Skip to main content

ഒആര്‍സി:  അംഗങ്ങള്‍ക്കുള്ള ശില്‍പ്പശാല ആരംഭിച്ചു

 

 

ഭരണഘടനപരമായും നിയമപരമായും ഓരോ കുട്ടിയുടെയും സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക സാമ്പത്തിക അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നാം ഓരോരുത്തരും ബാധ്യസ്തരാണെന്ന് ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസ് അതോറിറ്റി സബ് ജഡ്ജ് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ഓ ആര്‍ സി (അവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രണ്‍) പദ്ധതിയുടെ  കോര്‍ ടീം അംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ എല്ലാ പിന്തുണയും ഓ.ആര്‍.സി പദ്ധതിക്ക് അദ്ദേഹം വാഗ്ദാനം ചെയ്തു.    നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജോസഫ് റിബല്ലോ  അധ്യക്ഷത വഹിച്ചു.

 

 കോര്‍ ടീം അംഗങ്ങളായ നോഡല്‍ ടീച്ചര്‍മാര്‍,  സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ എന്നിവരാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്.

വിദ്യാഭ്യാസം,  ആരോഗ്യം,  പോലീസ്, സര്‍ക്കാരിതര പ്രസ്ഥാനങ്ങള്‍,  രക്ഷിതാക്കള്‍,  പൊതുസമൂഹം എന്നിവര്‍ ചേര്‍ന്ന്് വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് അവര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍(ഓആര്‍സി). കുട്ടികളോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ രക്ഷിതാക്കളും അധ്യാപകരുമടങ്ങുന്ന സമൂഹത്തെ പ്രാപ്തരാക്കാനും ബോധവത്കരിക്കാനുമായി ജില്ലയിലെ 25 സ്‌കൂളുകളില്‍ കോര്‍ ടീം അംഗങ്ങള്‍ മുഖേന ഓആര്‍സി പദ്ധതിയുടെ  പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നുണ്ട്. 

 

 എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലൈഫ് സ്‌കില്‍ പരിശീലനം നല്‍കുക, വിദ്യാര്‍ഥികളുടെ വിവിധങ്ങളായ കഴിവുകളെ കുറിച്ചുള്ള പഠനങ്ങള്‍ നടത്തുക, കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും സംരക്ഷണത്തിനും ക്രിയാത്മകമായി ഇടപെടാന്‍ അധ്യാപകരെയും രക്ഷിതാക്കളെയും പ്രാപ്തരാക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുക, അനാരോഗ്യകരമായ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും കുട്ടികളെ ഫലപ്രദമായി സംരക്ഷിക്കുക, റഫറല്‍ സംവിധാനം ശക്തിപ്പെടുത്തുക, രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കുക, സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് സ്‌കൂളുകളില്‍ നടപ്പിലാക്കിവരുന്നത്.

 

ഓആര്‍സി പ്രൊജക്ട് അസിസ്റ്റന്റ് പ്രബിത ടി പി,  ഡയറ്റ് അബ്ദുള്‍ നാസര്‍, സ്പെഷ്യല്‍ ജുവനൈല്‍ വിംഗ് സി രാധാകൃഷ്ണന്‍, ഓ ആര്‍ സി ജില്ലാ റിസോഴ്സ് പാനല്‍ ശശികുമാര്‍ പുറമേരി തുടങ്ങിയവര്‍ സംസാരിച്ചു

 

 

 

 

date