Skip to main content
കമ്പം മുന്‍സിപ്പല്‍ ഹാളില്‍ ചേര്‍ന്ന ഇടുക്കി-തേനി ജില്ലാഭരണകൂടങ്ങളുടെ സംയുക്ത വോട്ടര്‍പട്ടിക  അവലോകന യോഗത്തില്‍ നിന്ന്.

ഇരട്ട വോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും

 

 

രണ്ട് തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് കൈവശം സൂക്ഷിക്കുന്നതും വോട്ടര്‍പട്ടികയില്‍ രണ്ടിടത്ത് പേരുണ്ടെങ്കിലും വോട്ടുചെയ്യാന്‍ ശ്രമിക്കുന്നതും ജനപ്രാതിനിധ്യപ്രകാരം കുറ്റകരമാണെന്നും  കര്‍ശന നടപടി നേരിടേണ്ടിവരുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ മുന്നറിയിപ്പ് നല്‍കി.

കമ്പം മുന്‍സിപ്പല്‍ ഹാളില്‍ ചേര്‍ന്ന ഇടുക്കി-തേനി ജില്ലാഭരണകൂടങ്ങളുടെ സംയുക്ത യോഗത്തിന് ശേഷമാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. തമിഴ്‌നാട്ടിലും കേരളത്തിലും വോട്ടര്‍പട്ടികയില്‍ പേരുള്ള ഏതാനുംപേരെ സൂക്ഷ്മപരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് ഇലക്ടറല്‍ സെക്ടര്‍ ഓഫീസര്‍ സമക്ഷം എവിടെയാണ് വോട്ട് ചെയ്യാന്‍ താല്‍പര്യം എന്നറിയിച്ച് രണ്ടാമത്തെ വോട്ട് പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യാം. 

തെരഞ്ഞെടുപ്പ് നിരീക്ഷണ സ്‌ക്വാഡുകള്‍, എക്‌സൈസ്, പോലീസ് എന്നിവയുടെ പരിശോധനയിലൂടെയും അതിര്‍ത്തിയിലെ ചരക്കുനീക്കവും വാഹന നീക്കത്തിന്റെയും നിരീക്ഷണം ശക്തമാക്കും. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തുന്നവരുടെ തിരിച്ചറിയല്‍ രേഖ പരിശോധിക്കുന്നതിനും വോട്ടര്‍പട്ടികയുമായി ഒത്തുനോക്കുന്നതിനും ഇരു ജില്ലകളും നിരീക്ഷണ ഉദ്യോഗസ്ഥര്‍ക്ക് രേഖകള്‍ കൈമാറാനും കമ്പം മുന്‍സിപ്പല്‍ ഹാളില്‍ ചേര്‍ന്ന സംയുക്ത യോഗം തീരുമാനിച്ചു.

തമിഴ്‌നാട്ടിലും കേരളത്തിലും രണ്ടു ഘട്ടങ്ങളിലായി  നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടിടത്തും വോട്ട്‌ചെയ്യാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത പരിശോധന നടത്താന്‍ ഇരു ജില്ലാഭരണകൂടവും തീരുമാനിച്ചത്. യോഗത്തില്‍ തേനി കളക്ടര്‍ എം. പല്ലവി ബല്‍ദേവ്, വനംവകുപ്പ് ഡെപ്യൂട്ടിഡയറക്ടര്‍ ശില്‍പ്പ വി. കുമാര്‍,  തമിഴ്‌നാട് ഡി.ആര്‍.ഒ കെ. കന്തസാമി, പോലീസ് സൂപ്രണ്ട് വി.ഭാസ്‌കരന്‍,  വിവിധ വകുപ്പ് തലവന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date