Skip to main content

അറിയിപ്പുകള്‍ - എറണാകുളം

ഐ.ടി.ഐ ആരക്കുഴ അഡ്മിഷന്‍; അപേക്ഷ സമര്‍പ്പിക്കാം
കൊച്ചി: ആരക്കുഴ ഗവ:ഐ.ടിഐയില്‍ മെട്രിക് ട്രേഡായ ഡി/സിവില്‍ (രണ്ട് വര്‍ഷം) നോണ്‍ മെട്രിക് ട്രേഡായ പ്ലംബര്‍ (ഒരു വര്‍ഷം) എന്നിവയില്‍ പ്രവേശനത്തിനായി www.itiadmissions.kerala.gov.in വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.  അപേക്ഷ ഫീസ് 100 രൂപ. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 29.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2254442. വെബ് സൈറ്റ്  www.itiarakkuzha.kerala.gov.in .

ഗസ്റ്റ് അദ്ധ്യാപക ഒഴിവ്
കൊച്ചി: എറണാകുളം ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഫിസിക്‌സ് വിഷയത്തിന് ഒരു ഗസ്റ്റ് അദ്ധ്യാപകന്റെ ഒഴിവുണ്ട്. താല്‍ക്കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 27-ന് രാവിലെ 11 -ന് ഓഫീസില്‍ ഇന്റര്‍വ്യൂവിന്  ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ വായ്പ
കൊച്ചി: ഭിന്നശേഷിക്കാര്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി അവരവരുടെ സര്‍വ്വീസ്  ഏരിയ ബാങ്കുകളിലേയ്ക്ക് (ഗുണഭോക്താക്കള്‍ ആവശ്യപ്പെടുന്ന സര്‍വ്വീസ് ഏരിയ ബാങ്കുകളിലേയ്ക്ക്) കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ വായ്പയ്ക്കായി ശുപാര്‍ശ ചെയ്യുന്നു.
കോര്‍പ്പറേഷന്റെ ശുപാര്‍ശ പ്രകാരം ബാങ്കുകളില്‍ നിന്നും ഗുണഭോക്താക്കള്‍ക്ക് ലഭ്യമാകുന്ന വായ്പയ്ക്ക് ആനുപാതികമായി സബ്‌സിഡി വികലാംഗ ക്ഷേമ കോര്‍പ്പറേഷനില്‍ നിന്നും അനുവദിക്കും. 18 വയസ്സിന് മുകളില്‍ പ്രായമുളളവരും ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന 14 വയസ്സിന് മുകളില്‍ പ്രായമുളളവരുടെ രക്ഷിതാക്കള്‍ക്കും അപേക്ഷിക്കാം. ഭിന്നശേഷിത്വം 40 ശതമാനം മുകളില്‍ ഉളളവരായിരിക്കണം അപേക്ഷകര്‍. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം. അഞ്ച് വര്‍ഷമോ, ലോണ്‍ കാലാവധിയോ ഏതാണോ അധികം, ഈ  കാലയളവില്‍ ഒരു തവണ മാത്രമേ സബ്‌സിഡി അനുവദിയ്ക്കുകയുളളൂ.
വ്യക്തമായി പൂരിപ്പിച്ച അപേക്ഷയോടൊപ്പം അതില്‍ ആവശ്യപ്പെടുന്ന രേഖകള്‍ സഹിതം മാനേജിംഗ് ഡയറക്ടര്‍, സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖാന്തിരമോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നം:04712347768, 2347152, 2347153, 2347156 അപേക്ഷ ഫോം www.hpwc.kerala.gov.in, e-mail: kshpwcekerala.gov.in, kshpwc2017@gmail.com 

കെ.ജി.റ്റി.ഇ ബൈന്റിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
കൊച്ചി: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗും (സി-ആപ്റ്റ്) സംയുക്തമായി ആരംഭിക്കുന്ന സംസ്ഥാന ഗവ: അംഗീകാരമുളള ഒരു  വര്‍ഷ കെ.ജി.റ്റി.ഇ പോസ്റ്റ് - പ്രസ് ഓപ്പറേഷന്‍ (ബൈന്റിംഗ്) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം.
സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ പരീക്ഷ കണ്‍ട്രോളര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന കോഴ്‌സില്‍ പട്ടികജാതി/പട്ടികവര്‍ഗ/മറ്റര്‍ഹ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി മറ്റ് മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വരുമാനപരിധിക്കു വിധേയമായി കെ.പി.സി.ആര്‍ ആനുകൂല്യം ലഭിക്കും.
അപേക്ഷാഫാറം, പ്രോസ്‌പെക്ടസ് എന്നിവ സെന്ററിന്റെ പരിശീലന വിഭാഗത്തില്‍ നിന്ന് 100 രൂപയ്ക്ക് നേരിട്ടും, 125 രൂപയുടെ മണി ഓര്‍ഡറായി ഓഫീസര്‍ ഇന്‍ ചാര്‍ജ്, സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, ഗവ:എല്‍.പി.സ്‌കൂള്‍ കാമ്പസ്, തോട്ടക്കാട്ടുകര.പി.ഒ, ആലുവ 683108 വിലാസത്തില്‍ അയച്ചാല്‍ തപാല്‍ മാര്‍ഗവും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ ആറ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2605322, 2605323.

യോഗ പ്രോഗ്രാമിന് അപേക്ഷിക്കാം
കൊച്ചി: സ്റ്റേറ്റ് റിസോഴ്‌സ് സെന്റിന്റെ ആഭിമുഖ്യത്തിലുളള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. യോഗ ദര്‍ശനത്തിലും, യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യ ജ്ഞാനം ലഭിക്കുന്ന തരത്തിലാണ് പഠന പരിപാടി ചിട്ടപ്പെടുത്തിയിട്ടുളളത്. ആറു മാസം ദൈര്‍ഘ്യമുളള പ്രോഗ്രാമിന്റെ തിയറി പ്രാക്ടിക്കല്‍ ക്ലാസുകള്‍ അംഗീകൃത പഠന കേന്ദ്രങ്ങളുടെ സഹായത്തോടെയാണ് നടത്തുന്നത്. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍.പി.ഒ, തിരുവനന്തപുരം-33 ഫോണ്‍ 04-2325101, 2325102, https://srccc.in/download ലിങ്കില്‍ അപേക്ഷാ ഫാറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. വിശദാംശങ്ങള്‍ www.src.kerala.gov.in/www.srccc.in വെബ്‌സൈറ്റുകളിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15. ജില്ലയിലെ പഠന കേന്ദ്രങ്ങള്‍ കോലഞ്ചേരി - 9446607564, 9496324721, നോര്‍ത്ത് പറവൂര്‍ 9496746465, 9446605436, ഇളമക്കര - 9020852888, 8281219403.

ജി.എസ്.ടി വാര്‍ഷിക ഫയലിംഗ്; പരിശീലന പരിപാടി
കൊച്ചി: ജി.എസ്.ടി വാര്‍ഷിക റിട്ടേണ്‍ ഫയലിംഗിനെ സംബന്ധിച്ച ക്ലാസ് ജൂലൈ ആറിന് രാവിലെ 11-ന് മഹാരാജാസ് കോളേജ് സെന്റിനറി ഓഡിറ്റോറിയത്തില്‍ നടത്തുന്നു. പരിശീലന പരിപാടി വ്യാപാര സമൂഹവും പ്രാക്ടീഷണര്‍മാരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എറണാകുളം ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക്
പ്രൈമറി/സെക്കന്ററി എഡ്യൂക്കേഷന്‍ എയ്ഡ്
കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് 2019-20 വര്‍ഷം പ്രാഥമിക പഠനാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് പ്രൈമറി/സെക്കന്ററി എഡ്യൂക്കേഷന്‍ എയ്ഡ് പദ്ധതി പ്രകാരം ആനുകൂല്യം വിതരണം ചെയ്യുന്നതിന് വകുപ്പിന്റെ ഇ-ഗ്രാന്റ്‌സ് 3.0 വെബ്‌പോര്‍ട്ടല്‍ വഴിയാണ്. വിദ്യാഭ്യാസ സ്ഥാപനമേധാവികള്‍ അതത് പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ബന്ധപ്പെട്ട് ലഭിച്ചിട്ടുളള ലോഗിന്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് കുട്ടികളുടെ ഡാറ്റാ എന്‍ട്രി നടത്തി, അപേക്ഷകള്‍ പട്ടികജാതി വികസന ഓഫീസിലേക്ക് ഫോര്‍വേഡ് ചെയ്യേണ്ടതുമാണ്. ഓണ്‍ലൈന്‍ നടപടികള്‍ സംബന്ധിച്ച മാര്‍ഗരേഖ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422256.

കൈപ്പാട് -പൊക്കാളി സംയോജിത മല്‍സ്യ-നെല്‍കൃഷിക്ക് ധനസഹായം
കൊച്ചി: ജലകൃഷി വികസന ഏജന്‍സി, കേരളം (അഡാക്ക്) എറണാകുളം മേഖലാ ഓഫീസ് മുഖേന എറണാകുളം, തൃശൂര്‍ ജില്ലകളിലായി നടപ്പിലാക്കുന്ന കൈപ്പാട്-പൊക്കാളി സംയോജിത മല്‍സ്യ-നെല്‍കൃഷി പദ്ധതി (2015-2019) യിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു. കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ അഞ്ച് പേരില്‍ കുറയാത്ത അംഗങ്ങളുളള ഗ്രൂപ്പുകള്‍ക്കോ, അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഓരോ ഗ്രൂപ്പും അഞ്ച് ഹെക്ടറില്‍ കുറയാത്ത കൃഷി സ്ഥലം സ്വന്തമായോ പാട്ട വ്യവസ്ഥയില്‍ അഞ്ച് വര്‍ഷമെങ്കിലും കൃഷി സ്ഥലത്ത് കൃഷി ചെയ്യുന്നതിനുളള അവകാശം ഗ്രൂപ്പുകള്‍ക്ക് ഉണ്ടായിരിക്കണം. പദ്ധതി പ്രാകാരം വികസിപ്പിക്കുന്ന കൃഷിയിടത്തിന്റെ പുറംബണ്ടുകളില്‍ കണ്ടല്‍തൈകള്‍ വെച്ചു പിടിപ്പിച്ച് ബണ്ട് സംരക്ഷിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. അപേക്ഷാ ഫോമുകള്‍ അഡാക്കിന്റെ എറണാകുളം മേഖലാ ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 15-ന് വൈകിട്ട് അഞ്ചിനു മുമ്പായി എറണാകുളം ഓഫീസില്‍ ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ നേരിട്ടോ, ഫോണ്‍ മുഖേനയോ 0484-2665479 ഓഫീസില്‍ ലഭിക്കും. വിലാസം റീജിയണല്‍ എക്‌സിക്യൂട്ടീവ്, അഡാക്ക്, എറണാകുളം, സി.സി.60/3907, പെരുമ്പാവൂര്‍.പി.ഒ, കനാല്‍ റോഡ്, തേവര, കൊച്ചി-15

date