Skip to main content

അതിജീവനം: ദുരിതാശ്വാസ നിധിയിലേക്ക്  വിദ്യാഭ്യാസമേഖലയുടെ സംഭാവന ഒന്നേകാൽ കോടി

കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തത്തിന് ഒരാണ്ട് തികയുമ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലയിലെ വിദ്യാഭ്യാസമേഖലയുടെ സംഭാവന ഒന്നേകാൽ കോടി. പ്രളയദുരന്തത്തിൽപെട്ടവരെ സഹായിക്കുന്നതിന് സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ സ്‌കൂളുകളിൽ നിന്നായി 1,28,76,104 രൂപയാണ് സംഭാവനയായി നൽകിയത്. പ്രളയത്തെ തകർന്ന വിദ്യാഭ്യാസമേഖലയിൽ ഉണ്ടായ നഷ്ടം 7.83 കോടി രൂപയാണ്. ഈ നഷ്ടം നികത്തി വരുന്നതിനിടെയാണ് ഇത് വരെയായി ഇത്രയും തുക സമാഹരിച്ച് നൽകിയത്. മുല്ലശ്ശേരി, ഇരിങ്ങാലക്കുട, തൃശൂർ നോർത്ത്, വെസ്റ്റ്, വലപ്പാട്, വടക്കാഞ്ചേരി, കുന്നംകുളം, കൊടുങ്ങല്ലൂർ, ചേർപ്പ്, ചാലക്കുടി, മാള വിദ്യാഭ്യാസഉപജില്ലകളിൽ നിന്നുള്ള 105 സ്‌കൂളുകളെയാണ് പ്രളയം ബാധിച്ചത്. യൂണിഫോം നഷ്ടപ്പെട്ട 1664 വിദ്യാർത്ഥികൾക്ക് കൈത്തറി യൂണിഫോമിന്റെ വിതരണം പൂർത്തിയായി. സ്‌കൂൾ കെട്ടിടങ്ങളുടെ ചെറിയ തോതിലുള്ള അറ്റകുറ്റപ്പണികളും കേടുപാടുകളും സ്‌കൂൾ പി.ടി.എ മുഖാന്തിരവും മാനേജ്മെന്റ് തലത്തിൽ ഹൈദരാബാദ് ആസ്ഥാനമായുള്ള ഹൺഡ്രഡ് ഫോർ ഹൺഡ്രഡ് ഫൗണ്ടേഷൻ , മുംബൈ ആസ്ഥാനമായുള്ള ബ്ലൂം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ പ്രൈവറ്റ് ഏജൻസികളുടെ സഹായത്തോടെയും പൂർത്തീകരിച്ചു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ മുഖേന 541000 രൂപയും വകമാറ്റി. കെ.ബി.പി.എസ് മുഖേന 20000 വിദ്യാർത്ഥികൾക്ക് 140276 ആവശ്യമായ ടെക്സ്റ്റ് ബുക്കുകളും 125000 നോട്ട്ബുക്കുകളും 25747 പഠനസാമഗ്രികളും വിതരണം ചെയ്തു. ആറായിരത്തോളം ബാഗുകൾ വിവിധ ഏജൻസികൾ മുഖേനയും 2000 ബാഗുകൾ പ്ലാനിങ് ഇന്ത്യ കമ്പനി മുഖേനയും വിതരണം ചെയ്തു. പേന, പെൻസിൽ, കുട തുടങ്ങിയ പഠനോപകരങ്ങളും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വഴി ബന്ധപ്പെട്ട സ്‌കൂളുകളിലെ കുട്ടികൾക്ക് വിതരണം പൂർത്തീകരിച്ചു. പ്രളയം പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്ക് ചെറിയ തോതിൽ മങ്ങലേൽപ്പിച്ചുവെങ്കിലും പിന്നീട് പ്രവർത്തനങ്ങൾ അതിവേഗത്തിലാക്കാൻ കാണാൻ സാധിച്ചത്. ജില്ലയിൽ ചലഞ്ച് ഫണ്ടിനായി അപേക്ഷിച്ച ഒമ്പത് എയ്ഡഡ് സ്‌കൂളുകൾക്ക് ഫണ്ട് അനുവദിച്ചു കഴിഞ്ഞു. കൂടാതെ 3900 ക്‌ളാസ് മുറികളിൽ 3804 എണ്ണവും ഹൈടെക് ആയി മാറ്റി. 442 സ്‌കൂളുകൾക്കായി 385 ടെലിവിഷനും 3760 ഡി. എസ്.എൽ.ആർ ക്യാമറകളും 393 വെബ്ക്യാമറയും പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി വിതരണം പൂർത്തീകരിച്ചു. പ്രൈമറി തലത്തിൽ സർവേ പൂർത്തിയ സ്‌കൂളുകളിൽ കൈറ്റ് മുഖേന ഹൈടെക് ഉപകരണങ്ങൾ ഉടനെ വിതരണം ചെയ്യും. പൈലറ്റ് പ്രോഗ്രാമിന്റെ ഭാഗമായി 12 സ്‌കൂളുകളിൽ 80 ലാപ്‌ടോപ്പുകളും 31 പ്രോജക്ടറുകളും നൽകി. കിഫ്ബി മുഖാന്തിരം 5 കോടി ഉപയോഗിച്ച് 13 വിദ്യാലയങ്ങളുടെയും 3 കോടി ഉപയോഗിച്ച് 13 വിദ്യാലയങ്ങളുടെയും നിർമ്മാണപ്രവർത്തനങ്ങൾ അതിവേഗം നടന്നുകൊണ്ടിരിക്കുകയാണ്. പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 31 സർക്കാർ വിദ്യാലയങ്ങളുടെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാനുള്ള പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടന്നു വരുന്നതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

date