Skip to main content

കുന്നംകുളത്ത് അയ്യങ്കാളി തൊഴിലുറപ്പ്  പദ്ധതിയിൽ ഇനി മുതൽ ക്ഷീരകർഷരും

കുന്നംകുളം നഗരസഭയിൽ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഇനി മുതൽ ക്ഷീര കർഷകരും. ഇവർക്കുള്ള തൊഴിൽ കാർഡ് വിതരണം നഗരസഭ ചെയർപേഴ്‌സൻ സീതാ രവീന്ദ്രൻ നിർവഹിച്ചു. കഴിഞ്ഞ വർഷം നടന്ന നഗരസഭ കൗൺസിൽ യോഗത്തെ തുടർന്നാണ് ക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ചേർക്കാൻ തീരുമാനിച്ചത്. പശുവളർത്തലും പരിപാലനവും ഉപജീവനമാക്കിയവരെ ഇതിൽ ഉൾപ്പെടുത്തുന്നതാണ് പദ്ധതി. അവശത അനുഭവിക്കുന്ന വിഭാഗത്തിലുള്ളവരും രണ്ട് കറവ പശുക്കളെ പരിപാലിക്കുന്നവർക്കും ഇതിൽ അംഗങ്ങളാകാം. പദ്ധതി പ്രകാരം നൂറ് ദിവസത്തെ വേതനം ഇവർക്ക് നൽകും. പശുക്കളെ വളർത്തുന്നുവെന്നതിന് വെറ്ററിനറി സർജന്റെ സാക്ഷ്യപത്രം, രണ്ട് പശുക്കളുടെയും ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, ക്ഷീരകർഷക സഹകരണ സംഘത്തിലെ പാസ്ബുക്ക് എന്നിവ ഹാജരാക്കണമെന്നാണ് നിബന്ധന. 
പത്ത് ലിറ്റർ പാൽ ക്ഷീരകർഷക സഹകരണ സംഘത്തിൽ നൽകിയ ദിവസങ്ങൾ പരിഗണിച്ചാണ് ഇവർക്കുള്ള വേതനം നൽകുക. പട്ടികജാതി വിഭാഗക്കാർ, മുൻഗണന പട്ടികയിൽ താഴെയുള്ള ക്ഷീരകർഷകർ, സ്ത്രീകൾ ഗൃഹനാഥകളായുള്ള കുടുംബങ്ങൾ, പി.എം.എ.വൈ. ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കൾ എന്നിവർക്ക് മുൻഗണന ലഭിക്കും. ക്ഷീരസംഘത്തിൽ പാൽ അളക്കുന്നവർക്ക് നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആനുകൂല്യം നൽകി വരുന്നുണ്ട്. അവശരായ ക്ഷീരകർഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ചെയർപേഴ്‌സൻ വ്യക്തമാക്കി. ഇവർക്കുള്ള തൊഴിൽകാർഡ് വിതരണത്തിൽ സ്ഥിരം സമിതി അധ്യക്ഷ സുമ ഗംഗാധരൻ, ഗീത ശശി തുടങ്ങിയവരും പങ്കെടുത്തു.

date