Skip to main content

കേരളത്തിന് ഡിജിറ്റൽ ഇന്ത്യാ അവാർഡ്

 

കേന്ദ്ര ഇലക്‌ട്രോണിക്‌സ്-ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പിന്റെ ഡിജിറ്റൽ ഇന്ത്യാ പുരസ്‌കാരം കേരളത്തിന്. സമഗ്രമായ വെബ്, മൊബൈൽ അധിഷ്ഠിത സേവനങ്ങൾ സുഗമമായി ജനങ്ങൾക്ക് നൽകുന്നത് പരിഗണിച്ചാണ് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെ വിഭാഗത്തിനുള്ള പുരസ്‌കാരം കേരളത്തിന് ലഭിച്ചത്. സംസ്ഥാന സർക്കാർ പോർട്ടലുകളുടെ മികവും താഴേത്തലം വരെയുള്ള ഓഫീസുകളിലുള്ള ഇ-ഓഫീസ് സേവനങ്ങളും പ്രകീർത്തിക്കപ്പെട്ടു. സേവനങ്ങളുടെ വ്യാപ്തി, സുരക്ഷാ സംവിധാനങ്ങൾ, ഇലക്‌ട്രോണിക് ഓതൻറിക്കേഷനും ഡിജിറ്റൽ പേയ്‌മെൻറും, ഉപഭോക്താക്കളുടെ താൽപര്യങ്ങൾക്കനുസരിച്ചുള്ള സൗകര്യങ്ങൾ തുടങ്ങിയവ ജൂറി ചൂണ്ടിക്കാട്ടിയതായി സംസ്ഥാന ഐ.ടി. വകുപ്പ് സെക്രട്ടറി എം. ശിവശങ്കറും ഐ.ടി. മിഷൻ ഡയറക്ടർ ഡോ. എസ്. ചിത്രയും അറിയിച്ചു. കേരളത്തെ പ്രതിനിധീകരിച്ച് ഐ.ടി.മിഷൻ ഇ-ഗവേണൻസ് ഹെഡ് ഡോ. ശബരീഷ് കരുണാകരനും പ്രോജക്ട് മാനേജർ കൃഷ്ണ പിള്ളയും കേന്ദ്ര ഇലക്‌ട്രോണിക്‌സ്-ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി. സംസ്ഥാന സർക്കാർ പോർട്ടലുകളുടെ പരിപാലനചുമതല ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിനാണ്. 

പി.എൻ.എക്സ്. 685/19

date