Skip to main content

പാട്യത്ത് എംസിഎഫ് കേന്ദ്രം ഉദ്ഘാടനം ചെയ്തു ചിട്ടയോടു കൂടി പരിസര ശുചിത്വം പാലിക്കണം: മന്ത്രി കെ കെ ശൈലജ 

 

ഗാന്ധിജയന്തി ദിനത്തില്‍ മാത്രം പരിസരം വൃത്തിയാക്കുന്ന പ്രവണത മാറ്റി പ്രതിദിനം വീടും പരിസരവും വൃത്തിയാക്കണമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. പാട്യം ഗ്രാമ പഞ്ചായത്തിലെ അജൈവ മാലിന്യ സംഭരണ കേന്ദ്രം കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജനസംഖ്യ വര്‍ധിച്ചതിനോടൊപ്പം പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യവും കുന്നുകൂടി. മണ്ണില്‍ ലയിക്കാത്ത എല്ലാ മാലിന്യവും അജൈവ മാലിന്യത്തില്‍പ്പെടും. ഇവ ഓരോന്നും വേര്‍തിരിച്ച് വീടുകളില്‍ സൂക്ഷിച്ച് ഹരിത കര്‍മ്മസേനക്ക് കൈമാറണമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
പഞ്ചായത്തിലെ അജൈവ മാലിന്യം ശേഖരിച്ച് സംഭരിക്കുന്നതിനായി ശുചിത്വമിഷന്റെ സഹായത്തോടെ പുതിയതെരു ചിറക്കക്കാവിലാണ് എം സി എഫ് (അജൈവ മാലിന്യ സംഭരണ കേന്ദ്രം) നിര്‍മ്മിച്ചത്.  പഞ്ചായത്ത് വാങ്ങിയ 10 സെന്റ് സ്ഥലത്ത് 20 ലക്ഷം രൂപ ചിലവിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഹരിത കര്‍മ്മ സേനയിലെ 18 അംഗങ്ങള്‍ വാര്‍ഡ് തിരിച്ച് ഓരോ വീട്ടില്‍ നിന്നും കഴുകി വൃത്തിയാക്കിയ  പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കും. ഇവിടെ നിന്നും ആര്‍ആര്‍എഫ് കേന്ദ്രത്തിലേക്ക്  ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ നല്‍കും. 30 രൂപ നിരക്കിലാണ് ഓരോ വീട്ടില്‍ നിന്നും അജൈവ മാലിന്യം സംഭരിക്കുക. 
ചടങ്ങില്‍ പാട്യം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ബാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍  വൈസ് പ്രസിഡന്റ് പി ശ്രീലത, പാട്യം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍  കെ പ്രവീണ്‍ കുമാര്‍, പഞ്ചായത്ത്  അംഗം പി സി പുഷ്പ, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ അജയകുമാര്‍, കെ പി ഹര്‍ഷ, വി രാജന്‍ മാസ്റ്റര്‍, രാജന്‍ പുതുശ്ശേരി, എ പ്രദീപന്‍, പി സുധീര്‍, ഇ എം സി മഹമ്മൂദ്, പഞ്ചായത്ത് സെക്രട്ടറി കെ സത്യന്‍, വിഇഒ പി എന്‍ സാരംഗ് തുടങ്ങിയവര്‍ സംസാരിച്ചു.

 

date