Skip to main content

സി വിജിൽ: സംസ്ഥാനത്തിന് റെക്കോർഡ് നേട്ടം

* പരാതികളുടെ എണ്ണത്തിലും പരിഹാരത്തിലും വമ്പൻ നേട്ടം

* തിരഞ്ഞെടുപ്പ് കമ്മീഷൻ അഭിനന്ദിച്ചു

മാതൃകാപെരുമാറ്റച്ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'സി-വിജിൽ' മൊബൈൽ ആപ്പ് വഴി ലഭിച്ച പരാതികളുടെ എണ്ണത്തിൽ കേരളത്തിന് റെക്കോർഡ് നേട്ടം. ലഭിച്ച പരാതികളിൽ 92 ശതമാനവും പരിഹരിച്ച് കേരളം ദേശീയ ശരാശരിയേക്കാൾ ഏറെ മുന്നിലെത്തി. ദേശീയശരാശരി 78 ശതമാനമാണ്. മികച്ച പ്രവർത്തനം കാഴ്ചവെച്ച മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അഭിനന്ദിച്ചു. 

രാജ്യത്താകെ സി-വിജിൽ വഴി ലഭിച്ച 1,24,424 പരാതികളിൽ 64,020 എണ്ണവും കേരളത്തിൽ നിന്നാണ്. ഇവ പരിശോധിച്ചപ്പോൾ 58,617 പരാതികൾ ശരിയാണെന്ന് കണ്ടെത്തി നടപടിയെടുത്തിട്ടുണ്ട്. ബാക്കി എല്ലാ സംസ്ഥാനങ്ങളിലുമായി ലഭിച്ചത് ആകെ 60,404 പരാതികൾ മാത്രമാണ്.

രണ്ടാംസ്ഥാനത്തുള്ള മധ്യപ്രദേശിൽനിന്ന് 13,583 പരാതികളാണ് ലഭിച്ചത്. മൂന്നാംസ്ഥാനത്തുള്ള പശ്ചിമബംഗാളിൽനിന്ന് 8174 പരാതികളും ലഭിച്ചു. 

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലെ കേന്ദ്രീകൃത സെല്ലിന്റെ മേൽനോട്ടത്തിൽ പരാതികൾ പരിശോധിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ വഴി നടപടിയെടുത്തു. കൂടുതൽ പരാതികൾ വന്നത് ഹോർഡിംഗുകൾ, പോസ്റ്ററുകൾ തുടങ്ങിയവ സംബന്ധിച്ചാണ്. പ്രചാരണവിലക്കുള്ള കാലത്തെ പ്രചാരണം, വിദ്വേഷപ്രസംഗം, അനുമതിയില്ലാതെ കോൺവോയ് വാഹനമുപയോഗിക്കൽ, ബൂത്തിനുസമീപം പ്രചാരണം, സമയപരിധികഴിഞ്ഞ് സ്പീക്കർ ഉപയോഗം തുടങ്ങി 16 വിഭാഗങ്ങളിലായാണ് സി-വിജിൽ വഴി പരാതികൾ നൽകാൻ അവസരമുണ്ടായിരുന്നത്. തെളിവായി ആപ്പ് വഴി വീഡിയോകളും ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാനും സൗകര്യമുണ്ടായിരുന്നു. പരാതിക്കാരനെ തിരിച്ചറിയാനുള്ള വിവരങ്ങൾ മറച്ചായിരുന്നു തുടർനടപടികൾക്കായി പരാതികൾ കൈമാറിയിരുന്നത്. 

മാതൃകാ പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുന്നത് സംബന്ധിച്ച് കൃത്യമായ ബോധവത്കരണം ജനങ്ങൾക്ക് നൽകാനായതാണ് പരാതികൾ കൂടുതൽ ലഭിക്കാനും തുടർനടപടികൾ സ്വീകരിക്കാനും സഹായമായതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു.

പി.എൻ.എക്സ്. 1165/19

date