Skip to main content
വലിയപറമ്പ ഗ്രാമപഞ്ചായത്തിലെ കയ്യില്‍ സൗത്ത് കടപ്പുറം  ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍.

കയ്യില്‍ സൗത്ത് കടപ്പുറം  ബൂത്തില്‍ പോളിംഗ്  ഉദ്യോഗസ്ഥരും സാമഗ്രികളും ബോട്ടില്‍ എത്തും

വലിയപറമ്പ ഗ്രാമപഞ്ചായത്തിലെ കയ്യില്‍ സൗത്ത് കടപ്പുറം  ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ (ബൂത്ത് നമ്പര്‍ 159) പോളിംഗ് ഉദ്യോഗസ്ഥരും സാമഗ്രികളും ബോട്ടില്‍ എത്തും.  വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പഞ്ചായത്താണു വലിയപറമ്പ. ഇവിടുത്തെ ഈ ബൂത്തില്‍ ആകെ  335 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 161 പുരുഷന്‍മാരും 174 സ്ത്രീകളുമാണ്. വലിയപറമ്പ ഗ്രാമപഞ്ചായത്തിലെ പാണ്ടിയാളകടവിലാണു കയ്യില്‍ ജി എല്‍ പി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.  

 കണ്ണൂര്‍ ജില്ലയില്‍  ഉള്‍പ്പെട്ട രാമന്തളി കടവില്‍ നിന്നും പാണ്ടിയാള കടവിലേക്കു  ബോട്ട് സര്‍വ്വീസുണ്ട്. പോളിങ്ങ് ഉദ്യോഗസ്ഥര്‍ ഇതുവഴിയാണ് വരുന്നത്. ബോട്ടിലൂടെ വരുന്നതു കൊണ്ട് സ്‌കൂളിന്റെ  സമീപത്ത് ഇറങ്ങാം. റോഡ് മാര്‍ഗമാണു വരുന്നതെങ്കില്‍ സ്‌കൂളിന് മൂന്നു കിലോമീറ്റര്‍ അകലെ മാത്രമെ വാഹനം എത്തൂ. ചതുപ്പ് നിലമായതിനാല്‍ പോളിംഗ് സാമഗ്രികളുമായി    സ്‌കൂളിലേക്കു നടക്കാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ്  ബോട്ട് സൗകര്യത്തെ ആശ്രയിക്കുന്നത്. രാമന്തളിയില്‍ നിന്നു വലിയ പറമ്പിലേക്കു വാഹനത്തില്‍ വരുമ്പോള്‍ ചുരുങ്ങിയത് 20 കിലോമീറ്റര്‍ ദൂരം അധികം സഞ്ചരിക്കുകയും വേണം. ബോട്ടിലാണെങ്കില്‍ ചുരുങ്ങിയത് അഞ്ച് മിനുറ്റ്  സഞ്ചരിച്ചാല്‍ മതി. സമയവും ലാഭിക്കാം. 

രാമന്തളി ഭാഗത്തെയും വലിയ പറമ്പ് പഞ്ചായത്തിനേയും  ബന്ധിപ്പിക്കുന്ന കടവാണ് പാണ്ടിയാള കടവ്. പാണ്ടിയാള കടവിനെയും രാമന്തളി കടവിനെയും ബന്ധിപ്പിക്കുന്ന ഫൈബര്‍ ബോട്ടില്‍  25 പേര്‍ക്ക് കയറാം.  ഇവിടെയുള്ള ഏറെ പേരും പുറം ലോകവുമായി ബന്ധപ്പെടാന്‍ ബോട്ട്  സൗകര്യത്തെയാണ് ആശ്രയിക്കുന്നത്.  തോണി സൗകര്യവും ഇവിടെ ഉണ്ട.്  

 

date