Skip to main content

കാര്യക്ഷമമായ വെബ്കാസ്റ്റിംഗ് സംവിധാനം തെരഞ്ഞെടുപ്പ് സുതാര്യത ഉറപ്പാക്കി

 

ജില്ലയിലെ പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും, ജില്ലാ കളക്ടറുമായ പി ബി നൂഹിന്റെ നേതൃത്വത്തില്‍ സംസ്ഥാന ഐടി മിഷന്‍- അക്ഷയ മുഖേന ഏര്‍പ്പെടുത്തിയ വെബ് കാസ്റ്റിംഗ്് സംവിധാനം ഏറെ ഫലപ്രദമായി. സെന്‍സിറ്റീവും, വള്‍ണറബിളുമായ 71 ബൂത്തുകളിലാണ് വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയത്. പ്രശ്‌നബാധിത ബൂത്തുകളിലെ വോട്ടെടുപ്പ് നടപടികള്‍ കളക്ടറേറ്റില്‍ ഒരുക്കിയ കണ്‍ട്രോള്‍ റൂം മുഖേന ജില്ലാ കളക്ടര്‍ നിരീക്ഷിക്കുകയും തല്‍സമയം ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. പ്രശ്നബാധിത ബൂത്തുകളിലെത്തുന്ന ഓരോ വോട്ടര്‍മാരും വോട്ട് ചെയ്യാനെത്തുന്നതും, രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉള്‍പ്പടെയുളള എല്ലാ കാര്യങ്ങളും വെബ്കാസ്റ്റിംഗിലൂടെ തല്‍സമയം രേഖപ്പെടുത്തിയിരുന്നു. കള്ള വോട്ട് ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കി വോട്ടെടുപ്പ് സുതാര്യവും, സുഗമവും ആക്കുന്നതിന് വെബ് കാസ്റ്റിംഗ് സഹായകരമായി. ജില്ല ഇ-ഗവേണന്‍സ് പ്രോജക്ട് മാനേജര്‍ ഷൈന്‍ ജോസിന്റെ നേതൃത്വത്തിലുളള അക്ഷയ ജീവനക്കാരും, സംരംഭകരും, ഓപ്പറേറ്റര്‍മാരുമടങ്ങിയ ടീമിന്റെ കര്‍മ്മനിരതമായ പ്രവര്‍ത്തനം വെബ് കാസ്റ്റിംഗ് സംവിധാനം വിജയിപ്പിക്കുന്നതിന് സഹായകമായി. 

ജില്ലാ ഭരണകൂടം, അക്ഷയ, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, ജില്ലാ ഐടി സെല്‍, ബി എസ് എന്‍ എല്‍, കെ എസ് ഇ ബി, എന്നിവയുടെ മികവുറ്റ ഏകോപനത്തോടെ സജ്ജീകരിച്ച വെബ് കാസ്റ്റിംഗ് സംവിധാനത്തിലൂടെ വോട്ടെടുപ്പ് നടപടിക്രമങ്ങളുടെ തത്സമയ സംപ്രേഷണം തടസമില്ലാതെ നടത്തുന്നതിന്  വഴിയൊരുക്കി. 

ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ് സന്തോഷ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ജിജി ജോര്‍ജ്, അഡീഷണല്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ആലീസ് ആന്‍ഡ്രൂസ് കോട്ടിരി, ജില്ലാ ഐ.ടി സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ഷിബു തോമസ്, ബി.എസ്.എന്‍.എല്‍ പത്തനംതിട്ട ഡിവിഷണല്‍ എന്‍ജിനിയര്‍ പിങ്കി എസ് ജോണ്‍, കെ എസ് ഇ ബി  പത്തനംതിട്ട  സെക്ഷന്‍  അസി എന്‍ജിനീയര്‍ മധുസൂധനന്‍ നായര്‍, അക്ഷയ അസിസ്റ്റന്റ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ എസ് ഷിനു എന്നിവര്‍ വെബ് കാസ്റ്റിംഗ് സംവിധാനത്തിന് നേതൃത്വം നല്‍കി.                    (ഇലക്ഷന്‍: 241/19)

date