Skip to main content
കഞ്ഞിക്കുഴി എസ്എന്‍വിഎച്ച്എസ് സ്‌കൂളിലെ  വിദ്യാര്‍ത്ഥികള്‍ പ്രളയബാധിതര്‍ക്കായി  സമാഹരിച്ച വിഭവങ്ങള്‍

വടക്കന്‍ കേരളത്തിന് സഹായഹസ്തവുമായി  ഇടുക്കിയിലെ വിദ്യാര്‍ത്ഥികള്‍

മലപ്പുറവും വയനാടും അടങ്ങുന്ന വടക്കന്‍ കേരളം മഴക്കെടുതിയില്‍ രൂക്ഷമായ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ അവര്‍ക്ക് കൈത്താങ്ങാവുകയാണ് ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും  വിദ്യാര്‍ത്ഥികളും. പ്രളയ സഹായങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം വ്യാപകമാകുകയും അതിനെതിരെ നിയമ നടപടി എടുക്കേണ്ട സാഹചര്യവും സംസ്ഥാനത്തുണ്ടായപ്പോള്‍ അതിനെയെല്ലാം പാടെ തള്ളിക്കളഞ്ഞ് ദുരിതബാധിതര്‍ക്ക്  വേണ്ടിയുള്ള വിഭവസമാഹരണത്തിന്റെ തിരക്കിലാണ് ഇടുക്കിയിലെ പുതുതലമുറ. 
കഞ്ഞിക്കുഴി എസ്എന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഒരോ കുടുംബത്തിനും ആവശ്യമായ ദൈനംദിന സാധനങ്ങളാണ് വിദ്യാര്‍ത്ഥികള്‍ സമാഹരിച്ചത്. 100 പേര്‍ അടങ്ങുന്ന എന്‍എസ്എസ് വോളന്റിയേഴ്സ് ഓരോരുത്തരും തങ്ങളുടെ വീടുകളില്‍ നിന്നും അയല്‍പക്കത്തെ അഞ്ച് വീടുകളില്‍ നിന്നുമാണ് പ്രളയബാധിതര്‍ക്കാവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ സമാഹരിച്ചത്. കൂടാതെ കഞ്ഞിക്കുഴിയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പായ, പുതപ്പ്, വസ്ത്രങ്ങള്‍, സോപ്പ്, സോപ്പുപൊടി, ചായപ്പൊടി, പേസ്റ്റ്, ബ്രഷ്, കറിപൗഡറുകള്‍, ക്ലീനിംഗ് മെറ്റിരിയല്‍സ് തുടങ്ങി ഒരു കുടുംബത്തിനാവശ്യമായതെല്ലാം സമാഹരിച്ചു.  പ്രളയ ബാധിതരായ കുട്ടികള്‍ക്ക് വേണ്ടി പഠനാവശ്യത്തിന് ബുക്കുകള്‍, പേന, പെന്‍സിലുകള്‍  തുടങ്ങി 42 ഇനം ഉത്പന്നങ്ങളാണ് സമാഹരിച്ചത്. കനത്തമഴയെ തുടര്‍ന്ന് ജില്ലയിലെ സ്‌കൂളുകള്‍ക്ക്  അവധി പ്രഖ്യാപിച്ചപ്പോളും തങ്ങളുടെ അവധി ദിവസങ്ങളിലും ദുരിതബാധിതര്‍ക്കായി സധാനങ്ങള്‍ സമാഹരിക്കുന്നതിന്റെ തിരക്കിലായിരുന്നു സ്‌കൂളിലെ  എന്‍എസ്എസ് യൂണിറ്റംഗങ്ങള്‍. കുട്ടികള്‍ ശേഖരിച്ച സാധനങ്ങള്‍ സ്‌കൂളിലെത്തിച്ച് തരംതിരിച്ച് അധ്യാപകരുടെ നേതൃത്വത്തില്‍ പായ്ക്കുചെയ്യുകയായിരുന്നു. പ്രളയബാധിതര്‍ക്ക് സഹായം ആവശ്യപ്പെട്ടെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടുകാരില്‍ നിന്നും വ്യാപാരികളില്‍ നിന്നും നല്ല സഹകരണമാണ് ലഭിച്ചതെന്ന് എന്‍എസ്എസ് വോളന്റിയര്‍ യദുകൃഷ്ണന്‍ പറഞ്ഞു.  പൂര്‍വവിദ്യാര്‍ഥികളും അധ്യാപകരും  ഉറച്ച പിന്തുണയുമായി കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍    സമാഹരിച്ച സാധനങ്ങള്‍ ഇടുക്കി താലൂക്കിലെ കളക്ഷന്‍സെന്ററിലെത്തിച്ച്  തഹസില്‍ദാര്‍ വിന്‍സന്റ് ജോസഫിന് കൈമാറി. കഞ്ഞിക്കുഴി എസ്എന്‍വിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ബൈജു എം.ബി , എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ മഞ്ജു വിശ്വംഭരന്‍, അനൂപ് പി.ജി, അധ്യാപകരായ അനീഷ് എന്‍ ഡി, ശാരി പുഷപന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ജില്ലയിലെ ഒട്ടുമിക്ക സ്‌കൂളുകളും പ്രളയബാധിതര്‍ക്ക് സഹായം സമാഹരണവുമായി മുന്നിട്ടിറങ്ങി. കഴിഞ്ഞ വര്‍ഷത്തെ പ്രളയം സാരമായി ബാധിച്ച ഇടുക്കിക്കാര്‍ക്ക് പ്രളയം തങ്ങളിലുണ്ടാക്കിയ മുറിവിന്റെ ആഴം അറിയാവുന്നതിനാല്‍ സ്‌കുള്‍, കോളേജ് വിദ്യാര്‍ത്ഥികളെയും സന്നദ്ധ സംഘടനപ്രവര്‍ത്തകരെയും മനസ്സറിഞ്ഞ് സഹായിക്കുകയാണ് നാട്ടുകാരും വ്യാപാരികളും. ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ രാജകുമാരി, എസ്എന്‍വിഎച്ച്എസ്എസ് എന്‍.ആര്‍ സിറ്റി, എസ്എസ്എം കോളേജ് രാജക്കാട്, മാര്‍ ബസേലിയോസ് കോളേജ് അടിമാലി തുടങ്ങി നിരവധി സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളാണ് പ്രളയബാധിതര്‍ക്കായി വിഭവ സമാഹരണം നടത്തുന്നത്. 
 

date