Skip to main content

ജലസംരക്ഷണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനുള്ള ആശയങ്ങളുമായി സഹസ്രം 2019.

 

കൊച്ചി: ജലസംരക്ഷണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനുള്ള ആശയങ്ങളുമായി സഹസ്രം 2019. സർക്കാരിൻറെ ആയിരം ദിന ആഘോഷവുമായി ബന്ധപ്പെട്ട് എറണാകുളത്തപ്പൻ മൈതാനിയിലാണ് ശുചിത്വമിഷനും ഹരിതകേരളം മിഷനും ചേർന്ന്  "ജലമാണ് ജീവൻ "എന്ന സെമിനാർ സംഘടിപ്പിച്ചത്.

മൈനർ ഇറിഗേഷൻ വകുപ്പ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി എസ് എസ് ഹരിദാസ്, ജോയിൻ ഡെവലപ്മെൻറ് കമ്മീഷണർ ബി. സജിത്, മൈനർ ഇറിഗേഷൻ വകുപ്പ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബാജിചന്ദ്രൻ, പി.എ. തങ്കച്ചൻ എന്നിവർ സെമിനാർ അവതരിപ്പിച്ചു .
നമ്മുടെ തൊടിയിൽ പെയ്യുന്ന മഴവെള്ളം നമ്മുടെ കുടിവെള്ളം എന്ന ആശയം ശ്രദ്ധേയമായി.
മുളന്തുരുത്തി പഞ്ചായത്തിലെ തുരുത്തിക്കര വാർഡിൽ നടപ്പിലാക്കിയ മഴവെള്ളത്തെ കിണറ്റിലേക്ക് ശേഖരിക്കുന്ന ഫിൽട്ടർ യൂണിറ്റിനെ കുറിച്ച് സെമിനാറിൽ വിവരിക്കുയുണ്ടായി.
4 cm നീളമുള്ള പിവിസിപൈപ്പ്, സ്റ്റീൽ നെറ്റ്, ഫൈബർ നെറ്റ്, ബേബി മെറ്റൽ, ചിരട്ടക്കരി ഗ്രാവൽ തുടങ്ങിയവയാണ് ഫിൽറ്റർ യൂണിറ്റ് തയാറാക്കാൻ വേണ്ടത്. പ്ലംബറിന്റെ സഹായത്തോടെ തികച്ചും ശാസ്ത്രീയമായി തയ്യാറാക്കുന്ന ഈ സംവിധാനം ശുദ്ധജലം ഉറപ്പ് വരുത്തുന്നു. വർഷത്തിൽ ഒരിക്കൽ ഇത് തുറന്ന് വൃത്തിയാക്കാൻ കഴിയും.
ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം എന്ന വിഷയത്തിൽ ബാജി ചന്ദ്രൻ സെമിനാർ അവതരിപ്പിച്ചു. പൂത്തോട്ട പാലം മുതൽ തൃപ്പൂണിത്തുറ  മുനിസിപ്പാലിറ്റി വഴി ഒഴുകുന്ന  കോണോത്ത്  പുഴയുടെ ഇന്നത്തെ അവസ്ഥ ശോചനീയമാണ്. എക്കൽ അഥവാ പോള സാന്നിധ്യം , മാലിന്യനിക്ഷേപം കയ്യേറ്റം തുടങ്ങിയവയാണ് ഇന്ന് കോറോത്ത് പുഴ നേരിടുന്ന പ്രശ്നങ്ങൾ. പുഴയുടെ സമീപപ്രദേശത്തുള്ള ജലസ്രോതസ്സുകളിൽ അംശം കൂടുതൽ ഉള്ളതായും റിപ്പോർട്ടുണ്ട്. മാലിന്യ നിക്ഷേപം ജലസ്രോതസുകളെ ഇത്രയേറെ ബാധിക്കുന്നതിനെ കുറിച്ച് ജനങ്ങളിലേറെപ്പേരും ബോധവാന്മാരല്ല .
തൊഴിലുറപ്പ് പദ്ധതിയിലെ ജലസംരക്ഷണ  പ്രവർത്തനങ്ങൾ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ ബി സജിത് സംസാരിച്ചു. തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴിൽദിനങ്ങൾ സൃഷ്ടിക്കുക എന്നതിനപ്പുറത്തേക്ക് ആസ്തി ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാകണം പ്രവർത്തനങ്ങൾ.

കാണാൻ പറ്റുന്നതും, അളക്കാൻ പറ്റുന്നതും, ആവർത്തന സ്വഭാവമില്ലാത്തതുമായ പ്രവർത്തനങ്ങളാണ് ഏറ്റെടുത്ത് ചെയ്യേണ്ടത്. 
ഭൂമിക്കടിയിലെ ജല സംരക്ഷണം, കനാൽ നിർമാണം, നിലവിലുള്ള പൊതുകുളങ്ങൾ നന്നാക്കുക തുടങ്ങിയവ തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് നടത്താവുന്നതാണ്.
നീർത്തട പ്ലാനിൽ നിന്നും നിർവ്വഹണത്തിലേക്ക് എന്ന വിഷയത്തെ കുറിച്ച് പി. എസ്. ഹരിദാസ് സംസാരിച്ചു. ഗ്രാമ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷനുകൾ എന്നിവിടങ്ങളിൽ  നീർത്തട പ്ലാൻ തയ്യാറാക്കി കഴിഞ്ഞു. ഓരോ പഞ്ചായത്തിലും യോഗം ചേരുകയും മണ്ണ് ജല സംരക്ഷണത്തെ ക്കുറിച്ച് വിവരശേഖരണം  നടത്തിയാണ് നീർത്തട പ്ലാൻ തയ്യാറാക്കിയത്. ജില്ലാതല സാങ്കേതിക സമിതിയുടെ ചുമതലയിൽ ജില്ലാ പ്ലാൻ തയ്യാറാക്കും.  ഓരോ പ്രദേശത്തിനും അനുയോജ്യമായ തരത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുക.

date