Skip to main content

കുമരകം പുതിയാട് പാടശേഖരത്തില്‍  അതിജീവനത്തിന്‍റെ നൂറുമേനി

പ്രളയത്തില്‍ മുന്നൂറ് ഏക്കറോളം കൃഷി നഷ്ടപ്പെട്ട കുമരകം പുതിയാട് പാടശേഖര സമിതി അതിജീവന പോരാട്ടത്തിന്‍റെ വിയജയാഹ്ലാദത്തിലാണിപ്പോള്‍. 19.71 ലക്ഷം രൂപയുടെ സര്‍ക്കാര്‍ സഹായത്തോടെ പ്രളയശേഷം സമിതി ഇറക്കിയ പുഞ്ചകൃഷിയ്ക്ക് നൂറുമേനി വിളവു ലഭിച്ചു. മുന്‍കാലങ്ങളില്‍ ഒരേക്കറില്‍ നിന്ന് 27 ക്വിന്‍റലോളം നെല്ല് കിട്ടിയിരുന്ന സ്ഥാനത്ത് ഈ വര്‍ഷം ലഭിച്ചത് 30 ക്വിന്‍റലോളം വിളവ്. 

വിരിപ്പു കൃഷിക്കായി വിത്തു വിതച്ച്  10 ദിവസം പിന്നിട്ടപ്പോഴാണ് പ്രളയം സര്‍വ്വതും വിഴുങ്ങിയത്. വിള ഇന്‍ഷ്വര്‍ ചെയ്യണമെങ്കില്‍ വിതച്ച് 30 ദിവസങ്ങള്‍ കഴിയേണ്ടിയിരുന്നതുകൊണ്ട് നഷ്ടപരിഹാരത്തിന് സാധ്യതയില്ലാതിരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ സഹായമേകിയത്. 

ഒരു ഏക്കറിന് 5400 രൂപ വീതമാണ് അനുവദിച്ചത്.  വെള്ളം കയറി കേടായ മോട്ടോറുകള്‍ മാറ്റാനായി 70,000 രൂപയും ബണ്ട് കെട്ടുന്നതിന് 30,000 രൂപയും ഏക്കറിന് 32 കിലോ വിത്തും ലഭിച്ചു. അടുത്ത വിരിപ്പുകൃഷിക്കായി കാത്തു കിടക്കുകയാണ് ഇവിടുത്തെ പാടങ്ങള്‍.

കുമരകം കൃഷിഭവന്‍ വഴി 37 പാടശേഖരങ്ങള്‍ക്കായി 1,68,79,249 രൂപയാണ്  പ്രളയ നഷ്ടപരിഹാരമായി നല്‍കിയത്. ബണ്ടുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനായി 19 പാടശേഖരങ്ങള്‍ക്ക് 8,45,880 രൂപയും കേടായ മോട്ടോറുകള്‍ മാറ്റിവയ്ക്കുന്നതിന് 13 പാടശേഖരങ്ങള്‍ക്ക് 3,68,966 രൂപയും നല്‍കി. ഇതിന് പുറമെ വിള ഇന്‍ഷുറന്‍സ് ഇനത്തില്‍ 13,54,500 രൂപയും അനുവദിച്ചു. 

date