Skip to main content

ലോകസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 48 വീഡിയോ സര്‍വെലന്‍സ് ടീമുകള്‍ രൂപീകരിച്ചു

ലോകസഭാ  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും പ്രചാരണ വാഹനങ്ങളും റാലികളും പോസ്റ്റുകളും പൊതു പരിപാടികളും മറ്റും വീഡീയോയില്‍ പകര്‍ത്തുന്നതിനായി  വീഡിയോ സര്‍വെലന്‍സ് ടീമുകള്‍ രൂപീകരിച്ചു. വിജ്ഞാപനം പുറപ്പെടുവിക്കുന്ന മാര്‍ച്ച് 28 മുതല്‍ വീഡിയോ സര്‍വെലന്‍സ് ടീമുകള്‍ രംഗത്തിറങ്ങും. ജില്ലയിലെ ഓരോ അസംബ്ലി നിയോജക മണ്ഡലത്തിലും മൂന്ന് വീതം 48 വീഡിയോ സര്‍വലന്‍സ് ടീമുകളാണ് രൂപീകരിച്ചത്.  ഒരു ഉദ്യോഗസ്ഥനും ഒരു വീഡിയോഗ്രാഫറും അടങ്ങുന്നതാണ്  വീഡിയോ സര്‍വെലന്‍സ് ടീം. ചെലവ് നിരീക്ഷകരുടെയും അസിസ്റ്റന്റ് ചെലവ് നിരീക്ഷകരുടെയും കീഴിലാണ് ടീം പ്രവര്‍ത്തിക്കുക. ഇതിനു പുറമെ വീഡീയോ സര്‍വലന്‍സ് ടീം റിക്കാര്‍ഡ് ചെയ്യുന്ന വീഡീയോകള്‍ പരിശോധിക്കുന്നതിന് ഓരോ നിയോജക മണ്ഡലത്തിനും രണ്ട് ഉദ്യോഗസ്ഥരടങ്ങുന്ന വീഡിയോ വ്യൂവിങ് ടീമും രൂപീകരിച്ചിട്ടുണ്ട്. ടീമിന്റെ നോഡല്‍ ഓഫീസര്‍ ഫൈനാന്‍സ് ഓഫീസര്‍ എന്‍.സന്തോഷ് കുമാറാണ്.
പ്രചാരണത്തിന് ഉപയോഗിക്കുന്ന വേദി, പ്രസംഗപീഠം, കട്ടൗട്ടുകള്‍, കസേരകള്‍, മറ്റ് ഫര്‍ണിച്ചര്‍, ബാനര്‍, പോസ്റ്റര്‍, ഉപയോഗിക്കുന്ന വാഹനങ്ങള്‍, അവയുടെ മോഡല്‍, ഭക്ഷണ വിതരണം, ലൈറ്റുകള്‍, ലൗഡ് സ്പീക്കര്‍, മറ്റ് പ്രചാരണ മാധ്യമങ്ങള്‍ എന്നിവ വ്യക്തമായി കാണുന്ന വിധമാകും വീഡിയോ റെക്കോഡിങ്. മാതൃകാ പെരുമാറ്റച്ചട്ട ലംഘനമുണ്ടായെന്ന്  പരിശോധിക്കുന്നതിന് സ്ഥാനാര്‍ഥിയുടെയും മറ്റുള്ളവരുടെയും പ്രസംഗവും മുഴുവനായി റെക്കോര്‍ഡ് ചെയ്യും. റെക്കോര്‍ഡ് ചെയ്ത വിവരങ്ങള്‍ വീഡിയോ വ്യൂവിങ് ടീം പരിശോധിച്ച് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സ്ഥാനാര്‍ഥിയുടെ ചെലവ് രജിസ്റ്ററും ഷാഡോ  ഒബ്‌സര്‍വേഷന്‍ രജിസ്റ്ററുമായി താരതമ്യംചെയ്ത് നിരക്കുകളില്‍ എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ വ്യത്യാസം കണ്ടെത്തിയാല്‍  റിട്ടേണിങ് ഓഫീസര്‍ സ്ഥാനാര്‍ഥിയോട് വിശദീകരണം ആവശ്യപ്പെടും.
അനധികൃതമായി പ്രചാരണ വസ്തുക്കള്‍ സ്ഥാപിക്കുന്ന തിനെതിരായ നടപടി ശക്തമാക്കി:
 ഇന്നലെ മാത്രം നീക്കിയത് 2988 എണ്ണം
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രചാരണ വസ്തുക്കള്‍ സ്ഥാപിക്കുന്നതിനെതിരായ നടപടി ജില്ലയില്‍ ശക്തമാക്കി. ഇതിനകം പൊതു സ്ഥലത്ത് സ്ഥാപിച്ച 20369 പ്രാചാരണ സാമഗ്രികള്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം നീക്കം ചെയ്തു. അനുമതിയില്ലാതെ സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ച 220 സാമഗ്രികളും നീക്കം ചെയ്തു. ഇന്നലെ മാത്രം 2988 എണ്ണം പൊതു സ്ഥങ്ങളില്‍ നിന്നും 35 എണ്ണം സ്വകാര്യ സ്ഥലത്തു നിന്നും നീക്കം ചെയ്തിട്ടുണ്ട്.
പൊതു സ്ഥലത്തെ 59 ചുമരെഴുത്തുകള്‍ ഒഴിവാക്കി ഇതില്‍ നാലെണ്ണം ഇന്നലെ ഒഴിവാക്കിയതാണ്. ഇതുവരെയായി 13792 പോസ്റ്ററുകള്‍, 3771 ഫ്ളക്സുള്‍പ്പെടെയുള്ള ബാനറുകള്‍, 2747 കൊടികള്‍ എന്നിവ നീക്കം ചെയ്തിട്ടുണ്ട്. അനുമതിയില്ലാതെ സ്വകാര്യ സ്ഥലത്തു നടത്തിയ 35 ചുമരെഴുത്തുകള്‍ ഒഴിവാക്കി. സ്വാകാര്യ സ്ഥലങ്ങളിലെ 129 പോസ്റ്ററുകളും 36 ബാനറുകളും 20 കൊടികളും നീക്കം ചെയ്തവയിലുണ്ട്.
പൊതുസ്ഥലത്ത് പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുന്നവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിക്കല്‍ നിയമ പ്രകാരം നടപടി സ്വീകരിച്ചുവരുന്നുമുണ്ട്. പൊതുസ്ഥലത്തെ പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുതിന് ചെലവായ തുക സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. പോസ്റ്റര്‍, ബാനര്‍, ലഘുലേഖ എന്നിവയില്‍ പ്രിന്ററുടെയും പബ്ലിഷറുടെയും പേരും ഫോണ്‍ നമ്പറും നല്‍കണം. ഇവ ഇല്ലാതെ അച്ചടിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ 1954ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 127(എ) പ്രകാരം നടപടി സ്വീകരിക്കും. ആറ് മാസം വരെ തടവ് ലഭിക്കുന്ന വകുപ്പാണിത്. സ്വകാര്യ സ്ഥലത്ത് സ്ഥാപിക്കുതിന് സ്ഥലമുടമയില്‍ നിന്നും അനുമതി വാങ്ങണം.

 

date