Skip to main content

'വളരുന്ന വീട്' നിര്‍മിച്ച്  കാലാവസ്ഥ വ്യതിയാനത്തെയും പ്രളയത്തെയും അതിജീവിക്കാം * കാലാവസ്ഥാ വ്യതിയാനത്തിന് മുഖ്യകാരണം അനഭിലഷണീയമായ നിര്‍മാണ രീതി : ആര്‍കിടെക്ട് ജി ശങ്കര്‍

'വളരുന്ന വീട്' നിര്‍മിച്ച്  കാലാവസ്ഥ വ്യതിയാനത്തെയും പ്രളയത്തെയും അതിജീവിക്കാം

* കാലാവസ്ഥാ വ്യതിയാനത്തിന് മുഖ്യകാരണം അനഭിലഷണീയമായ നിര്‍മാണ രീതി : ആര്‍കിടെക്ട് ജി ശങ്കര്‍

 

കൊച്ചി: പ്രളയം മാത്രമല്ല,  ഭൂകമ്പം  വന്നാലും അതിജീവിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഭവന നിര്‍മാണ രീതിയാണ് ഇനി കേരളം പിന്തുടരേണ്ടതെന്ന് ഹാബിറ്റാറ്റ് ടെക്‌നോളജി ചെയര്‍മാന്‍ ആര്‍കിടെക്ട് ജി ശങ്കര്‍ പറഞ്ഞു. സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് എറണാകുളത്തപ്പന്‍ മൈതാനിയില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രളയാനന്തര അതിജീവനവും ഭവന പുനര്‍നിര്‍മാണവും എന്ന വിഷയത്തില്‍ ലൈഫ്മിഷന്റെ നേതൃത്വത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്.  

പ്രകൃതിക്ഷോഭത്തെ നേരിടാന്‍ കഴിയുന്നതും പരിസ്ഥിതിയെ ചൂഷണം ചെയ്യാത്തതുമായ കെട്ടിടനിര്‍മാണ രീതിക്ക് പ്രാധാന്യം നല്‍കണമെന്ന് ജി.ശങ്കര്‍  അഭിപ്രായപ്പെട്ടു. പ്രളയത്തില്‍ വന്‍ നഷ്ടമാണ് കേരളം നേരിട്ടത്. പ്രളയത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ലൈഫ് മിഷന്‍ ഭവന നിര്‍മ്മാണവുമായി മുന്നോട്ട് തന്നെ സഞ്ചരിച്ചു. കാലാവസ്ഥാ വ്യതിയാനമാണ് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കാലാവസ്ഥ വ്യതിയാനത്തിന് മുഖ്യകാരണം കെട്ടിട നിര്‍മ്മാണ രംഗത്ത് നിലനില്‍ക്കുന്ന അനഭിലക്ഷണമായിട്ടുള്ള നിര്‍മ്മാണ രീതികള്‍ ആണ്. ഇന്ത്യയില്‍ 35 മുതല്‍ 45% വരെ ഊര്‍ജ്ജം കെട്ടിട നിര്‍മ്മാണത്തിനാണ് ഉപയോഗിക്കുന്നത്. പ്രകൃതിയിലെ 40 % മരങ്ങളും മുറിക്കുന്നത് കെട്ടിടനിര്‍മാണത്തിനാണ്. ധാരാളം ജലവും കെട്ടിട നിര്‍മാണ വേളയില്‍ ദുരുപയോഗം ചെയ്യപ്പെടുന്നു. അതുകൊണ്ടുതന്നെ പരിസ്ഥിതിനാശവും ഊര്‍ജ നഷ്ടവും കുറച്ച്, സാമ്പത്തികവും  കാലാവസ്ഥയും പരിഗണിച്ച് ചെറിയ വീടുകള്‍ വെക്കാം.

സര്‍ക്കാരിന്റെ പദ്ധതി വഴി അനുവദിക്കുന്ന വീട് 400 ചതുരശ്രയടി ആണെന്നതില്‍ നിരാശ വേണ്ട. മുകള്‍ നില പണിയുകയോ മുറി കൂട്ടിച്ചേര്‍ക്കലോ പിന്നീട് പരിഗണിക്കാവുന്നതാണ് . സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തില്‍ 'വളരുന്ന വീട്' എന്ന സങ്കല്‍പ്പം പിന്തുടരാവുന്നതാണ്.

പാര്‍പ്പിട നിര്‍മാണത്തിനായി യോജ്യമായ ഭൂമി നിര്‍ണയം മുതല്‍ കെട്ടിട നിര്‍മാണ രീതിയില്‍ വളരെ മികച്ച തെരഞ്ഞെടുപ്പ് വേണമെന്നാണ് പ്രളയാനന്തരകേരളം ഓര്‍മ്മപ്പെടുത്തുന്നത്. പുഴയോരം പുഴയ്ക്ക്  അവകാശപ്പെട്ടതാണെന്ന് മനസ്സിലാക്കുക. നികത്തിയ ഭൂമിയിലെ നിര്‍മ്മിതികള്‍ പൂര്‍ണമായും ഒഴിവാക്കുക. ഈര്‍പ്പം നില്‍ക്കുന്ന ഭൂമി കെട്ടിടനിര്‍മാണത്തിന് അനുയോജ്യമല്ല. വെള്ളം വാര്‍ന്നു പോകാന്‍ ഉള്ള സൗകര്യമുള്ള പ്രദേശത്താണ് പാര്‍പ്പിട നിര്‍മിക്കേണ്ടത്.കൂടാതെ കാറ്റും വെളിച്ചവും കടന്നുവരാവുന്ന രീതിയിലുള്ള നിര്‍മാണം അനിവാര്യമാണ്. ഭവന നിര്‍മ്മാണത്തിനുള്ള സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ ജലസ്രോതസുകളുടെ സാന്നിധ്യവും ഉറപ്പുവരുത്തണം. ദുരന്ത ഭൂപടത്തില്‍ പ്രകൃതിദുരന്തങ്ങള്‍ വരാന്‍ സാധ്യതയുള്ള പ്രദേശമായാണ് കേരളത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. കെട്ടിടത്തിന്റെ മൂലകള്‍ ബലപ്പെടുത്താനും അടിസ്ഥാനം അഥവാ വീടിന്റെ തറ കൂടുതല്‍ ഉറപ്പുള്ളത് ആക്കാനും കെട്ടിട നിര്‍മ്മാണ വേളയില്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇനിയൊരു പ്രളയമോ ഭൂകമ്പമോ പോലുള്ള പ്രകൃതിദുരന്തങ്ങള്‍ വന്നാലും നേരിടാന്‍ തയ്യാറായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

 ലൈഫ് ഗുണഭോക്താക്കള്‍ കിട്ടുന്ന ധനസഹായം നല്ലരീതിയില്‍ വിനിയോഗിച്ച് ആര്‍ഭാടം കുറച്ച് ഭവനം നിര്‍മിക്കണമെന്ന് കോസ്റ്റ് ഫോര്‍ഡ്  ജോയിന്റ് ഡയറക്ടര്‍ പി ബി സാജന്‍ പറഞ്ഞു.

പാര്‍പ്പിട നിര്‍മാണത്തോടൊപ്പം സാമ്പത്തിക ഭദ്രത, ഉപജീവന മാര്‍ഗം, ജീവിത സുരക്ഷ എന്നിവ ഉറപ്പു വരുത്തുകയെന്നതാണ്  ലൈഫ്മിഷന്റെ ലക്ഷ്യം. പ്രളയത്തെ തുടര്‍ന്ന് ധാരാളം തൊഴില്‍ ദിനമാണ് സാധാരണക്കാരായ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടത്. തൊഴില്‍ മെച്ചപ്പെടുത്തുക എന്നത് ലൈഫ് പദ്ധതിയുടെ മുഖമുദ്രയാണ്. ഭവനനിര്‍മാണത്തിന് നാല് ലക്ഷം രൂപ ധനസഹായം, തൊഴിലുറപ്പ് പദ്ധതിയിലൂടെ നിര്‍മിക്കുന്ന കട്ട വിതരണം,  പുതിയ തൊഴില്‍ കാര്‍ഡ് അനുവദിക്കുക  തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ കാര്യങ്ങളും പദ്ധതിയുടെ ഭാഗമായി ചെയ്ത് വരുന്നു. കുറഞ്ഞ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി മോടിപിടിപ്പിക്കല്‍ പിന്നീട് ധനസ്ഥിതി മെച്ചപ്പെടുമ്പോള്‍ ആകാമെന്ന നിലപാടാണ് ഭവനനിര്‍മ്മാണ കാര്യത്തില്‍ അനുയോജ്യം. പാര്‍പ്പിട നിര്‍മാണത്തില്‍ ആര്‍ഭാടം ഒഴിവാക്കുന്നതുപോലെ ചുറ്റുമതില്‍ ഒഴിവാക്കി പകരം വേലി കെട്ടുന്നതും ഗുണകരമാണ്. വേലിയില്‍ ചെടികള്‍ വളര്‍ത്തുന്നത് അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് കുറയാന്‍ കാരണമാകുന്നു.

നമ്മുടെ നാട്ടിലെ തൊഴിലാളികളുടെ തന്നെ വൈദഗ്ധ്യം പരമാവധി ഉപയോഗിക്കുന്നതുവഴി  ജോലി സ്ഥിരത ഉറപ്പുവരുത്താന്‍ കഴിയുന്നു. ജോലി ഉറപ്പാക്കുകയെന്നത് ലൈഫ് മിഷന്റെ മുഖ്യ ലക്ഷ്യമാണ്. 

പ്രളയാനന്തരം ഏറ്റവുമധികം ദുരന്തം അനുഭവിക്കുന്ന വിഭാഗം വനിതകള്‍ ആണെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സിലെ മോണോലിതോ ചാറ്റര്‍ജി അഭിപ്രായപ്പെട്ടു. വീടിന്റെ വില ഏറ്റവും നന്നായി അറിയുന്നത് സ്ത്രീകള്‍ക്കാണ്. തയ്യല്‍, കൃഷി, കാലിവളര്‍ത്തല്‍ പോലുള്ള തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് പ്രളയം വന്‍ നഷ്ടമാണ് വരുത്തിവെച്ചത്. പാര്‍പ്പിട നിര്‍മ്മാണത്തിന് അപ്പുറം തൊഴില്‍ കൂടി സ്ത്രീകള്‍ക്ക് ഉറപ്പുവരുത്തുന്ന രീതിയിലായിരിക്കണം പ്രവര്‍ത്തനങ്ങളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രളയാനന്തരം വീടുനിര്‍മാണത്തിനായി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും സാങ്കേതിക സഹായങ്ങളുമായി മുന്നിട്ടിറങ്ങിയെന്ന് രാജഗിരി എഞ്ചിനീയറിംഗ് കോളേജ് അധ്യാപിക ആയിഷ ഹനീബ് പറഞ്ഞു. കാലാവസ്ഥാവ്യതിയാനം മണ്ണിന്റെ ഘടനയെ സാരമായി ബാധിക്കുമെന്നും കേരളം ഭൂകമ്പം നേരിടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അവര്‍ പറഞ്ഞു. ഭംഗിയുള്ള വീട് എല്ലാവരുടെയും സ്വപ്നമാണ് എങ്കിലും മോടിപിടിപ്പിക്കല്‍ ഒഴിവാക്കി തറ ബലവത്താക്കുക എന്നും നിര്‍മ്മാണത്തില്‍ മിതത്വം പാലിക്കുകയെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഭവന നിര്‍മ്മാണത്തിന് ആവശ്യമായ സാങ്കേതിക സേവനം ബ്ലോക്ക് കേന്ദ്രങ്ങളില്‍ ലഭ്യമാകുമെന്ന് ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഏണസ്റ്റ് സി തോമസ് പറഞ്ഞു. ലൈഫ് ഗുണഭോക്താക്കള്‍, എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍, വാസ്തുശില്പി വിദഗ്ധര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.

date