Skip to main content

ചീക്കോട് പഞ്ചായത്തില്‍ കേര ഗ്രാമം പദ്ധതി

     കൊണ്ടോട്ടി മണ്ഡലത്തിലെ   ചീക്കോട് ഗ്രാമ പഞ്ചായത്തിനെ കേര ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായി ടി വി ഇബ്രാഹിം എം. എല്‍. എ. അറിയിച്ചു. പ്രതിസന്ധിയിലായ നാളികേര കര്‍ഷകര്‍ക്ക് ഇത് വഴി ആശ്വാസങ്ങളും, സഹായങ്ങളും എത്തിക്കാന്‍ സാധിക്കും.   തെങ്ങ് കര്‍ഷകര്‍ ധാരാളമുള്ള ചീക്കോട് പഞ്ചായത്തില്‍ ഈ പദ്ധതി ഏറെ ഉപകാരപ്രദമാവും. കൃഷിയുടെ അഭിവൃദ്ധിക്കായി സംയോജിത പരിചരണമുറകള്‍, ജലസേചന സൗകര്യം മെച്ചപ്പെടുത്തല്‍, ജൈവവള ഉല്‍പ്പാദനം, തെങ്ങ് കയറ്റ യന്ത്രങ്ങളുടെ വിതരണം എന്നീ സഹായ പദ്ധതികള്‍ നടപ്പിലാക്കും. സംയോജിത പരിചരണ മുറകളുടെ ഭാഗമായി തടം തുറക്കല്‍, കള നിയന്ത്രണം, പുതയിടല്‍, തൊണ്ട് കുഴിച്ചിടല്‍, മണ്ണ് പരിപോഷണം, പ്രായാധിക്യം വന്ന തെങ്ങുകള്‍ മുറിച്ചു മാറ്റല്‍, തെങ്ങിന്‍ തൈകള്‍ വെച്ചു പിടിപ്പിക്കല്‍, ഇടവിള കൃഷി എന്നിവ നടപ്പിലാക്കുന്നു. സംയോജിത പരിചരണ മുറകള്‍ സ്വീകരിക്കുന്നതിന് ഒരു ഹെക്ടറിന് 25000 രൂപ പ്രകാരം 250 ഹെക്ടറിന് 62.5 ലക്ഷം രൂപ ലഭിക്കും. സൂക്ഷ്മ ജലസേചന സൗകര്യമുള്‍പ്പെടെ ഹെക്ടറിന് 25000 രൂപ ക്രമത്തില്‍ പരമാവധി 5 ലക്ഷം രൂപയും ഈ പദ്ധതിയില്‍ ലഭിക്കും. കൂടാതെ 61 തെങ്ങ് കയറ്റ യന്ത്രങ്ങള്‍ ഒരു യന്ത്രത്തിന് 2000 രൂപ നിരക്കില്‍ വിതരണം ചെയ്യും. എട്ട് ജൈവ വള ഉല്‍പ്പാദന യൂണിറ്റുകള്‍ ഒരു യൂണിറ്റിന് 10000 രൂപ നിരക്കില്‍ ആനുകൂല്യം നല്‍കും.

 

date