Skip to main content

റോഷ്‌നി പദ്ധതി കൂടുതല്‍ വിദ്യാലയങ്ങളിലേക്ക്

കാക്കനാട്: ജില്ലയിലെ അതിഥി സംസ്ഥാന വിദ്യാര്‍ത്ഥികളുടെ ഔപചാരിക വിദ്യാഭ്യാസം ഉറപ്പാക്കി  സമൂഹത്തിന്റെ മുന്‍ നിരയിലേക്ക് കൊണ്ടുവരുവാന്‍ ആവിഷ്‌കരിച്ച റോഷ്‌നി പദ്ധതി കൂടുതല്‍ വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. 2019-20 അദ്ധ്യയന വര്‍ഷം 1300 കുട്ടികളെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. വിപുലീകരിച്ച പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ മൂന്നിന് വൈകീട്ട് മൂന്ന് മണിക്ക് ആലുവ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. പുതുതായി 20 വിദ്യാലയങ്ങളിലേക്കാണ് പദ്ധതി വ്യാപിപ്പിക്കുന്നത്. ഇതോടെ പദ്ധതി നടപ്പിലാക്കുന്ന ആകെ വിദ്യാലയങ്ങളുടെ എണ്ണം 40 ആകും. സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരും ബന്ധപ്പെട്ട പി.ടി.എ പ്രതിനിധികളും അതത് സ്‌കൂള്‍ പ്രദേശത്ത് കുട്ടികളെ കണ്ടെത്തുന്നതിനും പദ്ധതിയുടെ ഭാഗമാക്കുന്നതിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും.
    പുതിയ അദ്ധ്യയന വര്‍ഷത്തെ പദ്ധതിയുടെ നടത്തിപ്പിനായി സിവില്‍ സ്‌റ്റേഷനില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍  മുഹമ്മദ് വൈ. സഫീറുള്ള അദ്ധ്യക്ഷത വഹിച്ചു. വിദ്യാലയങ്ങളില്‍ എത്തുന്ന കുട്ടികള്‍ക്ക് ഭക്ഷണം, സുരക്ഷ എന്നിവ ഉറപ്പ് വരുത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. 2017ല്‍ ബി.പി.സി.എല്ലിന്റെ ധനസഹായത്തോടെ ആരംഭിച്ച പദ്ധതി ഓരോ വര്‍ഷവും മികച്ച രീതയില്‍ മുന്നോട്ട് പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭാഷാപരമായ പരിമിതികള്‍ മറികടന്ന് അതിഥി സംസ്ഥാന തൊഴിലാളികളുടെ മക്കളുടെ പഠനനിലവാരം ഉയര്‍ത്താനും കേരള സമൂഹത്തിന്റെ ഭാഗമാക്കുവാനും ലക്ഷ്യമിടുന്നതാണ് പദ്ധതിയെന്ന് അദ്ദേഹം വ്യക്തമാക്കി. സോഷ്യല്‍ ഓഡിറ്റ് സര്‍വ്വേയില്‍ പദ്ധതി ഏറെ ഗുണകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
    യോഗത്തില്‍ റോഷ്‌നി പദ്ധതിയുടെ ജനറല്‍ കോ-ഓഡിനേറ്റര്‍ സി.കെ പ്രകാശ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ് കുസുമം, ബി.പി.സി.എല്‍ പ്രതിനിധി വിനീത് വര്‍ഗ്ഗീസ്, എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ സജോയ് ജോര്‍ജ്ജ്, പദ്ധതിയുടെ അക്കാദമിക് കോ-ഓഡിനേറ്റര്‍ കെ. ജയശ്രീ, ഡയറ്റ് പ്രിന്‍സിപ്പള്‍ കൃഷ്ണദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

date