Skip to main content
ലൈഫ് പദ്ധതിയിലൂടെ പൂര്‍ത്തികരിച്ച വീടുകളുടെ താക്കോൽ ദാനചടങ്ങിൽ മന്ത്രി എം എം മണി സംസാരിക്കുന്നു.

വാഗ്ദാനങ്ങൾ പൂർണ്ണമായും നടപ്പാക്കുന്ന സർക്കാരാണിത്- മന്ത്രി എം.എം.മണി

 

 

വാഗ്ദാനങ്ങൾ പൂർണ്ണമായും നടപ്പാക്കി കൊണ്ട് മുന്നോട്ടു പോകുന്ന നയമാണ് സംസ്ഥാന സർക്കാരിന്റേതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി.

കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൽ 2018-19 വർഷത്തിൽ ലൈഫ് ഭവനപദ്ധതി പ്രകാരം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനം, അഞ്ചുരുളി സ്നാക്സ് സെന്റർ, വിശ്രമകേന്ദ്രം എന്നിവ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് നവകേരള നിർമ്മാണമാണ് സർക്കാർ നടപ്പാക്കുന്നത്.  ജനോപകാരപ്രദമായ പദ്ധതികൾ ഉൾക്കൊള്ളിച്ചുള്ള നാലു മിഷനുകളാണ് സർക്കാർ വിജയകരമായി പ്രാവർത്തികമാക്കിയത്.

കുടിശിഖ ഇല്ലാതെ ക്ഷേമ പെൻഷനുകൾ , ഉപാധിരഹിത പട്ടയം, ഭവന പദ്ധതികൾ തുടങ്ങി ജനങ്ങൾക്ക് നല്കിയ വാഗ്ദാനങ്ങളെല്ലാം നിറവേറ്റിയാണ് ഈ സർക്കാർ മുന്നോട്ടു പോകുന്നതെന്നും മന്ത്രി പറഞ്ഞു.

കാഞ്ചിയാർ മണക്കാട്ട് സെബാസ്റ്റ്യൻ ജോസഫ് മന്ത്രിയിൽ നിന്നും വീടിന്റെ താക്കോൽ ഏറ്റുവാങ്ങി.

കഴിഞ്ഞ പ്രളയത്തിൽ മാട്ടുക്കടയിൽ വെള്ളക്കെട്ടിലകപ്പെട്ട സ്കൂൾ കുട്ടികളെ സാഹസികമായി രക്ഷപെടുത്തിയ പേരൂശേരിൽ അജീഷ് വി.ജി, വിനൂപ് പി.വി   എന്നിവർക്ക് മന്ത്രി ഉപഹാരം നല്കി അനുമോദിച്ചു. കുടുംബശ്രീ മൈക്രോ സംരംഭങ്ങൾക്കുള്ള വായ്പ വിതരണ ഉദ്ഘാടനവും മന്ത്രി യോഗത്തിൽ നിർവ്വഹിച്ചു.

കാഞ്ചിയാർ വനിതാ സാംസ്കാരിക നിലയത്തിൽ നടന്ന ഉദ്ഘാടനയോഗത്തിന് റോഷി അഗസ്റ്റിൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജോയ്സ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തി. 

കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോർജ് സ്വാഗതമാശംസിച്ചു. 

ലൈഫ് പദ്ധതിയിൽ നിർമ്മാണം പൂർത്തീകരിച്ച 14 വീടുകളുടെ താക്കോൽദാനമാണ് ആദ്യഘട്ടത്തിൽ നടന്നത്. 16 വീടുകളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.  361 വീടുകൾക്കായി 15 കോടി രൂപയോളമാണ് ഗ്രാമപഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച 165 വീടുകളുടെ നിർമ്മാണം പുരോഗമിച്ചു വരുന്നു.

     യോഗത്തിന് മുന്നോടിയായി കേരള സർക്കാർ ലഹരിവർജന മിഷൻ വിമുക്തിയുടെ ഭാഗമായി ലഹരിവർജന ബോധവത്ക്കരണ സെമിനാറും നടന്നു. 'ലഹരിയും സമൂഹവും ' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ കട്ടപ്പന എക്സൈസ് ഇൻസ്പെക്ടർ വിജയകുമാർ തോമസ് ക്ലാസ് നയിച്ചു. 

   യോഗത്തിൽ  കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി, കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയകുമാരി ജയകുമാർ,  ബ്ലോക്ക് പഞ്ചായത്തംഗം കാഞ്ചിയാർ രാജൻ,  ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.എൻ. ബിനു, തങ്കമണി സുരേന്ദ്രൻ, ബിന്ദു മധുക്കുട്ടൻ, ഗ്രാമപഞ്ചായത്തംഗങ്ങൾ, ലൈഫ്മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പ്രവീൺ, ബിഡിഒ ബി.ധനേഷ്, പഞ്ചായത്ത് സെക്രട്ടറി പി.റ്റി ഷൈലജ, കാഞ്ചിയാർ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി.ബിജു, സി ഡി എസ് ചെയർപേഴ്സൺ ഷൈനി കെ.എം തുടങ്ങിയവർ സംസാരിച്ചു.

 

date