Skip to main content
കല്യാട് നിര്‍മ്മിക്കുന്ന അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന് മുഖ്യമന്ത്രി തറക്കല്ലിട്ടു  ഡല്‍ഹിയിലും ഗള്‍ഫിലും ആയുര്‍വേദ കേന്ദ്രങ്ങള്‍ സ്ഥാപിക്കും 

പടിയൂര്‍ കല്ല്യാട് ഗ്രാമപഞ്ചായത്തിലെ കല്ല്യാട് തട്ടില്‍ സ്ഥാപിക്കുന്ന രാജ്യത്തിലെ തന്നെ ആദ്യ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടു. നാട്ടിലാകെ വ്യാപിച്ചു കിടക്കുന്ന വ്യത്യസ്തമായ നാട്ടറിവുകള്‍ പൊതു സ്വത്താക്കി മാറ്റിയെടുക്കാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. 

ആയുര്‍വേദം കേരളത്തിന് മാത്രം അവകാശപ്പെട്ടതല്ല, എന്നാല്‍ കേരളത്തിന് മാത്രം അവകാശപ്പെടാവുന്ന ഒത്തിരി കാര്യങ്ങള്‍ ആയുര്‍വേദത്തിലുണ്ട്. കലാകാലങ്ങളായി നമ്മള്‍ കൊണ്ടു നടന്ന ചികിത്സാരീതിയാണ് ആയുര്‍വേദം. ആയുര്‍വേദത്തിലെ പല അറിവുകളും നമുക്ക് നഷ്ടപ്പെട്ടു പോയിട്ടുണ്ട്. പണ്ട് പല രോഗങ്ങളുടെയും പ്രതിവിധി നമുക്ക് തന്നെ അറിയാമായിരുന്നു. അത് നമ്മുടെ തോട്ടങ്ങളില്‍ തന്നെയുണ്ടായിരുന്നു. നാട്ടിന്‍പുറങ്ങളിലെ വൈദ്യന്മാര്‍ക്ക് ഒട്ടേറെ രോഗങ്ങള്‍ മാറ്റാന്‍ കഴിയുമായിരുന്നു. തങ്ങള്‍ക്കു മാത്രമറിയാവുന്ന മരുന്നു കൂട്ടുകള്‍ ചിലര്‍ രഹസ്യമായി സൂക്ഷിച്ചു. അവര്‍ മരണപ്പെടുന്നതോടെ ആ അറിവുകള്‍ ഇല്ലാതായി. വലിയ വിജ്ഞാനത്തിന്റെ മേഖലയാണ് ആയുര്‍വേദം. താളിയോലകളിലെ അറിവുകള്‍ പൂര്‍ണ്ണമായും സമാഹരിക്കണം.

കളരി മര്‍മ്മ ചികിത്സയും പദ്ധതിയുടെ ഭാഗമാക്കണം. മസാജ് സെന്ററുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിശ്ചിത യോഗ്യത നിശ്ചയിക്കണം. ഇത് നല്ലൊരു തൊഴില്‍ മേഖലയായി മാറ്റാന്‍ കഴിയും. ഡല്‍ഹിയിലും ഗള്‍ഫ് നാടുകളിലും ആയുര്‍വേദ സെന്ററുകള്‍ സ്ഥാപിക്കും. ഡല്‍ഹിയില്‍ കേന്ദ്രം സ്ഥാപിക്കുന്നതിന്റെ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. അയുര്‍വേദ റിസര്‍ച്ച് സെന്ററിനോടനുബന്ധിച്ച് മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ സൗകര്യമൊരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. 300 കോടി ചെലവഴിച്ചാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കുന്നത്. 20 കോടി രൂപ ഇതിനകം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതായി അവര്‍ പറഞ്ഞു.

ആയുര്‍വേദത്തിന്റെ സമഗ്ര വികസനത്തിനും അമൂല്യമായ ഔഷധ സസ്യങ്ങളെ സംരക്ഷിക്കുന്നതിനും സംസ്ഥാന വികസനത്തിന് ആയുര്‍വേദത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനുമാണ് 311 ഏക്കറില്‍ ആയുര്‍വേദ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ സമന്വയിപ്പിച്ചുകൊണ്ടുള്ള ക്ലിനിക്കല്‍ റിസര്‍ച്ച്, അന്താരാഷ്ട്ര നിലവാരത്തിലുള്ള ആശുപത്രി എന്നിവ ഗവേഷണ കേന്ദ്രത്തിലുണ്ടാവും. ജീവിത ശൈലീ രോഗങ്ങള്‍, വാര്‍ധക്യകാല രോഗ ചികിത്സ എന്നിവയില്‍ ഗവേഷണ പരിപാടികള്‍ ആരംഭിക്കും. വൈദ്യശാസ്ത്ര അറിവുകളാല്‍ അമൂല്യമായ താളിയോലകളും കൈയെഴുത്തു പ്രതികളും സംരക്ഷിക്കുകയും ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുകയും ചെയ്യും. ആയുര്‍വേദ ജ്ഞാനങ്ങളും ലോകത്തിലെ വിവിധ പാരമ്പര്യ ചികിത്സാ രീതികളും പ്രദര്‍ശിപ്പിക്കുന്ന അന്താരാഷ്ട്ര മ്യൂസിയം ഇതിന്റെ ഭാഗമായി നിലവില്‍ വരും.

ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ മുഖ്യാതിഥിയായി. കെ കെ രാഗേഷ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വസന്തകുമാരി, പടിയൂര്‍ കല്ല്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ശ്രീജ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

date