിച്ചു. വീടുകളിൽ നിന്നും ഹരിത കർമസേന പ്രവർത്തകരുടെ നേതൃത്വത്തിൽ ജൈവ - അജൈവ മാലിന്യങ്ങൾ ശേഖരിച്ചു. ഇതിനായി വീടുകളിൽ നിന്നും 50 രൂപയും കടകളിൽ നിന്ന് 100 രൂപയും ഈടാക്കി.. അജൈവ മാലിന്യങ്ങൾ തരംതിരിച്ച് പൊടിച്ച് ടാറിൽ ചേർത്ത് റോഡ് നിർമ്മാണത്തിനുപയോഗിക്കുന്നു. ജൈവ -മാലിന്യ സംസ്കരണത്തിനായി ഓരോ വീടുകളിലും ബയോ -പോട്ട് വിതരണവും നടത്തി. പഴയ സാധനങ്ങളുടെ എക്സ്ചേഞ്ച് മേളയായ സ്വാപ്പ് മാസത്തിലൊരിക്കൽ സംഘടിപ്പിക്കുകയും ചെയ്യുന്നതായി പ്രസിഡൻറ് പറഞ്ഞു. 
കഴിഞ്ഞ മാസം ഹരിത പഞ്ചായത്തായി പ്രഖ്യാപിച്ച വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് തരിശ്ശ് രഹിത പഞ്ചായത്താക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പ്രസിഡന്റ് പറഞ്ഞു. 
ക്ലീൻ ഏലൂർ പദ്ധതിയുടെ പ്രവർത്തന മികവാണ് നഗരസഭാ ചെയർപേഴ്സൺ സി.പി.ഉഷ സെമിനാറിൽ അവതരിപ്പിച്ചത്. പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ പിഴ ഈടാക്കിയാണ് നഗരസഭ ഒരു പരിധി വരെ പ്രവർത്തനത്തിൽ വിജയം കണ്ടത്. 2016 ലാണ് ക്ലീൻ ഏലൂർ പരിപാടിക്ക് നഗരസഭയിൽ തുടക്കം കുറിക്കുന്നത്. വൻ പ്രചാരണ പ്രവർത്തനങ്ങളാണ് നടത്തിയത്. സ്കൂളുകളിൽ വിദ്യാർത്ഥികളിൽ നിന്നായിരുന്നു പ്രചാരണ പ്രവർത്തനങ്ങളുടെ തുടക്കം. മതിലുകളും ബസുകളും ബസ്സ്റ്റാൻഡുകളും ഇതിനായി വിനിയോഗിച്ചു. മാലിന്യ സംസ്കരണത്തിനായി തുമ്പൂർമുഴി മാതൃകയാണ് പരീക്ഷിച്ചത്. ബയോ കമ്പോസ്റ്റ് രീതിയും പരീക്ഷിക്കുന്നുണ്ട്. ഹരിതകർമസേന പ്രവർത്തകരാണ് ഓരോ വീട്ടിൽ നിന്നും മാലിന്യങ്ങൾ ശേഖരിക്കുന്നത്. ഇതിനായി ഓരോ വീട്ടിൽ നിന്നും 50 രൂപ ഈടാക്കം. തൊഴിലുറപ്പു പദ്ധതിയിൽ പെടുത്തി മാലിന്യം ശേഖരിക്കുന്നവർക്ക് 15,000 രൂപ മാസം കൂലിയായി നൽകും. പ്രളയാനന്തരം ഒരാഴ്ചകൊണ്ടു തന്നെ മാലിന്യങ്ങൾ മുഴുവൻ നീക്കാൻ കഴിഞ്ഞു. 
റോഡിൽ മാലിന്യം നിക്ഷേപിക്കുന്നവർക്ക് 2000 രൂപയും തോട്ടിൽ നിക്ഷേപിക്കുന്നവർക്ക് 10,000 രൂപയും പുഴയിൽ നിക്ഷേപിക്കുന്നവർക്ക് 25,000 രൂപയുമാണ് പിഴ ഒടുക്കുന്നത്. രണ്ടു ലക്ഷത്തിലധികം തുക  നഗരസഭ വരുമാനയിനത്തിൽ നേടുന്നുണ്ട്. പിടിക്കപ്പെടുന്നവരുടെ ഫോട്ടോയും വാർത്തയും പത്രത്തിൽ കൊടുക്കുകയും ചെയ്യുമെന്നത് നഗരസഭ കർശനമായി നടപ്പിലാക്കുന്നു. ആറ് തുമ്പൂർമൂഴി മോഡൽ മാലിന്യ സംസ്കരണ പ്ലാൻറുകളാണ് നഗരസഭയിലുള്ളത്. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ ബഡ്സ് സ്കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ ഉപയോഗിച്ച് തുണി സഞ്ചി നിർമ്മാണവും പ്രോത്സാഹിപ്പിക്കുന്നുണ്ട്. കുടുംബശ്രീക്ക് 3000 ഗ്ലാസുകളും പ്ലേറ്റുകളും പരിപാടികൾക്ക് വിതരണം ചെയ്യാൻ നഗരസഭ വാങ്ങി നൽകി.
ഗ്രീൻ പറവൂർ ക്ലീൻ പറവൂർ പദ്ധതിയുടെ വിജയഗാഥയാണ് ജെനി ജോസഫ് സെമിനാറിൽ അവതരിപ്പിച്ചത്. വിൻഡ്രോ കമ്പോസ്റ്റ് രീതിയാണ് മാലിന്യ സംസ്കരണത്തിനു പയോഗിക്കുന്നത്. ഉല്പാദിപ്പിക്കുന്ന വളം കിലോയ്ക്ക്അഞ്ച് രൂപയ്ക്ക് വിൽക്കുകയാണ് ചെയ്യുന്നത്. ഗാർഹിക മാലിന്യ സംസ്കരണത്തിനായി പൈപ്പ് കമ്പോസ്റ്റ് രീതിയും ഉപയോഗിക്കുന്നു. 2800 വീടുകളിലാണ് ഇത് ഉപയോഗിക്കുന്നത്. തുമ്പൂർമുഴി മോഡലും ഉപയോഗിക്കുന്നുണ്ട്. പ്ലാസ്റ്റിക് പൊടിച്ച് റോഡ് നിർമ്മാണത്തിന് നൽകുന്നു. ഇലക്ട്രോണിക് വേസ്റ്റും നഗരസഭ ശേഖരിച്ച് നിർമ്മാർജ്ജനം ചെയ്യുന്നുണ്ട്. പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭയിലെ പത്ത് വാർഡുകളെ സീറോ വേസ്റ്റ് ഓൺ ഗ്രൗണ്ടായി പ്രഖ്യാപിക്കുകയും ചെയ്തു. സ്വാപ്ഷോപ്പും വിജയകരമായി നടക്കുന്നു. 
ബിൽഡേഴ്സ് ഓർഗനൈസേഷനായ ക്രഡായും തങ്ങളുടെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ സെമിനാറിൽ അവതരിപ്പിച്ചു. ജൈവം അജൈവം മെഡിസിൻ മാലിന്യങ്ങൾക്കായി മൂന്ന് ബക്കറ്റുകളാണ് വീടുകളിൽ നൽകുന്നത്. കൊച്ചിയിലെ 658 ബിൽഡിംഗുകളിൽ നിന്നും 40000 കുടുംബങ്ങളിൽ നിന്നും ക്രഡായ് മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരണം നടത്തുന്നു. 2007 ലാണ് പ്രവർത്തനം ആരംഭിച്ചത്. മാലിന്യങ്ങളെല്ലാം വളമാക്കി മാറ്റി വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. ഹരിത ചട്ടം നടപ്പിലാക്കാൻ പ്രവർത്തിച്ച വിവിധ എൻ എസ് എസ് യൂണിറ്റുകളിലെ വിദ്യാർത്ഥികളും സെമിനാറിൽ അനുഭവങ്ങൾ പങ്കുവച്ചു. സെന്റ് തേരേസാസ് കോളജ് അധ്യാപിക നിർമ്മല പത്മനാഭൻ , പെലിക്കൻ ഫൗണ്ടേഷൻ പ്രതിനിധി ഡോ.സി.എൻ മനോജ് എന്നിവർ സെമിനാറിൽ മോഡറേറ്റർ മാരായി. ഹരിത കേരളം മിഷൻ കോർഡിനേറ്റർ സുജിത് കരുൺ, ശുചിത്വ മിഷൻ ജില്ലാ കോ-ഓഡിനേറ്റർ സിജു തോമസ് എന്നിവർ സെമിനാറിൽ പങ്കെടുത്തു.

date