Skip to main content

കഥാകാരന്മാരോടൊപ്പം കഥാപാത്രങ്ങളും; വ്യത്യസ്ത ആസ്വാദനം നൽകി  ബേബി മാഷിന്റെ ചിത്രപ്രദർശനം

കൊച്ചി: ശങ്കരകുറുപ്പിനോടൊപ്പം സൂര്യകാന്തിയും  എം ടിയോടൊപ്പം നിളയും , മുകുന്ദനോടൊപ്പം മയ്യഴിയും , മാധവിക്കുട്ടിയോടൊപ്പം നീർമാതളവും ഒരുമിച്ചു ചേർത്തുള്ള ചിത്ര പ്രദർശനം കുറുമശ്ശേരിയിലെ  വായനാ പക്ഷാചരണ  ഉദ്ഘാടന നഗരിയിൽ ഒരുക്കിയത് ആസ്വാദനത്തിന്‍റെ വ്യത്യസ്തതലം. ഇഷ്ടപ്പെട്ട കഥാകാരന്മാരോടൊപ്പം പ്രിയപ്പെട്ട കഥാപാത്രങ്ങളും എത്തിയപ്പോൾ ബേബി മാഷെന്ന റിട്ടയേർഡ് മലയാളം അധ്യാപകൻ വരയുടെ ലോകത്ത് വ്യത്യസ്ത നായി. ഇത്തരത്തിൽ 43 പ്രധാന കഥാകാരന്മാരെയും  അവരുടെ കഥാപാത്രങ്ങളെയും പരിചയപ്പെടാനുള്ള അവസരം യുവതലമുറക്ക് വായനാ ദിനത്തിൽ കൈവന്ന ഭാഗ്യവുമായി . 

മുളവുകാട് കൂന്തലക്കാട് സ്വദേശിയാണ് ചിത്രകാരനായ സി.വി. ബേബി. 28 വർഷം മലയാളം അധ്യാപകനായി സേവന മനുഷ്ഠിച്ചു. എളമക്കര ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും വിരമിച്ചു. കവയിത്രി വിജയലക്ഷ്മിയുടെയും സംവിധായകൻ സിദ്ദിഖിന്റെയും സഹപാഠി. 
ചിത്രകല ശാസ്ത്രീയമായി പഠിക്കാത്ത ചിത്രകാരനാണ് ബേബി മാഷ്. അതു കൊണ്ട് വരക്കാനുള്ള കഴിവ് ജന്മസിദ്ധം. യുവതലമുറ മാതൃഭാഷയെ മറക്കാതിരിക്കാനാണ് ഇത്തരത്തിലൊരു സംരംഭമെന്ന് ബേബി മാഷ്. മാതൃഭാഷയിലൂടെ മാത്രമേ മറ്റ് ഭാഷകൾ പഠിക്കാൻ കഴിയൂവെന്നും മാഷ് പറയുന്നു. 

ആശാൻ മുതൽ വിജയലക്ഷ്മി വരെ മാഷിന്റെ ബ്രഷിൽ തെളിഞ്ഞിട്ടുണ്ട്. അക്രലിക് പെയിന്റിൽ പോർ ട്രയിറ്റ് ചിത്രങ്ങളാണ് എല്ലാം. 
ചിത്രങ്ങൾ കഥാകാരന്മാർ നേരിട്ട് കണ്ട് അഭിനന്ദിച്ച അനുഭവങ്ങളും മാഷിനുണ്ട്. ഇതിൽ മറക്കാനാകാത്തത് ടി. പത്മനാഭന്റെ പ്രശംസയാണ്. ഗൗരവ പ്രകൃതക്കാരനും വാഗ്മിയുമായ  പത്മനാഭനെ പ്രസംഗപീഠത്തിൽ നിൽക്കുന്നതായാണ് ചിത്രീകരിച്ചത്. ചിത്രം കണ്ടതിനു ശേഷം പത്മനാഭൻ ചിത്രത്തിനരികിൽ കസേര വലിച്ചിട്ട് ഇരുന്ന് ഫോട്ടോഗ്രാഫറോട് ഫോട്ടോ എടുക്കാനാണ് ആവശ്യപ്പെട്ടത് - മാഷ് പറയുന്നു. അതുപോലെ സാറാ ജോസഫും സാനുമാഷും അഭിനന്ദനം നേരിട്ടറിയിച്ചു. ചിലരുടെ ചിത്രങ്ങൾ കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. അതുപോലെ ഒരാളായിരുന്നു എം.ഗോവിന്ദൻ. ഒരിടത്തും കിട്ടാനില്ല. ഗൂഗിളിൽ തപ്പിയപ്പോൾ കിട്ടിയത് വ്യക്തമല്ലാത്ത ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം. അതു വച്ച് ഊഹത്തിൽ ഗോവിന്ദനെ വരച്ചെടുത്തു. ഗോവിന്ദന്റെ സഹപാഠിയായ സാനുമാഷ് ചിത്രം കാണാനിടവന്നപ്പോൾ പറഞ്ഞു - ഇതു തന്നെ ഗോവിന്ദൻ ; സംശയം വേണ്ട. 

കഥാകാരന്മാരുടെ പ്രോത്സാഹനം തന്നെയാണ് മാഷിന് ചിത്രകലയുടെ ലോകത്ത് മുന്നോട്ടുള്ള യാത്രക്ക് ധൈര്യം പകരുന്നത്. ചിത്രങ്ങൾ കാണാൻ വിദ്യാർത്ഥികളാണ് കൂടുതൽ. തെല്ലു സംശയത്തോടെ നോക്കി മനസിലാക്കി ഉറപ്പു വരുത്തിയാണ് എല്ലാവരും ഓരോ ചിത്രങ്ങളെയും കടന്നു പോകുന്നത്.
 

date