Skip to main content

തിരഞ്ഞെടുപ്പ് ചെലവ് രജിസ്റ്ററില്‍  എഴുതി സൂക്ഷിക്കണം: ജില്ലാ കലക്ടര്‍

 

സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവുകള്‍ രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കണമെന്നു ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ എ ആര്‍ അജയകുമാര്‍ നിര്‍ദേശിച്ചു. ചേംബറില്‍ ചേര്‍ന്ന രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രചാരണ സാമഗ്രികളുടെ ഏറ്റവും കുറഞ്ഞ നിരക്ക് കമ്മീഷന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെലവ് രേഖപ്പെടുത്തുമ്പോള്‍ ഈ നിരക്കില്‍ കുറവ് വരുത്തരുത്. പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി ഹോര്‍ഡിങുകളോ പോസ്റ്ററുകളോ നീക്കം ചെയ്യേണ്ടിവന്നാല്‍ അതിനുള്ള ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. 

പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മരങ്ങളില്‍ ആണിയടിക്കുന്നത് ഒഴിവാക്കണമെന്നു കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. ഒരു കാരണവശാലും ഫ്‌ളക്‌സ് ഉപയോഗിക്കരുത്. പാതയോരങ്ങളിലെ കൊടിമരങ്ങളില്‍ പാര്‍ട്ടി ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ഒഴിവാക്കണം. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ മികച്ച രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ നല്‍കിവരുന്ന സഹകരണം തുടര്‍ന്നും ഉണ്ടാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 

വയനാട് ജില്ലാ പോലിസ് സൂപ്രണ്ട് ആര്‍ കറപ്പസാമി, എഡിഎം കെ അജീഷ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി റംല, ഫിനാന്‍സ് ഓഫിസര്‍ എ കെ ദിനേശന്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളായ വിജയന്‍ ചെറുകര, എന്‍ കെ റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു. 

date