Skip to main content

മലയാള സാഹിത്യകാരെ അറിയാതെ കേരളത്തിൽ  ജീവിക്കുന്നതിൽ അർത്ഥമില്ല: സിപ്പി പളളിപ്പുറം

മലയാളത്തിലെ പ്രമുഖസാഹിത്യകാരെ അറിയാതെ കേരളത്തിൽ ജീവിക്കുന്നതിൽ അർത്ഥമില്ലെന്ന് സിപ്പി പള്ളിപ്പുറം. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് തൃശ്ശൂർ ജില്ലയിൽ സംഘടിപ്പിക്കുന്ന അക്ഷരയാത്രയുടെ ചാലക്കുടി ക്രസന്റ് പബ്ലിക് സ്‌കൂളിലെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതു മാധ്യമത്തിൽ അധ്യയനം നടത്തിയാലും കേരളത്തിൽ ജീവിക്കുന്നവർ മലയാളം പഠിക്കണം. ബഷീറിനെയും എംടിയെയും പോലെയുള്ളവരെ അറിയണം. അവരുടെ പുസ്തകങ്ങൾ വായിക്കണം. കാരണം മനസ്സിനുള്ള ഭക്ഷണമാണ് പുസ്തകം സിപ്പി പള്ളിപ്പുറം പറഞ്ഞു. കുട്ടികൾക്ക് പാട്ടുകളും പാടിക്കൊടുത്ത് അവരെക്കൊണ്ട് പാട്ടുകൾ പാടിപ്പിക്കുകയും ചെയ്തു അദ്ദേഹം. 
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം സി ആർ ദാസ് അദ്ധ്യക്ഷത വഹിച്ചു. വായനമത്സരത്തിലും കാവ്യാലാപനമത്സരത്തിലും വിജയികളായ കുട്ടികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റും സി ആർ ദാസ് നൽകി. പ്രിൻസിപ്പൽ ഡോ. ജോർജ്ജ് കോലഞ്ചേരി, വൈസ് പ്രിൻസിപ്പൽ ശാലിനി ഷേണായി, കുട്ടികളുടെ പ്രതിനിധി ആൻ മരിയ ജോസ് പോൾ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ലൈബ്രറേറിയൻ കം ഡോക്യുമെന്റേഷൻ ഓഫീസർ ഉല്ലാസ് സി ജി എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് ബാലസാഹിത്യ പുസ്തകങ്ങൾ പകുതിവിലയ്ക്ക് ലഭ്യമാക്കുന്ന പുസ്തകമേളയും അക്ഷരയാത്രയുടെ ഭാഗമാണ്. തൃശ്ശൂർ ജില്ലയിലെ ഏതു കുട്ടിക്കും അക്ഷരയാത്ര നടക്കുന്ന സ്‌കൂളുകളിൽനിന്ന് പുസ്തകങ്ങൾ വാങ്ങാം. ഒരു സ്‌കൂളിൽ രണ്ടു ദിവസമാണ് പുസ്തകപ്രദർശനം.
 

date