Skip to main content

പൊതുസ്ഥലങ്ങളും സര്‍ക്കാര്‍ ഓഫീസുകളും  21 നകം പോസ്റ്റര്‍ ഫ്രീ ആക്കാന്‍ നടപടി

 

ജില്ലയിലെ പൊതുസ്ഥലങ്ങളിലെയും ബസ്സ്‌സ്റ്റാന്റുകളിലെയും സര്‍ക്കാര്‍ ഓഫീസ് കോമ്പൗണ്ടുകളിലെയും എല്ലാ പരസ്യങ്ങളും മാര്‍ച്ച് 21നകം നീക്കം ചെയ്യാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി നിര്‍ദ്ദേശം നല്‍കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കലക്ടര്‍ ഈ നിര്‍ദേശം നല്‍കിയത്. 

അതത് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഇക്കാര്യം ഉറപ്പാക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. പൊതുസ്ഥലങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികളും മറ്റ് സംഘടനകളും സ്ഥാപിച്ച ബോര്‍ഡുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍ എന്നിവയും നീക്കം ചെയ്യും. ഇത്തരം പരസ്യങ്ങള്‍ നീക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ഇതിനകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവശേഷിക്കുന്നവ ആന്റി ഡിഫൈസ്‌മെന്റ് സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ നീക്കും. ഇതിന് വരുന്ന ചെലവ് ബന്ധപ്പെട്ട പാര്‍ട്ടികളില്‍ നിന്ന് ഈടാക്കാനും തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്താനുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം.

വോട്ടര്‍പട്ടികയില്‍ പുതുതായി പേര് ചേര്‍ത്തവരുടെ പരിശോധന 20നകം പൂര്‍ത്തിയാക്കണം. അപേക്ഷയില്‍ ആവശ്യമായ വിവരങ്ങള്‍ പൂര്‍ണമായി ഇല്ലാത്ത കേസുകളാണ് പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിയാതെ ശേഷിക്കുന്നതില്‍ അധികവും. പ്രാദേശിക തലത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും ബിഎല്‍ഒമാരുടെയും സെക്ടറല്‍ ഓഫീസര്‍മാരുടെയും സംയുക്ത യോഗം ചേര്‍ന്ന് ഇത്തരം അപേക്ഷകള്‍ പരിശോധന നടത്തി അപേക്ഷകരെ കണ്ടെത്താന്‍ ശ്രമിക്കണമെന്ന് നിര്‍ദ്ദേശിച്ചു. എന്നിട്ടും തിരിച്ചറിയാന്‍ കഴിയാത്ത അപേക്ഷകള്‍ തള്ളും.

പോളിംഗ് സ്‌റ്റേഷനുകളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് നടപടികള്‍ കൈക്കൊള്ളാന്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പോളിംഗ് സ്‌റ്റേഷനുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ റാമ്പ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഇത്തരം സൗകര്യം ഇല്ലാത്തയിടങ്ങളില്‍ താല്‍ക്കാലികമായി ഇവ സജ്ജീകരിക്കാന്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ നടപടിയെടുക്കണമെന്നും കലക്ടര്‍ അറിയിച്ചു.

 

date