Skip to main content

കൗതുകമുണര്‍ത്തി വിവിധ സേനകളുടെ സ്റ്റാളുകള്‍

മന്ത്രിസഭയുടെ ആയിരം ദിനാഘോഷപരിപാടികളുടെ ഭാഗമായി തിരൂരില്‍ നടക്കുന്ന വിപണന-പ്രദര്‍ശന മേളയില്‍ കൗതുകമുണര്‍ത്തി വിവിധ സേനകളുടെ സ്റ്റാളുകള്‍. വിവിധ ഉപകരണങ്ങള്‍ കാണാനും സേവനങ്ങള്‍ അടുത്തറിയാനും നിരവധി പേരാണ് പൊലീസ്, ഫയര്‍ഫോഴ്‌സ്, എക്‌സൈസ് സേനകള്‍ ഒരുക്കിയ സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നത്.
മുങ്ങിക്കപ്പലുകളിലും മറ്റും പുറം കാഴ്ചകള്‍ കാണാന്‍ പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന പെരിസ്‌കോപ്പ് പൊലീസ് സ്റ്റാളില്‍ പ്രദര്‍ശനത്തിനുണ്ട്. പൊലീസ് സേനാംഗങ്ങള്‍ പരിശീലനത്തിന് ഉപയോഗിച്ചിരുന്ന പുരാതന മെഡിസിന്‍ ബോളുകള്‍, പണ്ടു കാലത്ത് ഉപയോഗിച്ചിരുന്നത് തൊട്ട് പുതിയ തരം വരെയുള്ള ഹെല്‍മറ്റുകള്‍, ജാക്കറ്റുകള്‍, ഷീല്‍ഡുകള്‍, വെടിയുണ്ടകള്‍ സൂക്ഷിക്കാനുപയോഗിച്ചിരുന്ന പെട്ടി, ബൈനോക്കുലറുകള്‍, പൊലീസ് സേനയില്‍ നല്‍കുന്ന ബാഡ്ജുകള്‍, വിവിധ തരം ലാത്തികള്‍, പഴയ വടക്കുനോക്കി യന്ത്രം തുടങ്ങി നിരവധി ഉപകരണങ്ങളും മറ്റും മലബാര്‍ സ്‌പെഷ്യല്‍ പൊലീസ്(എം.എസ്.പി) ഒരുക്കിയ സ്റ്റാളിലൂടെ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു.

       ഫയര്‍ സ്റ്റേഷനുകളില്‍ അഗ്‌നിശമന സേനാംഗങ്ങള്‍ ഉപയോഗിക്കുന്ന യന്ത്രങ്ങളും സുരക്ഷാ സാമഗ്രികളും ഫയര്‍ഫോഴ്‌സ് സ്റ്റാളിലുടെ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനത്തിനൊരുക്കിയിട്ടുണ്ട്. പാചക വാതകം സുരക്ഷിതമായി ഉപയോഗിക്കാനും ചോര്‍ച്ചയുണ്ടായാല്‍ ശ്രദ്ധിക്കാനുമായി ബോധവത്കരണവും സ്റ്റാളില്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്നുണ്ട്. വാഹനാപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ വാഹനം വെട്ടിപ്പൊളിച്ച് ആളെ രക്ഷപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഹൈഡ്രോളിക് പവര്‍ കട്ടര്‍, ന്യൂമാറ്റിക് എയര്‍ ബാഗ്, അലുമിനിയം സ്യൂട്ട്ഫയര്‍, ജാക്കറ്റ്, മാനുവല്‍ പവര്‍ യൂനിറ്റ്,  ഡൈവിങ് സ്യൂട്ട്, പ്രാരംഭ ദിശയില്‍ തന്നെ തീയണക്കുന്ന എക്‌സിറ്റിങ്ഗ്യൂഷര്‍ തുടങ്ങി ഉപകരണങ്ങള്‍ കാണാനും പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനും സ്റ്റാളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം മനുഷ്യ ശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്നും ഇതില്‍ നിന്നും എങ്ങിനെ മോചനം നേടാമെന്നും പൊതുജന ങ്ങള്‍ക്ക്  മനസ്സിലാക്കിക്കൊടുക്കുകയാണ് പ്രദര്‍ശന സ്റ്റാളിലൂടെ എക്‌സൈസ് വകുപ്പ്  ചെയ്യുന്നത്. 'വിമുക്തി' ലഹരി വര്‍ജന മിഷന്റെ ആശയം ജനങ്ങളിലേക്കെത്തിക്കുന്നതി നൊപ്പം ലഹരിയുടെ ഉപയോഗത്താല്‍ തകരാറിലാകുന്ന ശരീരത്തിന്റെ വിവിധ അവയവങ്ങളുടെ മോഡലുകളും സ്റ്റാളുകളില്‍ ഒരുക്കയിരിക്കുന്നു. ഇതിലൂടെ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് കൃത്യമായ അവബോധം ജനങ്ങള്‍ക്ക് ലഭിക്കുന്നു. പൊതുജനങ്ങള്‍ക്ക് ഇത് നേരിട്ട് കാണാനും ലഹരിയുടെ ഉപയോഗം ഏതു രീതിയില്‍ ബാധിക്കുന്നു എന്നു മനസ്സിലാക്കാനും സാധിക്കും.

 

date