Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

പെരുമാറ്റച്ചട്ടം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ 

രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കരുത്

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനോ ഇലക്ഷന്‍ ഏജന്റ്, പോളിംഗ് ഏജന്റ്, കൗണ്ടിംഗ് ഏജന്റ് എന്നീ സ്ഥാനങ്ങള്‍ വഹിക്കാനോ പാടില്ല. രാഷ്ട്രീയപാര്‍ട്ടികളുടെ യോഗങ്ങളിലോ ഇലക്ഷന്‍ ക്യാമ്പയിനുകളിലോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കരുത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി രാഷ്ട്രീയബന്ധമുള്ള പോസ്റ്റുകള്‍ ഇടുവാനോ ഷെയര്‍ ചെയ്യാനോ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യാനോ പാടില്ലെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

 

തെരഞ്ഞെടുപ്പ് റേറ്റ് ചാര്‍ട്ട്; യോഗം നാളെ
 

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിന്റെ ഭാഗമായുള്ള റേറ്റ് ചാര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി നാളെ(മാര്‍ച്ച് 23 ) ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. യോഗത്തില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ ഓരോ പ്രതിനിധി വീതം പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 

 

റേഷന്‍ കാര്‍ഡ് വിതരണം ചെയ്യും

പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനായി 2018 ആഗസ്റ്റ് ആറ് മുതല്‍ ഒമ്പത് വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവരില്‍ അപേക്ഷ നമ്പര്‍ 8426 മുതല്‍ 46058 വരെയുളളവര്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ച രേഖകള്‍, പേര് ഉള്‍പ്പെട്ട കാര്‍ഡ് എന്നിവ സഹിതം മാര്‍ച്ച് 23, 25 തീയതികളില്‍ കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാകണം. അന്നേ ദിവസം റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട മറ്റ് അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

 

ഐ ടി പരീക്ഷ 29 ന്

2018 വരെയുള്ള കാലയളവില്‍ എസ്എസ്എല്‍സി ഐ ടി പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്കും പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്കും വേണ്ടിയുള്ള പരീക്ഷ മാര്‍ച്ച് 29 ന് ചൊവ്വ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും. 2018 ലെ പി സി എന്‍ കുട്ടികള്‍ക്കും 2019 വര്‍ഷത്തെ എസ്എസ്എല്‍സി ഐടി പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാത്ത സ്‌കൂള്‍ ഗോയിംഗ് വിദ്യാര്‍ത്ഥികള്‍ക്കും പുതിയ സ്‌കീമില്‍ ഐടി പരീക്ഷ എഴുതാം.

 

തൊഴില്‍ രഹിത വേതനം

മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തില്‍ തൊഴില്‍ രഹിത വേതനം മാര്‍ച്ച് 25, 26 തിയ്യതികളില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ പഞ്ചായത്ത് ഓഫീസില്‍ വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.

 

സൂര്യാഘാതം; സൂര്യതാപ മുന്നറിയിപ്പ് 

ജില്ലയില്‍ മാര്‍ച്ച് 26 വരെ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന്  കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് മണിവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. 

നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം കയ്യില്‍ കരുതുക, രോഗങ്ങള്‍ ഉള്ളവര്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് മണിവരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക, പരമാവധി ശുദ്ധജലം കുടിക്കുക, കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക, അയഞ്ഞ ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം. അവധി പ്രമാണിച്ച് വിനോദ സഞ്ചാരത്തിന് വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന സ്‌കൂളുകള്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് മണിവരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം. 

വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്ന തൊഴില്‍ സമയം പുനക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവ് തൊഴില്‍ദാതാക്കള്‍ പാലിക്കേണ്ടതാണെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഈ മുന്നറിയിപ്പ് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും കലാവസ്ഥാവകുപ്പ് അറിയിച്ചു.  

 

വെസ്റ്റ് നൈല്‍ പനി: ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം

വെസ്റ്റ് നൈല്‍ പനി ബാധിച്ച് ചികിത്സയിലിരുന്ന മലപ്പുറം സ്വദേശിയായ കുട്ടി മരിച്ച സാഹചര്യത്തില്‍ ജില്ലയിലും ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ നാരായണ നായ്ക് അറിയിച്ചു. സാധാരണ  വൈറല്‍ പനിക്ക് ഉണ്ടാവുന്ന കണ്ണുവേദന, പനി, ശരീരവേദന, തലവേദന, ഛര്‍ദ്ദി, വയറിളക്കം, ചര്‍മ്മത്തിലെ തടിപ്പുകള്‍ എന്നിവയാണ് വെസ്റ്റ് നൈല്‍ പനിയുടെ ലക്ഷണങ്ങള്‍. രോഗബാധ ഏല്‍ക്കുന്ന ഒരു ശതമാനത്തില്‍ താഴെ പേര്‍ക്ക് മസ്തിഷക വീക്കം പോലുള്ള ഗുരുതര ലക്ഷണങ്ങളും ഉണ്ടാകാം. 

ഡെങ്കിപ്പനിക്കും മറ്റും കാരണമാകുന്ന ഫ്ലാവി വൈറസ് വിഭാഗത്തില്‍ പെട്ട ഈ രോഗാണുക്കള്‍ പക്ഷികളിലാണ് കാണപ്പെടുന്നത്. രാത്രികാലങ്ങളില്‍ കടിക്കുന്ന ക്യൂലക്സ് വിഭാഗത്തില്‍പെട്ട കൊതുകുകളിലൂടെ ഈ രോഗാണു പക്ഷികളില്‍ നിന്നും മനുഷ്യരിലെത്തുന്നു. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് ഈ രോഗം സാധാരണ പകരുകയില്ല. രോഗബാധിതരില്‍ നിന്നും രക്ത-അവയവ ദാനത്തിലൂടെയും അമ്മയില്‍ നിന്നും കുഞ്ഞിനും ഗര്‍ഭിണികളില്‍ നിന്ന് ഗര്‍ഭസ്ഥശിശുവിനും അപൂര്‍വ്വമായി രോഗം ബാധിക്കാം. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരിലും ഡയബറ്റിസ്, കാന്‍സര്‍, രക്തസമ്മര്‍ദ്ദം, കിഡ്നി രോഗങ്ങളുള്ളവരിലും വൈറസ് ബാധ ഗുരുതരമാകാം. 

കൊതുകുകടിയിലൂടെ പകരുന്നതിനാല്‍ കൊതുക്വല ഉപയോഗിച്ചും ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിച്ചും കൊതുകിനെ അകറ്റുന്ന തിരികളും ലേപനങ്ങളും ഉപയോഗിച്ചും  രോഗത്തെ പ്രതിരോധിക്കേണ്ടതാണ്. കൊതുക് വളരാനിടയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. ദേശാടനപ്പക്ഷികള്‍ കൂടുതല്‍ കാണപ്പെടുന്ന സ്ഥലങ്ങളിലും  കൊതുകിന്റെ സാന്ദ്രത കൂടിയ സ്ഥലങ്ങളിലും ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

 

വൈദ്യുതി മുടങ്ങും

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മാതമംഗലം സ്‌കൂള്‍, ചമ്പാട്, ആമിന കോംപ്ലക്‌സ്, ബിഎസ്എന്‍എല്‍, തുമ്പതടം, തായിറ്റേരി എന്നിവിടങ്ങളില്‍ നാളെ( മാര്‍ച്ച് 23) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കൈപ്പക്കമെട്ട, കൈപ്പക്കമെട്ട പള്ളി, കോയ്യോട്ട് പാലം, ചെമ്മാടം, പള്ളിയത്ത്, ചെമ്മാടം വായനശാല എന്നിവിടങ്ങളില്‍ നാളെ( മാര്‍ച്ച് 23) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മോത്തി കെമിക്കല്‍സ്, ലേഡീസ് ഹോസ്റ്റല്‍, ടി എം ആര്‍, കടമ്പേരി, അയ്യന്‍കോവില്‍, പീലേരി, സി കെ കുന്ന്, കടമ്പേരി വനിതവ്യവസായ കേന്ദ്രം എന്നിവിടങ്ങളില്‍ നാളെ( മാര്‍ച്ച് 23) രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പന്നേമ്പാറ റോഡ്, കോട്ടണ്‍മാര്‍കണ്ടി, അഴീക്കോടന്‍ റോഡ്, കെ പി റോഡ്, മാര്‍ക്കറ്റ് റോഡ് എന്നിവിടങ്ങളില്‍ നാളെ( മാര്‍ച്ച് 23) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

date